'വീണ്ടുവിചാരത്തോടെ ചെയ്ത പ്രവര്‍ത്തിയാണെന്നു തോന്നുന്നില്ല'; യു.എ.പി.എ സംഭവത്തില്‍ പൊലീസിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ
UAPA
'വീണ്ടുവിചാരത്തോടെ ചെയ്ത പ്രവര്‍ത്തിയാണെന്നു തോന്നുന്നില്ല'; യു.എ.പി.എ സംഭവത്തില്‍ പൊലീസിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd November 2019, 8:33 pm

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ കേസില്‍ പൊലീസിനെതിരെ ജസ്റ്റിസ് കെമാല്‍ പാഷ രംഗത്ത്. പൊലീസിന്റെ എടുത്തുചാട്ടമാണ് ഇതെന്നും കുറച്ചുകൂടി അന്വേഷണം നടത്തി വേണമായിരുന്നു അറസ്റ്റെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

‘നിയമം ദുരുപയോഗം ചെയ്യുന്ന സംഭവമാണിത്. വീണ്ടുവിചാരത്തോടെ ചെയ്ത പ്രവര്‍ത്തിയാണെന്നു തോന്നുന്നില്ല. അല്‍പ്പംകൂടി നോക്കാമായിരുന്നു. അവര്‍ ആരാണ്, ആരൊക്കെയായിട്ടാണു ബന്ധമുള്ളത്, എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ ഒന്ന് അന്വേഷിക്കാമായിരുന്നു. അന്വേഷിച്ചോ ഇല്ലയോ എന്നറിയില്ല. അന്വേഷിച്ചിട്ടുണ്ടെങ്കില്‍ അതു നല്ലതാണ്. ഇല്ലെങ്കില്‍ അതു കടുത്ത ദ്രോഹമാണ്.’- അദ്ദേഹം പറഞ്ഞു.

കോഴിക്കോട് അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നായി സര്‍ക്കാരിനും പൊലീസിനുമെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെ സി.പി.ഐ.എമ്മും നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എ.പി.എ ചുമത്തരുതെന്നാവശ്യപ്പെട്ട സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്, എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇതുവരെ ഒരു സന്ദര്‍ഭത്തിലും യു.എ.പി.എയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തിലും അത്തരം സമീപനം പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.

സര്‍ക്കാരിനെതിരായ പ്രചാരണം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്കു നിയമസഹായം നല്‍കില്ലെന്നു വ്യക്തമാക്കി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

യു.എ.പി.എ ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് സി.പി.ഐ.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തേണ്ട കുറ്റമല്ല. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.