ന്യൂദല്‍ഹി: പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യ കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവച്ചു. എന്ന് വിധി പറയുമെന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. 30 വര്‍ഷത്തെ അനുഭവസമ്പത്തുള്ള അഭിഭാഷകന്‍ ഇത്തരത്തില്‍ പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു.
‘മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കുഴപ്പം. മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതിലും എന്ത് തെറ്റാണുള്ളത്. മാപ്പ് എന്നത് ഒരുപാട് മുറിവുകളെ ഉണക്കാന്‍ കഴിയുന്ന വാക്കാണ്’, അരുണ്‍ മിശ്ര പറഞ്ഞു.
ജഡ്ജിമാരും അഭിഭാഷകരും ഒരു ഇന്‍സ്റ്റിറ്റിയൂഷന്റെ ഭാഗമാണെന്നും ഒന്നിച്ച് നിന്നാണ് അതിന്റെ മഹത്വം ഉയര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രശാന്ത് ഭൂഷണിനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നതു സംബന്ധിച്ചാണ് ഇന്ന് സുപ്രീംകോടതിയില്‍ വാദം നടന്നത്. കേസില്‍ അന്തിമ നിലപാട് പറയാന്‍ അറ്റോര്‍ണി ജനറലിനോട് കോടതി അവസാനഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു.
പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന വാദം അറ്റോര്‍ണി ജനറല്‍ ആവര്‍ത്തിച്ചു. പ്രശാന്ത് ഭൂഷണിന് താക്കീത് നല്‍കി വിട്ടയക്കണമെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതിയോട് പറഞ്ഞത്. ജുഡീഷ്യറിയിലെ അഴിമതിയെ പറ്റി ഇതിനു മുമ്പും മുന്‍ ജഡ്ജിമാര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.
‘ ഈ പ്രസ്താവനകള്‍ കോടതിയെ പരിഷ്‌കരിക്കാനാണ് ആവശ്യപ്പെടുന്നത്. അവര്‍ നീതിയുടെ ഭരണം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു,’ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.
പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കുകയാണെങ്കില്‍ എന്ത് ശിക്ഷ നല്‍കണം എന്ന് ജസ്റ്റിസ് അഭിഭാഷകനായ രാജീവ് ധവാനോട് ചോദിച്ചിരുന്നു. കോടതിക്ക് പ്രശാന്ത് ഭൂഷണോട് സംസാരിക്കണമെങ്കില്‍ ഭൂഷണ്‍ അതിന് തയ്യാറാണ് എന്നായിരുന്നു രാജീവ് ധവാന്റെ മറുപടി.
സുപ്രീം കോടതിയ്ക്കും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്കുമെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Prashanth Bhushan Contempt of Court Arun Mishra