| Thursday, 24th January 2019, 11:30 am

സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ നിയമനത്തിനെതിരായ ഹരജി; രഞ്ജന്‍ ഗൊഗോയ്ക്ക് പിന്നാലെ സിക്രിയും പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇടക്കാല സി.ബി.ഐ ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരെയുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജസ്റ്റിസ് എ. സിക്രിയും പിന്മാറി. നാഗേശ്വര്‍ റാവുവിന് ചുമതല നല്‍കിയത് സിക്രി കൂടി ഉള്‍പ്പെട്ട സമിതിയായിരുന്നു.

നഗേശ്വര റാവുവിന്റെ നിയമനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി പിന്മാറി ദിവസങ്ങള്‍ക്കകമാണ് സിക്രിയുടെ തീരുമാനം.

അലോക് വര്‍മ്മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി നാഗേശ്വര റാവുവിനെ നിയമിച്ച സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു ജസ്റ്റിസ് സിക്രി. ഇത് ചൂണ്ടിക്കാട്ടിയാണ് സിക്രി വാദം കേള്‍ക്കലില്‍ നിന്നും പിന്മാറിയത്. “നിഷ്പകഷ്മായി വാദം കേള്‍ക്കേണ്ടതുണ്ടെന്നതു കൊണ്ട് എനിക്ക് വാദം കേള്‍ക്കാന്‍ കഴിയില്ല. എന്റെ സാഹചര്യം നിങ്ങള്‍ മനസ്സിലാക്കണം”- ഹരജിക്കാരനെ പ്രതിനിധീകരിക്കുന്ന അഡ്വക്കറ്റ് ദുശ്യന്ത് ഡേവിനോട് സിക്രി പറഞ്ഞു.

Also Read കോണ്‍ഗ്രസില്‍ എത്ര സ്ത്രീ പ്രവര്‍ത്തകരുണ്ട്, അവരൊന്നും ആക്ടിവിസ്റ്റുകളല്ലേ: കെ. സുധാകരനെതിരെ കെ. അജിത

സിക്രിയുടെ പിന്മാറ്റം തന്നെ നിരാശപ്പെടുത്തുന്നതായി ഡേവ് പറഞ്ഞു. “ഇത് കൂടുതല്‍ നിരാശപ്പെടുത്തുന്നു. ഈ വിഷയത്തില്‍ കോടതിക്ക് വാദം കേള്‍ക്കേണ്ടെന്ന് പ്രതീതിയാണിത് ഉണ്ടാക്കുന്നത്. ഇപ്പോള്‍ നിങ്ങളും ഈ വിഷയത്തില്‍ നിന്ന് നിഷ്പക്ഷമായി വിട്ടു നില്‍ക്കുകയാണ്”- ഡേവ് പറഞ്ഞു.

പുതിയ സി.ബി.ഐ ഡയരക്ടറെ നിയമിക്കുന്ന ഹൈ പവര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ പങ്കെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വാദം കേള്‍ക്കുന്നതില്‍ നിന്നും മാറി നിന്നത്. ഇതിനു പിന്നാലെ ആയിരുന്നു വാദം കേള്‍ക്കാന്‍ ജസ്റ്റിസ് സിക്രിയെ ചുമതലപ്പെടുത്തിയത്. ജനുവരി 25ന് മറ്റൊരു ബെഞ്ച് ആയിരിക്കും ഈ വിഷയത്തില്‍ ഇനി വാദം കേള്‍ക്കുക.

Also Read സാമ്പത്തിക ക്രമക്കേട്, വഞ്ചനാകുറ്റം; മുൻ ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവി ചന്ദ കൊച്ചാറിനും ഭർത്താവിനുമെതിരെ സി.ബി.ഐ. എഫ്.ഐ.ആർ. ഫയൽ ചെയ്തു

നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന സെലക്ഷന്‍ കമ്മിറ്റി ഇന്ന് പുതിയ സി.ബി.ഐ ഡയരക്ടറെ നിയമിക്കുമെന്നാണ് കരുതുന്നത്. അലോക് വര്‍മ്മയെ പുറത്താക്കാനുള്ള തീരുമാനത്തെ മൂന്നംഗ കമ്മിറ്റിയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ മാത്രമായിരുന്നു എതിര്‍ത്തത്.

സുപ്രീം കോടതി അലോക് വര്‍മ്മയെ സി.ബി.ഐ ഡയരക്ടര്‍ ആയി വീണ്ടും നിയമിച്ചതിന് ദിവസങ്ങള്‍ക്കമായിരുന്നു സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ പുറത്താക്കിയതെന്നും ശ്രദ്ധേയമായിരുന്നു.

അലോക് വര്‍മ്മയെ തിരികെ സി.ബി.ഐ ഡയരക്ടര്‍ ആയി നിയമിച്ചു കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത് താനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രജ്ഞന്‍ ഗൊഗോയ് ജസ്റ്റിസ് സിക്രിയെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അയച്ചത്.

ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് എന്നിവരടങ്ങുന്നതാണ് ഹൈ പവര്‍ സെലക്ഷന്‍ കമ്മിറ്റി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more