ന്യൂദല്‍ഹി: ന്യൂനപക്ഷങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ കോടതികള്‍ നോക്കുകുത്തികളാകുന്നുവെന്ന് റിട്ട. ജസ്റ്റിസ് എ.പി. ഷാ. ഗോമൂത്രത്തിന്റെ ഗുണങ്ങളെ പുകഴ്ത്തുകയും മനുസ്മൃതിയെ പ്രതിപാദിക്കുകയും ചെയ്യുന്ന ജഡ്ജിമാര്‍ ഭൂരിപക്ഷത്തിന്റെ ഭാഷ സംസാരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ സംഘടിപ്പിച്ച ഡി.എസ്. ബോര്‍ക്കര്‍ സ്മാരക പ്രഭാഷണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ലോ കമ്മീഷന്‍ ചെയര്‍പേഴ്സണുമൊക്കെയായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ഷായുടെ പരാമര്‍ശം.
സുപ്രീം കോടതി ജഡ്ജി സഞ്ജയ് കിഷന്‍ കൗള്‍, ദല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അനുപ് സുരേന്ദ്രനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഒരുകാലത്ത് ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷയായിരുന്ന ഹൈക്കോടതികളില്‍ നിന്ന് നിരാശജനകമായ നിലപാടുകളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ സംവിധാനങ്ങളായിരുന്നു ഹൈക്കോടതികള്‍. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന ഹൈക്കോടതികളുടെ റോള്‍ ആര്‍ക്കും വിസ്മരിക്കാനാകില്ല.
എന്നാല്‍ ആ പ്രതീക്ഷകള്‍ക്ക് കോട്ടംതട്ടുന്ന ഇടപെടലുകളാണ് സമീപ കാലത്ത് ഹൈക്കോടതികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നിയമത്തിന്റെ ദുരുപയോഗവും ഏകപക്ഷീയമായ ചില ഉത്തരവുകളും കോടതികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു.
എന്തെങ്കിലും പ്രശ്‌നത്തിന്റെ കൃത്യമായ പരിഹാരത്തിനായി വ്യക്തികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ്. ജഡ്ജിമാര്‍ ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഗുണങ്ങളെ പുകഴ്ത്തുന്നതും മനുസ്മൃതി ആവാഹിക്കുന്നതും ഭൂരിപക്ഷ ഭാഷ സംസാരിക്കുന്നതും കാണുന്നതും വിഷമകരമാണ്,’ എ.പി. ഷാ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യമെന്നാണ് നിലവിലെ ബി.ജെ.പി ഭരണകൂടത്തെ ജസ്റ്റിസ് വിശേഷിപ്പിച്ചത്.
‘ഇന്ത്യയില്‍ വര്‍ഗീയ ശക്തികളുടെ ഉദയം ഞാന്‍ കാണുന്നു. ഹിന്ദു രാഷ്ട്രം, ഹിന്ദു രാഷ്ട്രം, ഹിന്ദു ജാതി, ഹിന്ദു സംസ്‌കൃതം എന്നീ വിനായക് സര്‍വകറിന്റെ ആദര്‍ശം സാക്ഷാത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.
ന്യൂനപക്ഷങ്ങള്‍ ഭയപ്പാടോടെ ജീവിതം നയിക്കുന്ന ഒരു ഘട്ടത്തിലേക്ക് കാര്യം മാറിയിരിക്കുന്നു. നൂഹിലും ദല്‍ഹിയിലും നടന്നതുപോലുള്ള സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ക്കുള്ള ഉപരോധം ബുള്‍ഡോസര്‍ രാഷ്ട്രീയം തുടങ്ങിയവ ഈ സാഹചര്യം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്,’ എ.പി. ഷാ പറഞ്ഞു.
Content Highlight: Justice A.P. Shah When the minorities are in fear, the courts become vigilant.