| Monday, 6th August 2018, 10:32 am

ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന്‍ ഒടുവില്‍ കമ്യൂണിസ്റ്റായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു കെ.ജി ബാലകൃഷ്ണന്റെ മരുമകനും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.വി. ശ്രീനിജന്റെ അംഗത്വം അംഗീകരിച്ച് സി.പി.ഐ.എം. എളമക്കര കീര്‍ത്തി നഗര്‍ ബ്രാഞ്ചിലാണ് ശ്രീനിജന്‍ അംഗമാവുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കാന്‍ഡിഡേറ്റ് അംഗത്വം നല്‍കിയിരുന്ന ശ്രീനിജന്റെ അംഗത്വം പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഇനി അത് ബ്രാഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറയ്ക്ക്് ശ്രീനിജന് ബ്രാഞ്ച് യോഗങ്ങളില്‍ പങ്കെടുക്കാം.

മഹാരാജാസ് കോളേജിലും എറണാകുളം ലോ കോളേജിലും കെ.എസ്.യു. നേതാവായിരുന്ന ശ്രീനിജന്‍ വിവാഹശേഷം യു.കെ.യില്‍ ഉപരിപഠനത്തിനു പോവുകയായിരുന്നു. പിന്നീട് 2006-ല്‍ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹം കേരളത്തിലേക്ക് എത്തുന്നത്.


Read Also  : രാഷ്ട്രപതിക്ക് ബോംബ് ഭീഷണി; തൃശൂരില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍


ആ തെരഞ്ഞെടുപ്പില്‍ 2,631 വോട്ടിന് സി.പി.എമ്മിലെ എം.കെ. പുരുഷോത്തമനോട് പരാജയപ്പെട്ട അദ്ദേഹം പിന്നീട് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റാവുകയായിരുന്നു.

കോണ്‍ഗ്രസില്‍ “ഐ” വിഭാഗത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജന്‍ യൂത്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് “എ” വിഭാഗവുമായി അടുത്തു. ഇതോടെ “ഐ” വിഭാഗത്തിന് അനഭിമതനായി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മത്സരിക്കാന്‍ കച്ചകെട്ടിയെങ്കിലും ഭൂമി ഇടപാടുകള്‍ അടക്കമുള്ള വിവാദങ്ങള്‍ ശ്രീനിജനെതിരേ വന്നതോടെ സീറ്റ് വി.പി. സജീന്ദ്രന് നല്‍കുകയായിരുന്നു.


Read Also : പത്തനംതിട്ടയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്നു


ഈ അട്ടിമറിക്ക് പ്രതികാരമെന്ന നിലയില്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ ശ്രീനിജന്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയാവുമെന്നും സി.പി.ഐ.എം. പിന്തുണയ്ക്കുമെന്നും പ്രചാരണം ഉണ്ടായി. എന്നാല്‍, ശ്രീനിജന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി രംഗത്തിറങ്ങുകയായിരുന്നു. അതിനു ശേഷം സി.പി.എമ്മിനോട് ആഭിമുഖ്യം പുലര്‍ത്തി വരുന്ന ശ്രീനിജന്‍ അനുഭാവി ഗ്രൂപ്പില്‍ സജീവമായിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ അംഗമായിരിക്കുന്നത്.

We use cookies to give you the best possible experience. Learn more