| Sunday, 16th October 2022, 4:52 pm

ബാലറ്റ് പേപ്പറില്‍ '1' എന്നെഴുതുന്നത് ഖാര്‍ഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമെന്ന് തരൂര്‍; ടിക്ക് മാര്‍ക്ക് ഇട്ടാല്‍ മതിയെന്ന് തെരഞ്ഞെടുപ്പ് സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറില്‍ സ്ഥാനര്‍ത്ഥിയുടെ പേരിന് നേരെ ടിക്ക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ മതിയെന്ന് തെരഞ്ഞെടുപ്പ് സമിതി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എം.പിയുടെ പരാതിയെത്തുടര്‍ന്നാണ് മാറ്റം.

വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെയാണ് തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് മുമ്പില്‍ പരാതിയുമായി എത്തിയത്. ബാലറ്റ് പേപ്പറില്‍ ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും. ടിക്ക് മാര്‍ക്ക് ഇടുന്നതാണ് അഭികാമ്യമെന്നാണ് തരൂര്‍ പറഞ്ഞത്.

വോട്ട് നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ നേര്‍ക്ക് ഒന്ന് (1) എന്നെഴുതണമെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതി നിര്‍ദേശം. ഗുണന ചിഹ്നമോ, ശരി മാര്‍ക്കോ ഇട്ടാല്‍ വോട്ട് അസാധുവാകുമെന്നായിരുന്നു നിര്‍ദേശത്തിലുണ്ടായിരുന്നത്. ഇത് ബാലറ്റ് പേപ്പറില്‍ ആദ്യം പേരുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂര്‍ കുറ്റപ്പെടുത്തി.

അതേസമയം, വോട്ടര്‍ പട്ടികക്കെതിരായ ശശി തരൂരിന്റെ പരാതി നേരത്തെ തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. ഒമ്പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടികയില്‍ മൂവായിരത്തോളം പേരുടെ ഫോണ്‍ നമ്പറോ വിലാസമോ ഇല്ലായിരുന്നു. വോട്ടര്‍ പട്ടികയില്‍ വ്യക്തത ആവശ്യപ്പെട്ടായിരുന്നു തരൂരിന്റെ ആദ്യ പരാതി.

തുടര്‍ന്ന് വിശദാംശങ്ങള്‍ സംഘടിപ്പിച്ച് പുതിയ പട്ടിക സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തരൂരിന് കൈമാറിയിരുന്നു. പുതുക്കി നല്‍കിയ പട്ടികയില്‍ ആദ്യമുണ്ടായിരുന്ന അഞ്ഞൂറ് പേരെ മാറ്റി പുതിയ അറുനൂറ് പേരെ ചേര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് സമിതിയെ തരൂര്‍ പരാതി അറിയിച്ചു.

എന്നാല്‍ പട്ടികയിലെ മാറ്റത്തെ കുറിച്ച് വ്യക്തത വരുത്താന്‍ തയ്യാറാകാത്ത സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തരൂരിന്റെ പരാതി തള്ളിക്കളഞ്ഞു. ഒരേ പട്ടിക നല്‍കിയിട്ട് ഖാര്‍ഗെക്ക് പരാതിയില്ലല്ലോയെന്ന് ചോദ്യവും തരൂരിന് നേരെയുണ്ടായി. ഖാര്‍ഗെക്കും തരൂരിനും നല്‍കിയത് ഒരേ വോട്ടര്‍ പട്ടികയാണെന്ന് മിസ്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുക. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെയും തരൂരിന്റെയും പ്രചരണം ഇന്നവസാനിക്കും. രണ്ട് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ ഏറെയാണ്.

നാളെ രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. എ.ഐ.സി.സികളിലും പി.സി.സികളിലുമായി 67 ബൂത്തുകള്‍. ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്ത് എന്നിങ്ങനെയാണ് വോട്ടെടുപ്പിനുള്ള സജ്ജീകരണങ്ങള്‍.

എ.ഐ.സി.സി, പി.സി.സി അംഗങ്ങളായ ഒമ്പതിനായിരത്തി മുന്നൂറ്റി എട്ട്(9,308) വോട്ടര്‍മാര്‍. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുക. ബാലറ്റ് പെട്ടികള്‍ വിമാന മാര്‍ഗം ദല്‍ഹിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

Content Highlight: Just put a tick mark on Ballot paper; Congress central election authority’s decision on AICC President election

We use cookies to give you the best possible experience. Learn more