| Saturday, 7th November 2020, 5:45 pm

അര്‍ണബിന്റെ അറസ്റ്റിലെ ബി.ജെ.പി നിലപാട് ട്രംപിന്റേതിന് സമാനം; ഇന്ദിരയുമായി ഉദ്ദവിനെ താരതമ്യം ചെയ്യുന്നത് അഭിമാനമെന്ന് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെ ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രകടനത്തോടുപമിച്ച് ശിവസേന. സേന മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് ഗോസ്വാമിയുടെ അറസ്റ്റിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാജയത്തോട് ഉപമിച്ചത്.

‘ട്രംപിനെപോലെ, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, വോട്ടുകള്‍ എണ്ണരുതെന്ന് പറയുന്നു, അതിനെതിരെ കോടതിയില്‍ പോകുമെന്ന് പറയുന്നു. ആത്മഹത്യപ്രേരണ കേസിലെ പ്രതിയ്ക്കായി മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കള്‍ പ്രതിഷേധം നടത്തുന്നത് കാണുമ്പോള്‍ ഇതാണ് ഓര്‍മ്മവരുന്നത്’, സാമ്‌നയില്‍ പറയുന്നു.

അതേസമയം മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭരണം അടിയന്തരാസ്ഥയ്ക്ക് സമാനമെന്ന നിലയില്‍ സംസ്ഥാനത്താകെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തെയും സാമ്‌നയിലെ ലേഖനം വിമര്‍ശിച്ചു.

‘ഉദ്ദവ് താക്കറെയെയും ഇന്ദിരഗാന്ധിയേയും ഉപമിച്ച് പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ബി.ജെ.പിയുടെ സമനില തെറ്റിയെന്ന് വേണം കണക്കാക്കാന്‍. തികഞ്ഞ അജ്ഞതയാണിത്. ഇന്ദിരാ ഗാന്ധിയുമായി ഉദ്ദവിനെ താരതമ്യം ചെയ്യുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണ്’- ലേഖനത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്അര്‍ണബ് ഗോസ്വാമിയെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

അതേസമയം, അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേകര്‍, സ്മൃതി ഇറാനി, അമിത് ഷാ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേകറിന്റെ പ്രതികരണം.

അര്‍ണബിനെ പിന്തുണയ്ക്കാത്തവര്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.

അതേസമയം അര്‍ണബിനെതിരെ ഒരു പുതിയ എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു എന്ന് കാണിച്ച് എന്‍.എം ജോഷി മാര്‍ഗ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തെന്നാണ് കേസ്. അര്‍ണബ് തന്നെ ആക്രമിച്ചുവെന്ന് കാട്ടി വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിരുന്നു.

ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് നിസഹകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Shivasena slams bjp in arnab goswami’s arrest

We use cookies to give you the best possible experience. Learn more