തെൽ അവീവ്: ഒക്ടോബർ ഏഴിന് ഹമാസിൽ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തെ പ്രതിരോധിക്കാൻ ‘ഹാനിബൽ പ്രോട്ടോകോൾ’ പ്രകാരം സ്വന്തം പൗരന്മാർക്ക് നേരെ ഇസ്രഈൽ വെടിയുതിർത്തതായി സംശയം.
ഇസ്രഈലി സൈനികരെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ എന്തുവേണമെങ്കിലും ചെയ്യാൻ അനുവാദം നൽകുന്ന വിവാദ പ്രോട്ടോകോളാണ് ഹാനിബൽ.
ഇസ്രഈലിലെ ചാനൽ 12 ന്യൂസിന് ഇസ്രഈലി ടാങ്ക് യൂണിറ്റിലെ സൈനികൻ നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് ഒക്ടോബർ ഏഴിന് ഇസ്രഈലികൾ കൊല്ലപ്പെട്ടതിൽ ഇസ്രഈൽ സേനക്കും പങ്കുണ്ടോ എന്ന സംശയം ചർച്ചയായത്.
തീവ്രവാദികൾ ഉണ്ടെന്ന സംശയത്തിൽ അതിർത്തിയിലെ ഇസ്രഈലി സെറ്റിൽമെന്റിന് നേരെ മെഷീൻ ഗൺ ഉപയോഗിച്ചുവെന്നാണ് ഇസ്രഈൽ സേനയിലെ ലെഫ്റ്റനന്റായ മിഷൽ ചാനൽ 12നോട് പറഞ്ഞത്.
‘ഞങ്ങൾ കോമ്പൗണ്ടിന്റെ കവാടത്തിൽ എത്തിയപ്പോൾ ഗേറ്റ് അടച്ചിരിക്കുകയായിരുന്നു. ഒരു സൈനികൻ ഭയന്നുകൊണ്ട് എന്റെ അരികിലേക്ക് വന്ന് തീവ്രവാദികൾ കയറിയിട്ടുണ്ട് എന്നു പറഞ്ഞു. ഞങ്ങൾ കോമ്പൗണ്ടിൽ പ്രവേശിച്ച് ടാങ്ക് കൊണ്ട് ഗേറ്റ് തകർത്തു. എന്നിട്ട് ഞങ്ങൾ സൈനികൻ കാണിച്ച ദിശ പിന്തുടർന്ന് പോയി.
തുടർന്ന് അവിടേക്ക് വെടിവെയ്ക്കൂ, തീവ്രവാദികൾ അവിടെയാണുള്ളത് എന്ന് സൈനികൻ എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ അയാളോട് അവിടെ ഇസ്രഈലി സിവിലിയന്മാർ ഉണ്ടോ എന്ന് ചോദിച്ചു. അപ്പോൾ അയാളുടെ മറുപടി അതൊന്നും തനിക്കറിയില്ലെന്നും വെടിവയ്ക്കാനുമായിരുന്നു.
അതൊരു ഇസ്രഈലി സെറ്റിൽമെന്റ് ആയതുകൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് ഷെല്ലാക്രമണം നടത്തേണ്ട എന്ന് ഞാൻ തീരുമാനിച്ചു. പകരം ഒരു മെഷീൻ ഗൺ ഉപയോഗിച്ച് ഒരു വീടിന്റെ എൻട്രൻസിലേക്ക് ഞാൻ വെടിയുതിർത്തു,’ അവർ പറഞ്ഞു.
ഇസ്രഈൽ ഗസ അതിർത്തിയിലെ സൈനിക മേഖലയിലും ഇസ്രഈൽ സെറ്റിൽമെന്റുകളിലും ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ പ്രതിരോധിക്കാൻ ഹാനിബൽ പ്രോട്ടോകോൾ നടപ്പിലാക്കിയതായി ഇസ്രഈലി സേനയുടെ പൈലറ്റ് അറിയിച്ചതിന് പിന്നാലെയാണ് ചാനൽ 12ന്റെ റിപ്പോർട്ട് പുറത്തുവന്നത്.
ഒക്ടോബർ ഏഴിന് ഇസ്രഈലിലെ മ്യൂസിക് ഫെസ്റ്റിവൽ ആക്രമിക്കാൻ ഹമാസ് ലക്ഷ്യമിട്ടിരുന്നില്ല എന്നും ഫെസ്റ്റിവലിൽ പങ്കെടുത്ത ആളുകളുടെ മരണങ്ങൾക്ക് ഇസ്രഈലി സൈന്യത്തിനും ഉത്തരവാദിത്തമുണ്ടെന്നും ഇസ്രഈലി പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ 1,400 പേർ കൊല്ലപ്പെട്ടതായി അറിയിച്ച ഇസ്രഈൽ പിന്നീട് ഇത് തിരുത്തി 1,200 പേരാണ് കൊല്ലപ്പെട്ടത് എന്ന് അറിയിക്കുകയായിരുന്നു.