” അതെ, മുഖ്യമന്ത്രി സ്ഥാനത്തിനുള്ള നോമിനി ഞാനാണ്. പാര്‍ട്ടി ഈ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിക്കുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്.” പങ്കജ മുണ്ടെ പറഞ്ഞു.
താനാണ് ബി.ജെ.പിയുടെ “യഥാര്‍ത്ഥ ജനപ്രിയ നേതാവ്” എന്നും മറ്റുള്ളവരെല്ലാം “മെട്രോ നേതാക്കളാ”ണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബീഡിലെ മുണ്ടെയുടെ നിയോജക മണ്ഡലമായ പാര്‍ലിയില്‍ തിരഞ്ഞെടുപ്പ് കാമ്പെയ്‌നിന് ശേഷം മുംബൈയിലെത്തിയതായിരുന്നു മുണ്ടെ.
മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത് ദേവേന്ദ്ര ഫദ്‌നാവിസ്, എക്‌നാത് ഖാദ്‌സെ, വിനോദ് തോഡെ, പങ്കജ, സുധിര്‍ മുന്‍ഗന്ധിവാര്‍ എന്നിവരുടെ പേരുകളാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പങ്കജയ്ക്ക് പരിചയം കുറവല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അവര്‍ക്ക് മറുപടിയുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നവരില്‍ എക്‌നാത് ഖാദ്‌സെയ്ക്ക് മാത്രമാണ് മുന്‍പരിചയം അവകാശപ്പെടാനുള്ളത്. ശിവസേന-ബി.ജെ.പി മന്ത്രിസഭയില്‍ അദ്ദേഹം മന്ത്രിയായിരുന്നു. മറ്റൊരാള്‍ക്കും പരിചയം അവകാശപ്പെടാനാവില്ലെന്നും പങ്കജ വ്യക്തമാക്കി.
മഹാരാഷ്ട്ര ജനതയെ മുഴുവന്‍ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവായിരുന്നു തന്റെ പിതാവ് ഗോപിനാഥ് മുണ്ടെയെന്നും അവര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് നിര്‍ദേശിക്കപ്പെട്ട മറ്റെല്ലാ നേതാക്കളും അതത് മണ്ഡലങ്ങളില്‍ മാത്രം പ്രവര്‍ത്തനം ഒതുക്കുകയാണ്. എന്നാല്‍ താന്‍ അടിവേര് മുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. അവര്‍ തന്നേക്കാള്‍ സീനിയര്‍മാരാണെന്ന് സമ്മതിക്കുന്നു. എന്നാല്‍ താന്‍ ഒരുപ്രാവശ്യം എം.എല്‍.എ മാത്രം ആയ ആളല്ല. ബി.ജെ.പിയുടെ യുവജന പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുകയും സംസ്ഥാനം മുഴുവന്‍ റാലി സംഘടിപ്പിക്കുകയും ചെയ്തയാളാണ്.
മുണ്ടെ മരിച്ചതിന് ശേഷം മാത്രമാണ് ഈ നേതാക്കളെല്ലാം മഹാരാഷ്ട്രയിലെ നേതൃനിരയിലേക്ക് വന്നത്. മുണ്ടെ ഏറ്റവും മുകളില്‍ വന്നിരുന്നെങ്കില്‍ ഇവരെല്ലാം എട്ടും ഒമ്പതും സ്ഥാനത്താവുമായിരുന്നെന്നും പങ്കജ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ അധികാര തര്‍ക്കത്തിനുള്ള സാധ്യത വ്യക്തമാക്കുന്നതാണ് പങ്കജ മുണ്ടെയുടെ അഭിപ്രായ പ്രകടനം.
2014 ജൂണ്‍ 3നായിരുന്നു വാഹനാപകടത്തെത്തുടര്‍ന്ന് ഗോപിനാഥ് മുണ്ടെ മരിച്ചത്. ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.