Kerala News
ഉന്നയിക്കുന്നത് സ്ത്രീ ആയതുകൊണ്ട് മാത്രം ആരോപണം സത്യമാകണമെന്നില്ല: ലൈംഗികാരോപണ പരാതികളില്‍ വിശദ അന്വേഷണം വേണമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 01, 02:31 am
Saturday, 1st March 2025, 8:01 am

കൊച്ചി: വ്യാജ ലൈംഗികാരോപണ പരാതികള്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. പരാതി ഉന്നയിക്കുന്നത് സ്ത്രീ ആയതുകൊണ്ട് മാത്രം ആരോപണം സത്യമാകണമെന്നില്ലെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതി വിധി.

ആരോപണത്തില്‍ പ്രതിയുടെ ഭാഗം കൂടി വ്യക്തമായി പൊലീസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് പരാതി വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കാതെ പക്ഷപാതരഹിതമായ അന്വേഷണമാണ് നടക്കേണ്ടതെന്നും കോടതി പറഞ്ഞു. ഈ വിഷയത്തില്‍ മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് പൊലീസ് ഭയപ്പെടേണ്ടതില്ല, പൂര്‍ണമായ നിയമസംരക്ഷണം ഉറപ്പുവരുത്തുമെന്നും കോടതി പറഞ്ഞു.

നിരപരാധികള്‍ക്കെതിരെ വളരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ വ്യാജമായി ആരോപിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പണം കൈമാറിയാല്‍ മാനം വീണ്ടെടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

ലൈംഗികാതിക്രമ പരാതിയില്‍ കാസര്‍ഗോഡ് ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കണ്ണൂര്‍ സ്വദേശിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.

മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ജീവനക്കാരിയായിരുന്ന യുവതിയുടേതാണ് പരാതി. ഇതേ സ്ഥാപനത്തില്‍ മാനേജരായിരുന്ന പ്രതി ജോലിയില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി യുവതിയെ പിരിച്ചുവിട്ടിരുന്നു.

തുടര്‍ന്ന് യുവതി പ്രതി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പരാതിയില്‍ നടപടിയുണ്ടായില്ല.

പിന്നാലെ ലൈംഗിക താത്പര്യത്തോടെ പ്രതി കൈയില്‍ കയറി പിടിച്ചെന്ന് ആരോപിച്ച് യുവതി രണ്ടാമതൊരു പരാതി കൊടുക്കുകയും അതിന്മേല്‍ പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രസ്തുത കേസിലാണ് ഹൈക്കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Content Highlight: Just because a woman makes the allegation doesn’t mean it’s true: Court says abuse-allegation complaints should be thoroughly investigated