| Tuesday, 28th February 2023, 7:55 pm

'അതൊരു ഫുട്ബോൾ മത്സരമായിരുന്നു'; സീരിയസായിട്ട് എടുക്കണ്ട; വിമർശകർക്ക് മറുപടിയുമായി എമിലിയാനോ മാർട്ടീനെസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തറിൽ വെച്ച് നടന്ന ഫിഫ ലോകകപ്പ് ടൂർണമെന്റിൽ മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് എമിലിയാനോ മാർട്ടീനെസ്. ഫൈനലിൽ ഉൾപ്പെടെ മിന്നും പ്രകടനം കാഴ്ചവെച്ച മാർട്ടീനെസിന്റെ മികവിലാണ് അർജന്റീന ലോകകപ്പ് നേടിയത്.

എന്നാൽ ലോകകപ്പ് ഫൈനലിന് ശേഷം മാർട്ടീനെസിനെതിരെ വ്യാപകമായ രീതിയിൽ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.

ലോകകപ്പ് പുരസ്കാരദാന ചടങ്ങിൽ എംബാപ്പെയെ കളിയാക്കി അശ്ലീല ആംഗ്യം കാണിച്ചതും ഡ്രെസിങ്‌ റൂമിൽ വെച്ച് എംബാപ്പെക്ക് വേണ്ടി മൗനമാചരിക്കാൻ ടീമിലെ സഹ താരങ്ങളോട് ആവശ്യപ്പെട്ടതും പിന്നീട് ബ്യൂനസ് ഐറിസിൽ വെച്ച് നടന്ന വിക്ടറി പരേഡിൽ എംബാപ്പെയുടെ ചിത്രം ഒരു പാവയുടെ മുഖത്ത് പതിച്ചതുമൊക്കെ വലിയ വിമർശനങ്ങൾക്കിടയാക്കിയ സംഭവങ്ങളായിരുന്നു.

എന്നാലിപ്പോൾ ഫിഫ ദ ബെസ്റ്റിലെ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നൽകിയ അഭിമുഖത്തിൽ ലോകകപ്പിന് ശേഷമുള്ള സംഭവങ്ങൾ വെറും മത്സരത്തിനിടയിലുള്ള കാര്യങ്ങൾ മാത്രമാണെന്നും സീരിയസായിട്ടെടുക്കരുതെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് എമിലിയാനോ മാർട്ടീനെസ്.

ടി.എം.സിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
“അതൊരു മത്സരം മാത്രമായിരുന്നു. സത്യമായിട്ടും എനിക്ക് ഫ്രാൻസിനെ വലിയ ഇഷ്ടമാണ്. വെക്കേഷനായി നിരവധി തവണ ഞാൻ ആ രാജ്യത്തിലേക്ക് പോയിട്ടുണ്ട്. ആസ്റ്റൺ വില്ലയിൽ രണ്ട് ഫ്രഞ്ച് താരങ്ങളാണ് എന്റെ റൂം മേറ്റായിട്ടുള്ളത്,’ മാർട്ടീനെസ് പറഞ്ഞു.

“ലോകകപ്പ് ഫൈനലിൽ മികച്ച പ്രകടനമാണ് ഫ്രാൻസ് കാഴ്ച വെച്ചത്. അവർ കഴിഞ്ഞ തവണത്തെ നേഷൻസ് ലീഗ് ചാമ്പ്യൻമാരാണ്. വലിയ ഭാവിയാണ് ഫ്രഞ്ച് ഫുട്ബോളിനുള്ളത്,’ മാർട്ടീനെസ് കൂട്ടിച്ചേർത്തു.

അതേസമയം പ്രീമിയർ ലീഗിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന മാർട്ടീനെസിന്റെ ക്ലബ്ബ് ആസ്റ്റൺ വില്ല നിലവിൽ പ്രീമിയർ ലീഗിൽ പതിനൊന്നാം സ്ഥാനത്താണ്. 24 മത്സരങ്ങളിൽ നിന്നും ഒമ്പത് വിജയങ്ങളുമായി 38 പോയിന്റുകളാണ് ലീഗിൽ ക്ലബ്ബിന്റെ സമ്പാദ്യം.

Content Highlights:Just a football match” – Emi Martinez opens up on controversial celebration against France

We use cookies to give you the best possible experience. Learn more