സൂര്യനെല്ലി: പെണ്‍കുട്ടി വഴിപിഴച്ചവളെന്ന് ജസ്റ്റിസ് ആര്‍. ബസന്ത്
Kerala
സൂര്യനെല്ലി: പെണ്‍കുട്ടി വഴിപിഴച്ചവളെന്ന് ജസ്റ്റിസ് ആര്‍. ബസന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th February 2013, 2:03 pm

മലപ്പുറം: 41 ദിവസം 40 ഓളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച പെണ്‍കുട്ടിയെ അധിക്ഷേപിച്ച് സൂര്യനെല്ലി കേസില്‍ വിധി പറഞ്ഞ ഹൈക്കോടതി മുന്‍ ജഡ്ജി.

പെണ്‍കുട്ടി ചെയ്തത് ബാല വേശ്യാവൃത്തിയാണ്. ബാല വേശ്യാവൃത്തി ബാലാത്സംഗമല്ലെന്നും അത് അസന്മാര്‍ഗ്ഗികമാണെന്നും ജസ്റ്റിസ് ആര്‍. ബസന്ത് പറഞ്ഞു.[]

ഇന്ത്യാവിഷനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. പെണ്‍കുട്ടി ചെയ്തത് ബാലവേശ്യാവൃത്തിയാണെന്നതിന് സുദൃഢമായ തെളിവുകളുണ്ട്. അവള്‍ വഴി പിഴച്ചവളാണ്. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതി വിധിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥിനിയായിരിക്കേ പെണ്‍കിട്ടി തട്ടിപ്പ് നടത്തിയെന്നും ജസ്റ്റിസ് ബസന്ത് പറഞ്ഞു. രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ല.

കേസില്‍ എന്റെ പ്രതികരണമാണ് എന്റെ വിധി. കേസില്‍ വിധിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ തന്നെ ബസന്ത് ഇന്നും ഉറച്ച് നില്‍ക്കുകയാണ്. അങ്ങേയറ്റം മോശമായ അഭിപ്രായങ്ങളായിരുന്നു പെണ്‍കുട്ടിക്കെതിരെ ഹൈക്കോടതി വിധിയില്‍ ബസന്ത് പറഞ്ഞിരുന്നത്.

പി.ജെ കുര്യന്‍ തിരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് കേസില്‍ കോടതിയുടെ സമീപനം മാറിയതെന്നത് ശരിയല്ല.

കേസില്‍ ഹൈക്കോടതി വിധിയില്‍ ഞെട്ടിയെന്ന് പറഞ്ഞ സുപ്രീം ഹൈക്കോടതി വിധി ശരിയായി വായിച്ചിട്ടില്ലെന്നും വായിക്കാത്തവന്‍ ഞെട്ടിയാല്‍ ഞെട്ടുമെന്നും ബസന്ത് പറഞ്ഞു.

സൂര്യനെല്ലി കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കേസില്‍ മൂന്നാഴ്ച്ചക്കകം മുഴുവന്‍ പ്രതികളും കീഴടങ്ങണമെന്നും ആറ് മാസത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി വിധിക്കുകയും ചെയ്തിരുന്നു.

എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതെ വിട്ടതെന്ന് ചോദിച്ച സുപ്രീം കോടതി ധര്‍മരാജന്റെ തെളിവുകള്‍ മാത്രം അടിസ്ഥാനപ്പെടുത്തി മറ്റ് പ്രതികളെ വെറുതെ വിട്ടത് ഞെട്ടിപ്പിക്കുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പെണ്‍കുട്ടിയുമായി  കേസിലെ 35 പ്രതികളും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് കുട്ടിയുടെ സമ്മതപ്രകാരമാണെന്നും പെണ്‍കുട്ടിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും മറ്റുമായിരുന്നു കേരള ഹൈക്കോടതി വിധിച്ചിരുന്നത്. ജസ്റ്റിസ് ബസന്തും ജസ്റ്റിസ് അബ്ദുല്‍ ഗഫൂറും ചേര്‍ന്നായിരുന്നു അന്ന് വിധി പുറപ്പെടുവിച്ചത്.