കശ്മീര്‍ ഫയല്‍സ് പ്രൊപഗണ്ട സിനിമ തന്നെ; നദാവ് ലാപ്പിഡിനെ പിന്തുണച്ച് വിദേശ ജൂറി അംഗങ്ങള്‍
Entertainment
കശ്മീര്‍ ഫയല്‍സ് പ്രൊപഗണ്ട സിനിമ തന്നെ; നദാവ് ലാപ്പിഡിനെ പിന്തുണച്ച് വിദേശ ജൂറി അംഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th December 2022, 11:49 am

ന്യൂദല്‍ഹി: ദ കശ്മീര്‍ ഫയല്‍സിനെ ഒരു വൃത്തികെട്ട പ്രൊപഗണ്ട ചിത്രമെന്ന് വിശേഷിപ്പിച്ച ഐ.എഫ്.എഫ്.ഐ ജൂറി തലവന്‍ നദാവ് ലാപ്പിഡിന് പിന്തുണയുമായി ജൂറിയിലെ മറ്റ് അംഗങ്ങള്‍. ജിങ്കോ ഗോറ്റോ, പാസ്‌കല്‍ ഷാവന്‍സ്, ഹാവിയര്‍ അങ്ക്യുളോ ബര്‍ട്യുറെന്‍ എന്നിവരാണ് നദാവ് ലാപിഡിനെ പിന്തുണച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കിയത്.

ജൂറിയിലുണ്ടായിരുന്ന ഏക ഇന്ത്യന്‍ സംവിധായകനായ സുദീപ്‌തോ സെന്‍ മാത്രമാണ് ഇതില്‍ നിന്നും വിട്ടുനിന്നിരിക്കുന്നത്. വ്യാജവാദങ്ങളുടെയും വസ്തുതകള്‍ കെട്ടിച്ചമച്ചതിന്റെയും പേരില്‍ ഏറെ വിമര്‍ശനം നേരിട്ട കേരള സ്‌റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സുദീപ്‌തോ സെന്‍. കശ്മീര്‍ ഫയല്‍സിനെ കുറിച്ച് നദാവ് ലാപ്പിഡ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു സുദീപ്‌തോ പറഞ്ഞിരുന്നത്.

എന്നാല്‍ നദാവ് ലാപ്പിഡ് പറഞ്ഞ കാര്യങ്ങള്‍ ജൂറിക്ക് അറിയാവുന്നതാണെന്നും ജൂറി തലവനെന്ന നിലയില്‍ അദ്ദേഹം പറഞ്ഞ വാക്കുകളോട് തങ്ങള്‍ പൂര്‍ണമായും യോജിക്കുന്നതായുമാണ് മറ്റ് ജൂറി അംഗങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് പേരും ഒപ്പുവെച്ച സംയുക്ത പ്രസ്താവനയാണ് ഇവര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

‘ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തില്‍ ജൂറി പ്രസിഡന്റ് നദാവ് ലാപ്പിഡ് പറഞ്ഞ ജൂറി അംഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട്; ‘ദ കശ്മീര്‍ ഫയല്‍സ് കണ്ട് ഞങ്ങളാകെ ഞെട്ടിപ്പോയി. ആ ചിത്രം ഞങ്ങളെ ശരിക്കും അസ്വസ്ഥപ്പെടുത്തി. കാരണം വളരെ വൃത്തികെട്ട ഒരു പ്രൊപഗണ്ട ചിത്രമായിരുന്നു അത്. ഇത്രയും പേരുകേട്ട ഒരു മേളയിലെ കലാമൂല്യമുള്ള സിനിമകള്‍ മത്സരിക്കുന്ന വിഭാഗത്തിലേക്ക് കടന്നുവരാനുള്ള ഒരു യോഗ്യതയും ആ ചിത്രത്തിനില്ലായിരുന്നു,’ എന്ന് പറഞ്ഞിരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നു.

സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ നിലപാടല്ല ഞങ്ങള്‍ സ്വീകരിക്കുന്നത് എന്നു കൂടി വിശദമാക്കാന്‍ ആഗ്രഹിക്കുകയാണ്. കലാപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനയാണ് ഞങ്ങള്‍ നടത്തിയത്. രാഷ്ട്രീയതാല്‍പര്യത്തിനും നദാവിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്താനും ചലച്ചിത്രമേളയെ ഉപയോഗിക്കുന്നത് ഞങ്ങളെ വല്ലാതെ അസ്വസ്ഥരാക്കുന്നു. ഇതൊരിക്കലും ജൂറിയുടെ ഉദ്ദേശ്യമേ ആയിരുന്നില്ല,’ ജൂറി അംഗങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.

ബാഫ്ത അവാര്‍ഡ് ജേതാവും ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ അമേരിക്കാന്‍ പ്രൊഡ്യൂസറുമാണ് ജിങ്കോ ഗോറ്റോ. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്യുമെന്ററി ഫിലിം മേക്കറും മാധ്യമപ്രവര്‍ത്തകനുമാണ് ഹാവിയര്‍ എ. ബര്‍ട്യൂറെന്‍. ഫ്രാന്‍സില്‍ നിന്ന് തന്നെയുള്ള ഫിലിം എഡിറ്ററാണ് പാസ്‌കല്‍ ഷവാന്‍സ്.

തൊണ്ണൂറുകളില്‍ ജമ്മു കശ്മീരില്‍ നിന്നും കശ്മീരി പണ്ഡിറ്റുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്ന സംഭവത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി ഒരുക്കിയ ദ കശ്മീര്‍ ഫയല്‍സിനെതിരെ റിലീസ് സമയത്ത് തന്നെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

ചിത്രം വിദ്വേഷ പ്രചരണങ്ങളും വ്യാജവാദങ്ങളും പടച്ചുവിടുകയാണെന്ന വിമര്‍ശനത്തോടൊപ്പം, ചിത്രം തെറ്റായ വസ്തുതകളാണ് അവതരിപ്പിക്കുന്നതെന്ന് ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടിയിരുന്നു. സിനിമക്കെതിരെ കശ്മീരി പണ്ഡിറ്റുകള്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഒരു ജൂറി എന്നാല്‍ എങ്ങനെയായിരിക്കണമെന്ന് നദാവ് ലാപ്പിഡ് കാണിച്ചുതന്നുവെന്നായിരുന്നു സിനിമാപ്രേമികളും സാംസ്‌കാരിക പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

അതേസമയം, ചിത്രത്തെ കുറിച്ചുള്ള പ്രസ്താവനക്ക് പിന്നാലെ നദാവ് ലാപ്പിഡിനെതിരെ വ്യാപകമായ വിദ്വേഷപ്രചരണം അധിക്ഷേപവും നടന്നിരുന്നു.

നദാവിന്റെ വാക്കുകള്‍ക്കെതിരെ ഇന്ത്യയിലെ ഇസ്രഈല്‍ അംബാസിഡര്‍ നഓര്‍ ഗിലോണ്‍ രംഗത്തെത്തിയിരുന്നു. ജൂറി അധ്യക്ഷ പദവി നദാവ് ലാപിഡ് ദുരുപയോഗിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കശ്മീര്‍ ഫയല്‍സിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ നദാവ് ലാപിഡ് സ്വയം ലജ്ജിക്കണമെന്നും, ഇന്ത്യ ഇസ്രഈല്‍ ബന്ധത്തിന് ഈ പരാമര്‍ശം വരുത്തിയ കോട്ടത്തെ അതിജീവിക്കുമെന്നും ഗിലോണ്‍ ട്വീറ്റ് ചെയ്തിരുന്നു.

ഇതിനിടില്‍ ദ കശ്മീര്‍ ഫയല്‍സിനെ പറ്റിയുള്ള പരാമര്‍ശങ്ങളില്‍ ലാപിഡ് ക്ഷമാപണം നടത്തിയെന്ന
വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ നദാവിന്റെ വാക്കുകളെ വളച്ചൊടിച്ചുകൊണ്ടുള്ള തലക്കെട്ടുകളായിരുന്നു ഇവയെല്ലാം.

കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഇരകളാക്കപ്പെട്ടവരുടെ ബന്ധുക്കളെ തന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമാപണം നടത്തുന്നു എന്നായിരുന്നു നദാവ് ലാപിഡ് പറഞ്ഞത്. ഇതിനെയായിരുന്നു കശ്മീര്‍ ഫയല്‍സിനെ കുറിച്ചുള്ള പ്രസ്താവനയിലെ മാപ്പാക്കി മാധ്യമങ്ങള്‍ ചിത്രീകരിച്ചത്.

ഇതിനെതിരെയും നദാവ് ലാപ്പിഡ് പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഡിസംബര്‍ ഒന്നിന് ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രസ്താവനയെ പറ്റി നദാവ് ലാപിഡ് കൂടുതല്‍ വിശദീകരിച്ചിരുന്നു.

‘ഇരകളെ ഞാന്‍ അധിക്ഷേപിച്ചതായി അവരുടെ ബന്ധപ്പെട്ടവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരോടാണ് ഞാന്‍ ഖേദം പ്രകടിപ്പിച്ചത്. സിനിമയെ പറ്റി പറഞ്ഞതില്‍ നിന്നും ഒരു വാക്ക് പോലും പിന്‍വലിക്കുന്നില്ല,’ എന്നാണ് അഭിമുഖത്തില്‍ ലാപ്പിഡ് പറഞ്ഞത്.

Content Highlight: Jury Members support Nadav Lapid over his statement about The Kashmir Files