ഇതിഹാസതാരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ലിവര്‍പൂളിന്റെ ജര്‍മന്‍ പരിശീലകന്‍ യര്‍ഗന്‍ ക്‌ളോപ്പ്.
തന്റെ ഫോണില്‍ ഒരു സെല്‍ഫി ഉണ്ടെന്നാണ് ക്‌ളോപ്പ് പറഞ്ഞത്. അത് ലയണല്‍ മെസിയായിരുന്നുവെന്നാണ് ലിവര്‍പൂള്‍ ബോസ് പറഞ്ഞത്.
‘എന്റെ സ്മാര്‍ട്ട് ഫോണില്‍ ഒരു സെല്‍ഫി ഉണ്ട്. അത് മെസിയുടെ കൂടെ ഉള്ളതാണ്. ആ സമയത്ത് റൊണാള്‍ഡോയും ആ റൂമില്‍ ഉണ്ടായിരുന്നു എന്നാല്‍ ഞാന്‍ മെസിയുടെ കൂടെയാണ് ഫോട്ടോ എടുത്തത്,’ ക്‌ളോപ്പ് സ്‌പോര്‍ട് ബിബിളിലൂടെ പറഞ്ഞു.
എന്നാല്‍ പിന്നീട് ഈ വിഷയത്തില്‍ ക്‌ളോപ്പ് വിശദീകരണം നല്‍കുകയും ചെയ്തു.
‘ഞങ്ങള്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട്. രണ്ട് പേരെയും പ്രതിരോധിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മെസിക്ക് ജനനം മുതല്‍ ശാരീരികക്ഷമത കുറവായിരുന്നു. എന്നാല്‍ റൊണാള്‍ഡോ ഇതില്‍ നിന്നും വ്യത്യസ്തനാണ്. അവന് വളരെ ഉയരത്തില്‍ ചാടാനും വേഗത്തില്‍ ഓടാനും സാധിക്കും. ഇത് വളരെ മികച്ച ഒരു കാര്യമാണ്. എന്നാല്‍ മെസി കളിക്കളത്തില്‍ സിമ്പിള്‍ ആയാണ് കാണപ്പെടുക. അതുകൊണ്ടുതന്നെ കളിക്കളത്തില്‍ ഞാന്‍ മെസി കുറച്ചു കൂടുതല്‍ ഇഷ്ടപ്പെടുന്നു,’ ക്‌ളോപ്പ് കൂട്ടിചേര്‍ത്തു.
ഇരുതാരങ്ങളും ഫുട്‌ബോളില്‍ തങ്ങളുടേതായ സ്ഥാനം കെട്ടിപടുത്തവരാണ്. മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോള്‍ മറുഭാഗത്ത് റോണോ സൗദി വമ്പന്‍മാരോടൊപ്പം പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് കാഴ്ചവെക്കുന്നത്.
തന്റെ അരങ്ങേറ്റ സീസണ്‍ തന്നെ മയാമിയില്‍ അവിസ്മരണീയമാക്കാന്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തിന് സാധിച്ചിരുന്നു.ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തില്‍ ഇന്റര്‍ മയാമി സ്വന്തമാക്കിയിരുന്നു. മായാമിക്കായി അരങ്ങേറ്റ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി അക്കൗണ്ടിലാക്കിയിട്ടുള്ളത്.