ഞങ്ങൾ നന്നായിക്കോളാം, കൈവിടരുത് പ്ലീസ്; ഇന്ത്യൻ ആരാധകർക്ക് മുന്നിൽ കൈകൂപ്പി ലിവർപൂൾ സൂപ്പർകോച്ച്
DSport
ഞങ്ങൾ നന്നായിക്കോളാം, കൈവിടരുത് പ്ലീസ്; ഇന്ത്യൻ ആരാധകർക്ക് മുന്നിൽ കൈകൂപ്പി ലിവർപൂൾ സൂപ്പർകോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th October 2022, 6:44 pm

ഈ സീസണിൽ വളരെ മോശം ഫോമിലൂടെയാണ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ കടന്നുപോകുന്നത്. ലീഗിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ രണ്ട് വിജയം മാത്രമാണ് യുർഗൻ ക്ലോപ്പിന്റെ സംഘത്തിന് നേടാൻ കഴിഞ്ഞത്.

ശനിയാഴ്ച ബ്രൈറ്റൺ ഹോവുമായി നടന്ന ഏറ്റുമുട്ടലിൽ നിരാശാജനകമായ പ്രകടനം കാഴ്ച വെച്ച ലിവർപൂൾ, ഇന്ത്യൻ ആരാധകർക്കയച്ച സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

തങ്ങൾക്ക് മേലുള്ള വിശ്വാസം വെടിയരുതെന്നും ഇനിയും പിന്തുണ നൽകണമെന്നുമാണ് ലിവർപൂൾ കോച്ച് യർഗൻ ക്ലോപ്പ് ഇന്ത്യൻ ആരാധകരോട് പറഞ്ഞത്. സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

”ഞങ്ങൾക്കെപ്പോഴും ഒരു മാറ്റത്തിന് അവസരമുണ്ട്, റേഞ്ചേഴ്‌സുമായി നടക്കാനിരിക്കുന്ന മത്സരത്തിൽ ഞങ്ങളത് പുറത്തെടുക്കും. ഞങ്ങളതിനുള്ള ശ്രമത്തിലാണ്. ഇന്ത്യൻ ആരാധകർ ദയവ് ചെയത് ഞങ്ങൾക്ക് മേലുള്ള വിശ്വാസം വെടിയരുത്, എനിക്ക് വിശ്വാസം നഷ്ടപ്പെട്ടില്ല, ഇന്ത്യ ഉൾപ്പെടെ കോടിക്കണക്കിന് ആരാധകരുടെ വിശ്വാസം മുന്നോട്ടുള്ള മത്സരങ്ങൾക്ക് സഹായകരമാകും എന്നെനിക്കുറപ്പുണ്ട്,” യർഗൻ പറഞ്ഞു.

തങ്ങൾക്ക് കൂടുതൽ കോംപാക്ട് ആവശ്യമുണ്ടെന്നും ഡിഫന്റ് ചെയ്യാൻ കഴിയുന്നത് ഒരു കലയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർച്ചയായും ബുദ്ധിമുട്ടേറിയ അവസ്ഥകൾ എല്ലാവർക്കും ഉണ്ടാകുമെന്നും അതിൽ നിന്ന് ഉടൻ കരകയറുമെന്ന് തങ്ങൾക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രീമിയർ ലീഗിൽ ഏഴ് കളികളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയും നാല് സമനിലയും നേടി 10 പോയന്റുമായി ലിവർപൂൾ ഒമ്പതാം സ്ഥാനത്താണ്. യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ലിവർപൂൾ ജയിച്ചത്. പ്രീമിയർ ലീഗിൽ ഇന്ന് റേഞ്ചേഴ്‌സുമായി ഏറ്റുമുട്ടാൻ തയ്യാറെടുത്തിരിക്കുകയാണ് യർഗൻ ക്ലോപ്പും ടീമും.

Content Highlights: Jurgen Klopp’s special message to Indian fans after Liverpool’s problematic start to season