'നിങ്ങളുടെ പരീലന സ്ഥാനം ഉടന്‍ തെറിപ്പിക്കും'; ലിപവര്‍പൂള്‍ കോച്ചിനെതിരെ പ്രതിഷേധം ശക്തം; പ്രതികരിച്ച് കോച്ച്
Football
'നിങ്ങളുടെ പരീലന സ്ഥാനം ഉടന്‍ തെറിപ്പിക്കും'; ലിപവര്‍പൂള്‍ കോച്ചിനെതിരെ പ്രതിഷേധം ശക്തം; പ്രതികരിച്ച് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th February 2023, 11:43 am

ക്ലബ്ബ് ഫുട്‌ബോളില്‍ നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന ടീമകളിലൊന്നാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍. കഴിഞ്ഞ ദിവസം വോള്‍വ്‌സിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ തോല്‍വി വഴങ്ങിയിരുന്നു. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒറ്റ തവണ മാത്രമാണ് ടീം ജയം കണ്ടത്.

വോള്‍വ്‌സിനെതിരെയും തോല്‍വി വഴങ്ങിയതോടെ ലിവര്‍പൂളിനെതിരെ വലിയ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. കോച്ച് യര്‍ഗന്‍ ക്ലോപ്പിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെ ‘നിങ്ങളുടെ പരിശീലന സ്ഥാനം തെറിപ്പിക്കും’ എന്ന് തുടങ്ങുന്ന ചാന്റുകളായിരുന്നു ക്ലോപ്പിനെതിരെ സ്റ്റേഡിയത്തില്‍ നിന്ന് ഉയര്‍ന്നത്.

വിമര്‍ശനങ്ങള്‍ ശക്തമായതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. കളിയില്‍ മികച്ച രീതിയില്‍ തുടരാന്‍ ടീമിന് സാധിച്ചിട്ടില്ലെന്നും എന്നാല്‍ ലിവര്‍പൂളിനെ പഴയ ഫോമിലേക്ക് തിരികെയെത്തിക്കാന്‍ തനിക്ക് സാധിക്കുമന്ന് തന്നെയാണ് വിശ്വാസമെന്നും ക്ലോപ്പ് പറഞ്ഞു.

‘നിലവിലെ അവസ്ഥയില്‍ ഞാന്‍ നിരാശനാണ്. എന്നാല്‍ കാര്യങ്ങളുടെ ഗതി തിരിക്കാനാകുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അടുത്ത മത്സരത്തിന് വേണ്ടി തയ്യാറെടുക്കാന്‍ ധാരാളം സമയമുണ്ട്.

ഞങ്ങള്‍ക്ക് പരിക്കിന്റെ പ്രശനമുണ്ടെന്നത് ശരി തന്നെ. പക്ഷേ വോള്‍വ്‌സിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ 12 മിനിട്ടില്‍ സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഞങ്ങള്‍ എത്രയും പെട്ടെന്ന് ഇതിനൊരു മാറ്റുണ്ടാക്കും. അത് ടീമിന്റെ പുരോഗതിക്ക് അനിവാര്യമാണ്,’ ക്ലോപ്പ് പറഞ്ഞു.

നിലവില്‍ പോയിന്റ് പട്ടികയില്‍ 10ാം സ്ഥാനത്താണ് ലിവര്‍പൂള്‍. എവെര്‍ടണിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.

Content Highlights: Jurgen Klopp responds against criticism