കോപ്പ അമേരിക്കയുടെ ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീന കിരീടം നേടിയിരുന്നു. കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.
മത്സരത്തിന്റെ നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ എക്‌സട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലൗട്ടാറോ മാര്‍ട്ടീനസിലൂടെയായിരുന്നു അര്‍ജന്റീന വിജയഗോള്‍ നേടിയത്.
അര്‍ജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തിനുശേഷം നിലവിലെ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരം ലയണല്‍ മെസിയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ളോപ്പ്. പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നു കൊണ്ടാണ് ജര്‍മന്‍ മാനേജര്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തെ തെരഞ്ഞെടുത്തത്.
‘അര്‍ജന്റീന ഈ കിരീടം അര്‍ഹിക്കുന്നുണ്ട്. ഒരുപാട് വര്‍ഷക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നത്. അതുകൊണ്ടുതന്നെ അവരെ ഓര്‍ത്തു ഞാന്‍ വളരെയധികം സന്തോഷവാനാണ്. എന്റെ ജീവിതത്തിലെ ഞാന്‍ കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ലയണല്‍ മെസിയാണ്. കാരണം അദ്ദേഹം കളിക്കുന്ന ഫുട്‌ബോൾ രീതി ഈ കാലഘട്ടത്തിലെ മറ്റു താരങ്ങൾക്ക് എങ്ങനെ മികച്ച രീതിയിൽ ഫുട്‌ബോൾ കളിക്കാം എന്ന് മനസിലാക്കി കൊടുക്കുന്നതാണ്,’ ക്ളോപ്പ് ലിവര്‍പൂള്‍ എച്ചോയിലൂടെ പറഞ്ഞു.
സമീപകാലങ്ങളില്‍ അര്‍ജന്റീന നാല് കിരീടങ്ങളാണ് നേടിയെടുത്തത്. 2021ല്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു അര്‍ജന്റീന ആദ്യ കിരീടം നേടിയത്. തൊട്ടടുത്ത വര്‍ഷം നടന്ന ഫൈനല്‍സീമയില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും പരാജയപ്പെടുത്തി അര്‍ജന്റീന തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കി.
2022 ഖത്തര്‍ ലോകകപ്പിലും അര്‍ജന്റീനയെ ചാമ്പ്യന്മാരാക്കാന്‍ സ്‌കലോണിക്ക് സാധിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലിലെത്തിയ കരുത്തരായ ഫ്രാന്‍സിനെ പെനാല്‍ട്ടിയില്‍ കീഴടക്കിയായിരുന്നു അര്‍ജന്റീന ലോകത്തിന്റെ നെറുകയില്‍ എത്തിയത്.
Content Highlight: Jurgen Klopp Praises Lionel Messi