കരിയറില്‍ ഒട്ടുമിക്ക ഇതിഹാസ താരങ്ങള്‍ക്കൊപ്പം അടുത്തിടപഴകാന്‍ സാധിച്ചിട്ടുള്ളയാളാണ് നിലവില്‍ ലിവര്‍പൂളിന്റെ പരിശീലകനായ യര്‍ഗന്‍ ക്ലോപ്പ്. ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊണാള്‍ഡോ നസാരിയോ, റൊണാള്‍ഡീഞ്ഞോ, സിനദിന്‍ സിദാന്‍, നെയ്മര്‍ തുടങ്ങി യുവ താരങ്ങളായ കിലിയന്‍ എംബാപ്പെ, ഏര്‍ലിങ് ഹാലണ്ട് എന്നിവരുടെയും പ്രകടനങ്ങള്‍ അടുത്ത് കാണാന്‍ ക്ലോപ്പിന് അവസരം ലഭിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച താരമായി ക്ലോപ്പ് ചൂണ്ടിക്കാട്ടിയിരിക്കുന്നത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയാണ്. രാജ്യത്തിനായി ഒരു വിശ്വകിരീടം ഉയര്‍ത്താന്‍ സാധിക്കാത്തതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ താരമാണ് മെസി. എന്നാല്‍ 2022 ലോകകപ്പില്‍ തന്റെ ഏറ്റവും വലിയ സ്വപ്നമായ വേള്‍ഡ് കപ്പ് സ്വന്തം രാജ്യത്തെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് 2022 അവാര്‍ഡിനര്‍ഹനായതും മെസി തന്നെയാണ്.
അര്‍ജന്റൈന്‍ ദേശീയ ടീമിനൊപ്പമുള്ള മെസിയുടെ പ്രകടനത്തെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു ക്ലോപ്പ്. ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ മെസിയാണ് ലോക ഫുട്ബോളില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച താരമെന്ന് പറയുകയായിരുന്നു അദ്ദേഹം.
‘അര്‍ജന്റീനക്ക് മുമ്പ് പല ഫൈനലുകളും നഷ്ടമായിട്ടുണ്ട്. അവര്‍ക്ക് പലപ്പോഴായി ദൗര്‍ഭാഗ്യം ഉണ്ടായിരുന്നെങ്കിലും മെസി എന്ന മികച്ച ഫുട്ബോളര്‍ അതിന് അറുതി വരുത്തിയിരിക്കുയാണ്. ഈ പ്രായത്തിലുള്ള അവന്റെ പ്രകടനം ലോകത്തുള്ള എല്ലാ കളിക്കാര്‍ക്കും മാതൃകയാക്കാവുന്നതാണ്. അവന്‍ ഇങ്ങനെ തിളങ്ങി നില്‍ക്കുന്നത് കാണാന്‍ ഒത്തിരി സന്തോഷമുണ്ട്,’ ക്ലോപ്പ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയ മെസി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്റര്‍ മയാമിക്കായി ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും ഒരു അസിസ്റ്റും താരം ഇതുവരെ അക്കൗണ്ടിലാക്കി കഴിഞ്ഞു.
എം.എല്‍.എസില്‍ കളിയാരംഭിച്ചയുടന്‍ പ്രകടന മികവ് കൊണ്ടും ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ കൊണ്ടും ശ്രദ്ധേയനാവുകയാണ് ഈ 36കാരന്‍. ഈ പ്രകടനം തുടരുകയാണെങ്കില്‍ ഇന്റര്‍ മയാമിയുടെ ടോപ്പ് ഗോള്‍ സ്‌കോററാകാന്‍ മെസിക്ക് അധിക സമയം വേണ്ടെന്നാണ് ഫുട്‌ബോള്‍ വിദഗ്ദരുടെ വിലയിരുത്തല്‍.
അരങ്ങേറ്റ മത്സരത്തില്‍ ഒരു ഗോളും ബാക്കി രണ്ട് മത്സരങ്ങളിലും ഇരട്ട ഗോളുകളും വലയിലെത്തിച്ച മെസിക്ക് ഇനി 24 ഗോള്‍ നേടിയാല്‍ മയാമിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാകാന്‍ സാധിക്കും.
Content Highlights: Jurgen Klopp praises Lionel Messi