ഫുട്ബോളില്‍ ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊണാള്‍ഡോ നസാരിയോ, റൊണാള്‍ഡീഞ്ഞോ, സിനദിന്‍ സിദാന്‍, നെയ്മര്‍, കിലിയന്‍ എംബാപ്പെ തുടങ്ങിയ താരങ്ങളോട് അടുത്തിടപഴകാന്‍ ലിവര്‍പൂള്‍ കോച്ചായ യര്‍ഗന്‍ ക്ലോപ്പിന് അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച താരം ഇവരൊന്നുമല്ലെന്നും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് എക്കാലത്തെയും മികച്ച കളിക്കാരനെന്നും അദ്ദേഹം പറഞ്ഞു.
നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നയാളാണ് മെസിയെന്നും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും മികച്ച കളിക്കാരായത് കൊണ്ടാണ് അര്‍ജന്റീനക്ക് നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍ നേടാനായതെന്നും ക്ലോപ്പ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘അര്‍ജന്റീനക്ക് നേരത്തെ പല ഫൈനലുകളും നഷ്ടമായിട്ടുണ്ടായിരുന്നു. അവര്‍ക്ക് മുമ്പ് ഭാഗ്യമില്ലാത്ത നാളുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോള്‍ ലയണല്‍ മെസിയെന്ന ഫുട്ബോളര്‍ അതെല്ലാം മാറ്റിമറിച്ചിരിക്കുകയാണ്.
ഈ പ്രായത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഒരു ഫുട്ബോളര്‍ക്ക് എത്ര ഹൈ ലെവലില്‍ വേണമെങ്കിലും കളിക്കാനാകുമെന്നതിന്റെ സൂചനയാണ്. അദ്ദേഹത്തെ കളത്തില്‍ ഇങ്ങനെ കാണുന്നതില്‍ ഒത്തിരി സന്തോഷം തോന്നുന്നു,’ ക്ലോപ്പ് പറഞ്ഞു.
2022 ലോകകപ്പില്‍ കിരീടം നേടിക്കൊണ്ട് മെസി തന്റെ ദീര്‍ഘകാല സ്വപ്നം സാക്ഷാത്കരിക്കുകയായിരുന്നു. കരിയറില്‍ മറ്റെല്ലാ ടൈറ്റിലുകളും പേരിലാക്കിയ മെസി ലോകകപ്പ് നേടാതിരുന്നതിനെ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഖത്തര്‍ ലോകകപ്പിലൂടെ അദ്ദേഹം അകന്ന് നിന്നിരുന്ന വേള്‍ഡ് കപ്പ് ട്രോഫി കൂടി രാജ്യത്തെത്തിക്കുകയായിരുന്നു.
ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും പേരിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു. ഇത്തവണത്തെ ഫിഫ ദ ബെസ്റ്റ് അവാര്‍ഡും മെസിക്കായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് ക്ലോപ്പ് പറഞ്ഞത്.
അതേസമയം മെസിയുടെ ക്ലബ്ബ് ഫുട്ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
പി.എസ്.ജി വിട്ട് മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യാഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ബാഴ്സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ട്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് മെസിക്ക് മുന്നില്‍ അല്‍ ഹിലാല്‍ വെച്ചിരിക്കുന്നത്.
എന്നിരുന്നാലും ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മാത്രമെ മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചതായി പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: Jurgen Klopp praises Lionel Messi