ഹാലണ്ടും വിനീഷ്യസുമല്ല; ആധുനിക ഫുട്‌ബോളിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് യര്‍ഗന്‍ ക്ലോപ്പ്
Football
ഹാലണ്ടും വിനീഷ്യസുമല്ല; ആധുനിക ഫുട്‌ബോളിലെ മികച്ച താരത്തെ തെരഞ്ഞെടുത്ത് യര്‍ഗന്‍ ക്ലോപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th May 2023, 11:52 am

ഫുട്‌ബോളിലെ മികച്ച പരിശീലകരില്‍ ഒരാളാണ് യര്‍ഗന്‍ ക്ലോപ്പ്. നിലവില്‍ ലിവര്‍പൂളിന്റെ കോച്ചായ ക്ലോപ്പിന് നിരവധി ടൈറ്റിലുകള്‍ പേരിലാക്കാന്‍ സാധിച്ചിട്ടുണ്ട്. തന്റെ കരിയറിലെ ഒട്ടുമിക്ക ഇതിഹാസ താരങ്ങള്‍ക്കൊപ്പം അടുത്തിടപഴകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഡീഗോ മറഡോണ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, റൊണാള്‍ഡോ നസാരിയോ, റൊണാള്‍ഡീഞ്ഞോ, സിനഡിന്‍ സിദാന്‍, നെയ്മര്‍ തുടങ്ങി യുവ താരങ്ങളായ കിലിയന്‍ എംബാപ്പെ, ഏര്‍ലിങ് ഹാലണ്ട് എന്നിവരുടെയും പ്രകടനങ്ങള്‍ അടുത്ത് കാണാന്‍ ക്ലോപ്പിന് അവസരം ലഭിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച താരമായി ക്ലോപ്പ് ചൂണ്ടിക്കാട്ടിയിരിക്കുന്നത് ഇവരാരെയുമല്ല, ലയണല്‍ മെസിയെയാണ്. രാജ്യത്തിനായി ഒരു വിശ്വകിരീടം സാധിക്കാത്തതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ താരമാണ് മെസി. എന്നാല്‍ 2022 ലോകകപ്പില്‍ തന്റെ ഏറ്റവും വലിയ സ്വപ്‌നമായ വേള്‍ഡ് കപ്പ് സ്വന്തം രാജ്യത്തെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് 2022 അവാര്‍ഡിനര്‍ഹനായതും മെസി തന്നെയാണ്.

അര്‍ജന്റൈന്‍ ദേശീയ ടീമിനൊപ്പമുള്ള മെസിയുടെ പ്രകടനത്തെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു ക്ലോപ്പ്. ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ മെസിയാണ് ലോക ഫുട്‌ബോളില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച താരമെന്ന് പറയുകയായിരുന്നു അദ്ദേഹം.

‘അര്‍ജന്റീനക്ക് മുമ്പ് പല ഫൈനലുകളും നഷ്ടമായിട്ടുണ്ട്. അവര്‍ക്ക് പലപ്പോഴായി ദൗര്‍ഭാഗ്യം ഉണ്ടായിരുന്നെങ്കിലും മെസി എന്ന മികച്ച ഫുട്‌ബോളര്‍ അതിന് അറുതി വരുത്തിയിരിക്കുയാണ്. ഈ പ്രായത്തിലുള്ള അവന്റെ പ്രകടനം ലോകത്തുള്ള എല്ലാ കളിക്കാര്‍ക്കും മാതൃകയാക്കാവുന്നതാണ്. അവനെ ഇങ്ങനെ തിളങ്ങി നില്‍ക്കുന്നത് കാണാന്‍ ഒത്തിരി സന്തോഷമുണ്ട്,’ ക്ലോപ്പ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, ക്ലബ്ബ് ഫുട്‌ബോളില്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. നിലവില്‍ താരം ബൂട്ടുകെട്ടുന്ന ക്ലബ്ബായ പി.എസ്.ജിയുടെ അനുമതിയില്ലാതെ മെസി സൗദി സന്ദര്‍ശിച്ചതിന് താരത്തെ ക്ലബ്ബ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്ക് വേതനം റദ്ദാക്കിക്കൊണ്ട് പി.എസ്.ജിയുടെ മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കുകയായിരുന്നു.

എന്നാല്‍ പി.എസ്.ജിയുടെ ശിക്ഷാ നടപടികള്‍ക്ക് പിന്നാലെ ഈ സീസണിന്റെ അവസാനത്തോടെ മെസി പി.എസ്.ജിയില്‍ നിന്ന് വിടവാങ്ങുമെന്ന് താരത്തിന്റെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചു. പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Jurgen Klopp picks his favorite among all footballers in the world