| Monday, 20th May 2024, 9:17 am

യുഗാന്ത്യം....ക്ളോപ്പ് പടിയിറങ്ങി; ഒമ്പത് വർഷത്തെ പോരാട്ടവീര്യങ്ങൾക്ക് വിരാമമിട്ട് ലിവർപൂളിന്റെ ആശാൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിനൊപ്പമുള്ള പരിശീലക സ്ഥാനത്ത് നിന്നും യര്‍ഗന്‍ ക്‌ളോപ്പ് പടിയിറങ്ങി. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ അവസാന മത്സരത്തില്‍ വോൾവസിനെ പരാജയപ്പെടുത്തികൊണ്ടാണ് ജര്‍മന്‍ മാനേജര്‍ ലിവര്‍പൂളിന്റെ പരിശീലക കുപ്പായത്തില്‍ നിന്നും കളമൊഴിഞ്ഞത്.

ഈ സീസണില്‍ 38 മത്സരങ്ങളില്‍ നിന്നും 24 വിജയവും 10 സമനിലയും നാല് തോല്‍വിയും അടക്കം 82 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍ ക്‌ളോപ്പിന്റെ കീഴില്‍ ഫിനിഷ് ചെയ്തത്.

2015ല്‍ ബ്രണ്ടന്‍ റോഡ്‌ജേഴ്‌സിന് പകരക്കാരനായാണ് ക്‌ളോപ്പ് ലിവര്‍പൂളിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ക്ലോപ്പിന്റെ വരവോടുകൂടി ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിന്നീട് മുന്നേറ്റം ആയിരുന്നു കാഴ്ചവെച്ചത്.

ടീമിനെ പുനര്‍നിര്‍മിക്കുകയും മികച്ച താരങ്ങളെ ടീമില്‍ എത്തിച്ചുകൊണ്ട് ലിവര്‍പൂളിനെ മികച്ച ടീം ആക്കി മാറ്റാന്‍ ക്ലോപ്പിന് സാധിച്ചിരുന്നു. ലിവര്‍പൂളിനെ പരിശീലന സ്ഥാനത്തുനിന്നും 491 മത്സരങ്ങളിലാണ് ക്ലോപ്പ് നിയന്ത്രിച്ചിട്ടുള്ളത്. ഇതില്‍ 299 മത്സരങ്ങളും വിജയിച്ചപ്പോള്‍ 83 മത്സരങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്തത്. 109 മത്സരങ്ങള്‍ ക്ലോപ്പിന്റെ കീഴില്‍ ലിവര്‍പൂള്‍ സമനില പിടിക്കുകയും ചെയ്തു.

ലിവര്‍പൂളിനായി എട്ട് കിരീടങ്ങള്‍ ആണ് ക്ലോപ്പ് ഒമ്പത് വര്‍ഷത്തിനുള്ളില്‍ നേടികൊടുത്തത്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, എഫ്.എ കപ്പ്, എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ്, രണ്ട് കാരബാവോ കപ്പ് എന്നീ ട്രോഫികള്‍ ആണ് ക്ലോപ്പിന്റെ കീഴില്‍ ലിവര്‍പൂള്‍ ആന്‍ഫീല്‍ഡിന്റെ മണ്ണിലെത്തിച്ചത്.

അതേസമയം ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 34ാം മിനിട്ടില്‍ അലക്‌സിസ് മാക് അലിസ്റ്ററും 40ാം മിനിട്ടില്‍ ജാറന്‍ അമോറിന്‍ ക്യുനാഷ് എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്. 28 മിനിട്ടില്‍ വോള്‍വസ് താരം നെല്‍സണ്‍ സെമേഡോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതോടെ ബാക്കിയുള്ള നിമിഷങ്ങളില്‍ സന്ദര്‍ശകര്‍ 10 പേരുമായാണ് കളിച്ചിരുന്നത്.

Content Highlight: Jurgen Klopp left Liverpool Manger Position

Latest Stories

We use cookies to give you the best possible experience. Learn more