'അവനെ വില്‍പനക്ക് വെച്ചിട്ടില്ല'; സലാ സൗദിയിലേക്ക് പോകില്ലെന്ന് യര്‍ഗന്‍ ക്ലോപ്പ്
Football
'അവനെ വില്‍പനക്ക് വെച്ചിട്ടില്ല'; സലാ സൗദിയിലേക്ക് പോകില്ലെന്ന് യര്‍ഗന്‍ ക്ലോപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th August 2023, 12:29 pm

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 65 ദശലക്ഷം പൗണ്ട് വാര്‍ഷിക പ്രതിഫലത്തില്‍ സലാ അല്‍ ഇത്തിഹാദുമായി കരാറിലെത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്.

സലായെ വില്‍പ്പനക്ക് വെച്ചിട്ടില്ലെന്നും അല്‍ ഇത്തിഹാദില്‍ നിന്ന് അങ്ങനെയൊരു ഓഫര്‍ വന്നിട്ടില്ലെന്നുമാണ് ക്ലോപ്പ് പറഞ്ഞത്. ന്യൂ കാസില്‍ യുണൈറ്റഡിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ക്ലോപ്പ് റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചത്.

‘മാധ്യമ വാര്‍ത്തകളെ കുറിച്ച് സംസാരിക്കുക എല്ലായിപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, എനിക്കിതുപോലെയുള്ള വിഷയത്തില്‍ ഒന്നും പറയാനില്ല. ഞങ്ങള്‍ക്ക് അത്തരത്തില്‍ ഒരു ഓഫര്‍ ഉണ്ടായിട്ടില്ല. ഇനി ആരെങ്കിലും സലാക്ക് വേണ്ടി സമീപിച്ചിട്ടുണ്ടെങ്കില്‍ തന്നെ നോ എന്നാണ് ആന്‍സര്‍,’ ക്ലോപ്പ് പറഞ്ഞു.

മൂന്ന് വര്‍ഷത്തേക്കാണ് കരാറെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഇത്തിഹാദ് സലായ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നത്. 62 ദശലക്ഷം പൗണ്ടാണ് അല്‍ നസ്റില്‍ റൊണാള്‍ഡോയുടെ വാര്‍ഷിക പ്രതിഫലം.

സൗദി ക്ലബ്ബില്‍ നിന്ന് വാഗ്ദാനമുണ്ടെന്ന വാര്‍ത്തകള്‍ സലായുടെ ഏജന്റ് റാമി അബ്ബാസും നേരത്തെ നിഷേധിച്ചിരുന്നു. ആഴ്ചയില്‍ 1.25 മില്യണ്‍ പൗണ്ടിന്റെ പ്രതിഫലമെന്നതായിരുന്നു ഇത്തിഹാദിന്റെ വാഗ്ദാനം. സൗദിയിലെ വരുമാനത്തിന് നികുതി നല്‍കേണ്ടാത്തതിനാല്‍ ഇത് കളിക്കാരെ സംബന്ധിച്ചിടത്തോളം മോഹവാഗ്ദാനമാണ്.

ഇതിന് പുറമെ ഡേവിഡ് ബെക്കാം എം.എല്‍.എസിലേക്ക് മാറുമ്പോള്‍ നല്‍കിയതുപോലെ ഭാവിയില്‍ ക്ലബ്ബില്‍ ഓഹരി പങ്കാളിത്തവും സലാക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ സലായെ ക്ലോപ്പ് മുഴുവന്‍ സമയവും കളിപ്പിച്ചിരുന്നില്ല. 77ാം മിനിട്ടില്‍ തിരിച്ചുവിളിച്ചതില്‍ താരം കോച്ചിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സബ് ചെയ്തതിലൂടെ രണ്ട് റെക്കോഡുകള്‍ നേടാനുള്ള അവസരമാണ് സലാക്ക് നഷ്ടമായത്.

Content Highlights: Jurgen Klopp denies the reports about Mo Salah’s Saudi transfer