ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വമ്പന്‍ വിജയം. ചെല്‍സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ലിവര്‍പൂള്‍ മാനേജര്‍ യര്‍ഗന്‍ ക്‌ളോപ്പിനെ തേടിയെത്തിയത്.
ലിവര്‍പൂളിനായി 200 വിജയങ്ങള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് ക്‌ളോപ്പ് നടന്നുകയറിയത്. 318 മത്സരങ്ങളില്‍ നിന്നുമാണ് ക്‌ളോപ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 200 മത്സരങ്ങള്‍ വിജയിക്കുന്ന രണ്ടാമത്തെ പരിശീലകനെന്ന റെക്കോഡും ക്‌ളോപ്പ് സ്വന്തം പേരിലാക്കിമാറ്റി. ഏറ്റവും വേഗത്തില്‍ 200 മത്സരങ്ങള്‍ വിജയിച്ച പരിശീലകരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ്പ് ഗ്വാര്‍ഡിയോളയാണ്. 269 മത്സരങ്ങളില്‍ നിന്നുമാണ് ഗ്വാര്‍ഡിയോള ഈ നേട്ടം സ്വന്തമാക്കിയത്.
ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയാണ് ചെല്‍സി പിന്തുടര്‍ന്നത്.
മത്സരത്തില്‍ 23ാം മിനിട്ടില്‍ പോര്‍ച്ചുഗീസ് താരം ഡീഗോ ജോട്ടയാണ് ലിവര്‍പൂളിന്റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. കൊണര്‍ ബ്രാഡ്‌ലീ (39), ഡൊമിനിക്ക് ഡോബോസ്ലായ് (65), ലൂയിസ് ഡയസ് (79) എന്നിവരാണ് ലിവര്‍പൂളിന്റെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.
71ാം മിനിട്ടില്‍ ക്രിസ്റ്റഫര്‍ എന്‍കുങ്കുവിന്റെ വകയായിരുന്നു ചെല്‍സിയുടെ ആശ്വാസഗോള്‍.
വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 22 മത്സരങ്ങളില്‍ നിന്നും 15 വിജയവും ആറ് സമനിലയും ഒരു തോല്‍വിയും അടക്കം 51 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ക്‌ളോപ്പും സംഘവും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫെബ്രുവരി നാലിന് ആഴ്‌സണലിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. ഗണ്ണേഴ്‌സിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയമാണ് വേദി.
Content Highlight: Jurgen Klopp compleate 200 win for Liverpool.