യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യത നഷ്ടപ്പെട്ടതിന് ഏതെങ്കിലുമൊരു താരം തന്നോട് ക്ലബ്ബ് വിടുകയാണെന്ന് പറഞ്ഞാല്‍ ആ നിമിഷം താനവനെ പുറത്താക്കുമെന്ന് ലിവര്‍പൂള്‍ കോച്ച് യര്‍ഗന്‍ ക്ലോപ്പ്. ഏത് ക്ലബ്ബിലേക്കാണ് താരത്തിന് പോകേണ്ടതെന്ന് ചോദിക്കുമെന്നും എന്നിട്ടവരെ ആ ക്ലബ്ബിലേക്ക് കൊണ്ടുപോകുമെന്നും ക്ലോപ്പ് പറഞ്ഞു.
‘ഞങ്ങള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റിന് ക്വാളിഫൈ ചെയ്യാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ക്ലബ്ബ് വിടണമെന്ന് ഏതെങ്കിലുമൊരു താരം വന്ന് പറയട്ടെ. അപ്പോള്‍ തന്നെ ഞാന്‍ അവനെ മറ്റൊരു ക്ലബ്ബിലേക്ക് ഓടിക്കും. ഞാന്‍ അവനോട് ചോദിക്കും, നിനക്ക് ഏത് ക്ലബ്ബിലേക്കാണ് പോകേണ്ടതെന്ന്. എന്നിട്ട് ഞാന്‍ തന്നെ അവനെ അങ്ങോട്ട് കൊണ്ടുപോകും.
തന്റേതെന്ന പ്രശ്‌നം ചൂണ്ടിക്കാട്ടി ഒരു താരവും അത്തരത്തിലൊരു കാര്യം വന്ന് പറഞ്ഞിട്ടില്ലെന്നും മാച്ച് കഴിഞ്ഞാല്‍ അവധിയെടുത്തോട്ടെയെന്നും എക്‌സ്ട്ര ഓഫ് ലഭിക്കുമോയെന്നൊക്കെ ചോദിച്ചാണ് താരങ്ങള്‍ തന്നെ സമീപിക്കാറെന്നും ക്ലോപ്പ് പറഞ്ഞു. പ്രീമിയര്‍ ലീഗ് മത്സരത്തിന് മുന്നോടിയായ് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ക്ലോപ്പ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഈ തോല്‍വിക്ക് ഞാനും ഉത്തരവാദിയാണെന്ന് പറഞ്ഞ് ഒരാളും എന്നെ സമീപിച്ചിട്ടില്ല. അവര്‍ ആകെ എന്നോട് ചോദിക്കാറുള്ളത് അവധി ദിവസങ്ങള്‍ക്ക് പുറമെ എക്‌സ്ട്ര ഓഫ് കിട്ടുമോയെന്നാണ്. അത്തരത്തിലുള്ള കാര്യങ്ങള്‍ മാത്രമാണ് ഞങ്ങളുടെ സംഭാഷണത്തിലുണ്ടാകാറുള്ളത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം പ്രീമിയര്‍ ലീഗിലും ലിവര്‍പൂളിന് മികവ് പുലര്‍ത്താനായില്ല. 37 മത്സരങ്ങളില്‍ നിന്ന് 19 ജയവുമായി 66 പോയിന്റോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍. അത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് 28 ജയവും 89 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. 81 പോയിന്റുമായി ആഴ്‌സണല്‍ രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (72), ന്യൂകാസില്‍ (70) എന്നീ ക്ലബ്ബുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
മെയ് 28ന് സൗതാംപ്ടണിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.