| Thursday, 18th June 2015, 1:57 pm

ജുറാസിക ചരിതം, നാലാം ഘണ്ഡം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരുപക്ഷേ ഇനി ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത ജീവികളെ ഇങ്ങനെയെങ്കിലും കാണുന്നത് കൗതുകകരം തന്നെ. ചില കുഞ്ഞന്‍ ദിനോസറുകളുടെ പുറത്തു കയറി സഞ്ചരിക്കാന്‍ വരെ സൗകര്യം. ലോകത്തെ ഏറ്റവും ക്രൂരനായ ജീവിയെ ഒരിക്കല്‍ കൂടി കാട്ടിത്തരുന്നുണ്ട് ജുറാസിക് വേള്‍ഡ്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് അസ്തമിച്ചു പോയ ഒരു ജീവിവര്‍ഗത്തെ പുനസൃഷ്ടിച്ച് സ്വന്തം ആസ്വാദനത്തിനും ആനന്ദത്തിനുമായി പൂട്ടിയിട്ട്, അവയ്ക്കു നേരെ പല്ലിളിച്ചു കാട്ടുന്ന മനുഷ്യ ജന്തുക്കളേക്കാള്‍ ക്രൂരത മറ്റേതു ജീവിവര്‍ഗത്തിനാണ് ഉണ്ടാവുക?

ഫിലിം റിവ്യൂ: സൂരജ്.കെ.ആര്‍

കെട്ടിലും മട്ടിലും എന്നും അത്ഭുതപ്പെടുത്തുന്നവയാണ് പല ഹോളിവുഡ് ചിത്രങ്ങളും. അടിസ്ഥാനപരമായി വിപണനമാണ് സിനിമയുടെ വിശേഷിച്ച് ജുറാസിക് വേള്‍ഡ് പോലുള്ള തുടര്‍ഭാഗ സിനിമകളുടെ ഉദ്ദേശ്യം എന്നിരിക്കെ കഥയെ മുന്‍നിര്‍ത്തി ഇത്തരം ചിത്രങ്ങളെ നിരൂപിക്കുന്നതില്‍ അര്‍ത്ഥമില്ല. അല്ലെങ്കിലും ഇത്തരം സിനിമകള്‍ കാലുറപ്പിച്ചിരിക്കുന്നത് കഥയില്‍ അല്ല, തിരക്കഥയിലാണ്.

വിറപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്ന മുഹൂര്‍ത്തങ്ങള്‍ ഒരുക്കാനാണ് സംവിധായകനും ശ്രമിക്കുക. അത്തരത്തിലുള്ള ഒരു പിടി ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയാണ് കോളിന്‍ ടവറോ എന്ന സംവിധായകന്‍ ജുറാസിക് പാര്‍ക്ക് പരമ്പരയുടെ നാലാം ഭാഗവുമായി എത്തുന്നത്. ഇത്തവണ തിരുവനന്തപുരം സഫാരി പാര്‍ക്കില്‍ അലഞ്ഞു തിരിയുന്ന സിംഹങ്ങളെ പോലെ നമ്മുടെ തലങ്ങും വിലങ്ങും ത്രീ ഡി രൂപത്തില്‍ വിലസുകയാണ് ദിനോസര്‍ ഭീമന്മാര്‍.

നാം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരുപക്ഷേ ഇനി ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത ജീവികളെ ഇങ്ങനെയെങ്കിലും കാണുന്നത് കൗതുകകരം തന്നെ. ചില കുഞ്ഞന്‍ ദിനോസറുകളുടെ പുറത്തു കയറി സഞ്ചരിക്കാന്‍ വരെ സൗകര്യം. ലോകത്തെ ഏറ്റവും ക്രൂരനായ ജീവിയെ ഒരിക്കല്‍ കൂടി കാട്ടിത്തരുന്നുണ്ട് ജുറാസിക് വേള്‍ഡ്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് അസ്തമിച്ചു പോയ ഒരു ജീവിവര്‍ഗത്തെ പുനസൃഷ്ടിച്ച് സ്വന്തം ആസ്വാദനത്തിനും ആനന്ദത്തിനുമായി പൂട്ടിയിട്ട്, അവയ്ക്കു നേരെ പല്ലിളിച്ചു കാട്ടുന്ന മനുഷ്യ ജന്തുക്കളേക്കാള്‍ ക്രൂരത മറ്റേതു ജീവിവര്‍ഗത്തിനാണ് ഉണ്ടാവുക?

എപ്പോഴത്തെയും എന്ന പോലെ മനുഷ്യരുടെ പല സൃഷ്ടികളും നമുക്കു തന്നെ വിനയായി തീരുന്ന വിധി വൈപരീത്യം തന്നെയാണ് സിനിമയുടെയും കാതല്‍. മനുഷ്യചരിത്രത്തിന്റെ നാള്‍വഴികള്‍ തിരഞ്ഞു ചെന്നാല്‍ നാം ചെന്നെത്തുന്നതും ഹിരോഷിമ അടക്കമുള്ള ഇത്തരം വിനാശങ്ങളില്‍ തന്നെ. തന്റെ സുരക്ഷിത മേഘലയില്‍ നിന്നും രക്ഷപ്പെടുന്ന ഒരു സങ്കരയിനം ദിനോസറാണ് ഇവിടെ വിധിയും വിനാശവുമായി തീരുന്നത്. അങ്ങനെ നോക്കുമ്പോള്‍ മറ്റു ദിനോസര്‍ പടങ്ങളില്‍ നിന്നും വ്യത്യസ്തമായി ബുദ്ധികൂടി മരവിപ്പ് ബാധിച്ച ഒരു കൂട്ടം മനുഷ്യജീവികള്‍ സ്വന്തം കുഴി തോണ്ടുന്ന കാഴ്ച്ചയായി പരിണമിക്കുന്നുണ്ട് ഈ ജുറാസിക ലോകം.

സൃഷ്ടിച്ചതൊന്നും പോരാഞ്ഞ് സങ്കരയിനം ദിനോസറുകളെ കൂടി സൃഷ്ടിച്ച് അവയ്ക്ക് വിവേകബുദ്ധി കൂടി വച്ചു പിടിപ്പിക്കുന്ന ഈ മനുഷ്യരെ വല്ലയിടത്തും പൂട്ടിയിട്ടിരുന്നെങ്കില്‍ ഇക്കാണുന്ന വല്ലതും അനുഭവിക്കേണ്ടി വരുമായിരുന്നോ എന്ന് ഏതോ രസികന്‍ ഉറക്കെപ്പറഞ്ഞത് കണ്ണടയുമിട്ട് ത്രിമാന കാഴ്ച്ച കാണുന്നവരെ ആ കാഴ്ച്ചകളേക്കാള്‍ രസിപ്പിച്ചു എന്നുറപ്പ്.

ഓടിപ്പോയതിനെപ്പിടിക്കാന്‍ മനുഷ്യരും മറ്റ് ദിനോസറുകളും ചേര്‍ന്നുള്ള ഒരു കമാന്‍ഡോ ഓപ്പറേഷനാണ് ശേഷം ചിത്രം. അവസാന ഭാഗങ്ങളിലെ സംഘട്ടന രംഗങ്ങള്‍ കാണുമ്പോള്‍ പഴയ നസീര്‍ജോസ് പ്രകാശ് അടിപിടിയാണ് മനസിലേക്ക് നങ്കൂരമിട്ടെത്തുക. ആത്യന്തിക വിജയം എപ്പോഴുമെന്ന പോലെ ഇരുകാലികള്‍ക്ക് തന്നെ. ഒറിജിനാലിറ്റിയിലും മറ്റ് സാങ്കേതിക തികവുകളിലും മോശമാക്കുന്നില്ലഈ നാലാം ഭാഗം.

എന്നാല്‍ ത്രീ ഡി ദൃശ്യങ്ങള്‍ക്ക് അല്‍പ്പം കൂടി ഭാവനയുടെ ചിറകുകള്‍ നല്‍കാമായിരുന്നു. എന്തെങ്കിലും ഒക്കെ കണ്ടുപിടുത്തങ്ങള്‍ നടത്തുകയും പിന്നീട് അതിന്റെ പുറകെ ഓടി നടക്കുകയും ചെയ്യുന്ന ബോളിവുഡിന്റെ സ്വന്തം ഇര്‍ഫാന്‍ ഖാനും ഉപനായകനായ (നായികാനായകന്മാര്‍ ഭീമന്‍ പല്ലികള്‍ തന്നെയാല്ലോ) ക്രിസ് പ്രാറ്റ് അടക്കമുള്ള താരങ്ങളും ഹെലികോപ്റ്ററിലും മറ്റുമായി ക്ഷീണം പുറത്തു കാട്ടാതെ നന്നായി തന്നെ ഓടുന്നുണ്ട്.

അവസാനം പറന്നു പോയതും ചാടിപ്പോയതുമായ കുറെ ദിനോസറുകളെക്കാട്ടി അടുത്ത ഭാഗത്തിന് തങ്ങള്‍ കോപ്പുകൂട്ടി കഴിഞ്ഞു എന്ന് സംവിധായകന്‍ വ്യക്തമാക്കുക കൂടി ചെയ്തു കഴിഞ്ഞാല്‍ കണ്ണടകള്‍ തിരികെ കൊടുത്ത് പുറത്തേക്കിറങ്ങാം, കണ്ണുണ്ടായിട്ടും പലതും കാണാത്തവരുടെ ലോകത്തേക്ക്.

We use cookies to give you the best possible experience. Learn more