തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് ജൂനിയര്‍ എന്‍.ടി.ആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന നന്ദമുരി താരക രാമ റാവു. 2022 ല്‍ രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താര പരിവേഷവും അദ്ദേഹത്തിന് ലഭിച്ചു. ജൂനിയര്‍ എന്‍.ടി.ആറിന്റെ ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ദേവര.
തന്റെ പ്രിയപ്പെട്ട സംവിധായകനെ കുറിച്ച് സംസാരിക്കുകയാണ് ജൂനിയര്‍ എന്‍.ടി.ആര്‍. ഫേവറിറ്റ് സംവിധായകന്‍ വെട്രിമാരന്‍ ആണെന്നും അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും തങ്ങള്‍ ഇരുവരും ഇതുവരെ ഒന്നിച്ച് സിനിമ ചെയ്തിട്ടില്ലെന്നും ജൂനിയര്‍ എന്‍.ടി.ആര്‍ പറയുന്നു. തമിഴ് സിനിമ ചെയ്താല്‍ മതിയെന്നും അത് വേണമെങ്കില്‍ തെലുങ്കിലേക്ക് ഡബ് ചെയ്ത പ്രദര്ശിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവര സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ഇപ്പോഴത്തെ ഫേവറിറ്റ് സംവിധായകന്‍ വെട്രിമാരന്‍ സാറാണ്. സാര്‍ പ്ലീസ്, നമുക്കൊരു സിനിമ ചെയ്യാം. എന്നെ വെച്ചൊരു സിനിമ ചെയ്യൂ. നമ്മള്‍ ഇതുവരെ ഒന്നിച്ച് ഒരു ചിത്രം ചെയ്തിട്ടില്ലല്ലോ. നമുക്ക് നേരെ തമിഴ് സിനിമ തന്നെ ചെയ്യാം. അതുപിന്നെ തെലുങ്കില്‍ ഡബ് ചെയ്യാം,’ ജൂനിയര്‍ എന്‍.ടി.ആര്‍ പറയുന്നു.
അതേസമയം ജൂനിയര്‍ എന്‍.ടി.ആറിന്റെ ബിഗ് ബജറ്റ് ചിത്രം ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്. കൊരട്ടല ശിവയാണ് ചിത്രത്തിന്റെ സംവിധാനം. ബിഗ് ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബര്‍ 27ന് തിയേറ്ററുകളില്‍ എത്തും. ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും ജൂനിയര്‍ എന്‍.ടി.ആറും ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Content Highlight: Junior NTR Talks About Vetrimaaran