അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തിലെത്തുന്ന ബ്രഹ്മാസ്ത്ര റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹൈദരബാദില്‍ വ്യാഴ്യാഴ്ച നടത്താനിരുന്ന പരിപാടി കാന്‍സലായിരുന്നു. ജൂനിയര്‍ എന്‍.ടി.ആര്‍ മുഖ്യാതിഥിയായി പങ്കെടുക്കാനിരുന്ന പരിപാടി ജനക്കൂട്ടം മൂലമാണ് പിന്‍വലിക്കേണ്ടി വന്നത്. ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, മൗനി റോയി, നാഗാര്‍ജുന, എസ്.എല്. രാജമൗലി, കരണ്‍ ജോഹര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
എന്നാല്‍ പരിപാടി നടത്താനാവാതെ വന്നതോടെ ഒന്നര കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇ- ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരിപാടി കാന്‍സലായെങ്കിലും താരങ്ങളെല്ലാം ചേര്‍ന്ന് പ്രസ് മീറ്റ് നടത്തിയിരുന്നു. ‘രാമോജി റാവു സ്റ്റുഡിയോയില്‍ നടക്കേണ്ടിയിരുന്ന പരിപാടി നിയന്ത്രണാതീതമായ ജനക്കൂട്ടം കാരണമാണ് പിന്‍വലിക്കേണ്ടി വന്നത്. പൊലീസ് പെര്‍മിഷനൊക്കെ വാങ്ങിയതായിരുന്നു. എന്നാല്‍ എല്ലാ പൊലീസുകാരും തിരക്കിലായതിനാലും ഗണേശോത്സവം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനാലും അത് റദ്ദാക്കേണ്ടി വന്നു,’ പ്രസ് മീറ്റില്‍ വെച്ച് രാജമൗലി പറഞ്ഞു.
സെപ്റ്റംബര്‍ ഒമ്പതിനാണ് ബ്രഹ്മാസ്ത്ര റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ബ്രഹ്മാസ്ത്രയുടെ പ്രൊമോ വീഡിയോക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തിലുള്ള എട്ട് അസ്ത്രങ്ങളെയാണ് പ്രൊമോ വീഡിയോയിലൂടെ അവതരിപ്പിച്ചത്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, നാഗ് ധനുഷ്, ഗജാസ്ത്ര, ആഗ്‌നേയാസ്ത്ര എന്നിങ്ങനെ പോകുന്ന ഒരു അസ്ത്രവേഴ്സിനെയാണ് ബ്രഹ്മാസ്ത്രയിലൂടെ അയാന്‍ മുഖര്‍ജി അവതരിപ്പിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന ശിവ എന്ന കഥാപാത്രം തന്നെ ആഗ്‌നേയാസ്ത്രമാണ്.
അസ്ത്രാവേഴ്സ് എന്ന സിനിമാ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ബ്രഹ്മാസ്ത്ര പാര്‍ട്ട് 1: ശിവ. അമിതാഭ് ബച്ചന്‍, മൗനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം വിജയിച്ചാല്‍ ഏറെ സവിശേഷതകളുള്ള ഒരു ബോളിവുഡ് ഫ്രാഞ്ചൈസിക്കും തുടക്കമാവും.
Content Highlight: Junior NTR’s promotional event did not take place; Brahmastra lost one and a half crores