ലഖ്‌നൗ: അവലോകന യോഗത്തിനിടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ കാണാന്‍ എത്തിയ ജൂനിയര്‍ ഡോക്ടര്‍മാരെ തടഞ്ഞു.
യോഗം തടസ്സപ്പെടാതിരിക്കാനാണ് ഡോക്ടര്‍മാരെ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
മെമോറാന്റം സമര്‍പ്പിക്കാനെത്തിയ ഝാന്‍സിയിലെ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെയാണ് തടഞ്ഞത്. അവശ്യ മരുന്നുകള്‍ ലഭ്യമാക്കണം, അധികൃതരോട് മാന്യമായി പെരുമാറാന്‍ ആവശ്യപ്പെടണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ചത്.
യോഗിയെ കാണാനുള്ള അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. ആവശ്യമുള്ള സമയത്തൊന്നും യു.പി സര്‍ക്കാര്‍ ഉണ്ടാകാറില്ലെന്നും തെറ്റായ പബ്ലിസിറ്റിയില്‍ രസം പിടിച്ചിരിക്കലാണ് സര്‍ക്കാരിന്റെ രീതിയെന്നും പ്രിയങ്ക പറഞ്ഞു.
നേരത്തെ യു.പിയില്‍ 14 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചിരുന്നു. ഉന്നാവോയിലെ ഗ്രാമീണ ആശുപത്രികളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് രാജിവെച്ചത്. ജില്ലയില്‍കൊവിഡ് കേസുകളുടെ വര്‍ദ്ധനവിന് തങ്ങളെ ബലിയാടാക്കുന്നുവെന്ന് പറഞ്ഞാണയിരുന്നു രാജി.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിന്റെയും ചുമതലയുള്ള ഡോക്ടര്‍മാരാണ് രാജിവെച്ചത്. ഗ്രാമീണരുടെ ചികിത്സയ്ക്ക് മുന്‍നിരയിലുള്ള സ്ഥലങ്ങളാണ് ഇവ രണ്ടും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കഠിനാധ്വാനം ചെയ്തിട്ടും മോശം പെരുമാറ്റവും ശിക്ഷാനടപടികളുമാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ഡോക്ടര്‍മാര്‍ക്ക് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.