കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; കേരളത്തില്‍ ഇന്ന് ജൂനിയര്‍ ഡോക്ടര്‍മാര് സമരത്തില്‍, നാളെ രാജ്യവ്യാപക പണിമുടക്ക്
Kerala
കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; കേരളത്തില്‍ ഇന്ന് ജൂനിയര്‍ ഡോക്ടര്‍മാര് സമരത്തില്‍, നാളെ രാജ്യവ്യാപക പണിമുടക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th August 2024, 8:27 am

ന്യൂദല്‍ഹി: കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍. കേരളത്തിലെ പി.ജി ഡോക്ടര്‍മാരുടെ സംഘടനയായ കെ.എം.പി.ജി.എ(കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍) ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഒ.പി വിഭാഗവും വാര്‍ഡ് ഡ്യൂട്ടിയുമാണ് ബഹിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിരിക്കുന്ന ശസ്ത്രക്രിയകളേയും സമരം ബാധിക്കും.

അതേസമയം നാളെ രാജ്യവ്യാപകമായി പണിമുടക്ക് നടത്താന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്. നാളെ(17-8-24) രാവിലെ ആറ് മുതല്‍ ശനിയാഴ്ച (18-8-24) രാവിലെ വരെയാണ് സമരം. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടടേഴ്‌സ് അസോസിയേഷന്‍ നാളെ ദേശീയ തലത്തില്‍ കരിദിനം ആചരിക്കും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിഭാഗം വനിതാ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെടുന്നത്. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന യുവതിയെ സിവിക് വളണ്ടിയറായ സഞ്‌യ് റാം ആക്രമിക്കുകയായിരുന്നു.

കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം കല്‍ക്കട്ട ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേസമയം കുറ്റകൃത്യത്തിന് പിന്നില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപിച്ച് യുവതിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിട്ടുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ദിവസങ്ങളായി സമരത്തിലാണ്. ഇവര്‍ക്ക് നേരെ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി കൈയേറ്റം നടന്നിരുന്നു. അക്രമികള്‍ സമരപ്പന്തല്‍ തകര്‍ക്കുകയും പ്രതിഷേധക്കാരെ മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ 15 പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കൊലപാതകത്തിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു ആക്രമണം ആസൂത്രണം ചെയ്തതെന്ന് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു.

 

Content Highlight: Junior Doctor’s association announces strike in Kerala