'രഹാനെയ്ക്കും കിട്ടി വജ്രായുധത്തെ'; പരിക്കേറ്റ ചമീരയ്ക്ക് പകരം ദക്ഷിണാഫ്രിക്കയുടെ തീപ്പൊരി താരം രാജസ്ഥാന്‍ റോയല്‍സില്‍
ipl 2018
'രഹാനെയ്ക്കും കിട്ടി വജ്രായുധത്തെ'; പരിക്കേറ്റ ചമീരയ്ക്ക് പകരം ദക്ഷിണാഫ്രിക്കയുടെ തീപ്പൊരി താരം രാജസ്ഥാന്‍ റോയല്‍സില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th April 2018, 12:34 pm

ജയ്പ്പൂര്‍: രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷന്‍ കാലയളവിനു ശേഷം ഐ.പി.എല്ലിലേക്ക് തിരിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ തുടക്കം ചെന്നൈ സൂപ്പര്‍ കിങ്‌സിനെപ്പോലെ സുഖകരമായിരുന്നില്ല. ആദ്യ രണ്ടു മത്സരത്തിലും വിജയിച്ച് പഴയ പ്രതാപം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ ധോണിക്കും സംഘത്തിനും കഴിഞ്ഞെങ്കില്‍ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു രഹാനെയുടെ നേതൃത്വത്തിലിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ്.


‘Also Read: കലിപ്പ് തീരാതെ വാട്‌സണ്‍’; ‘തകര്‍ത്തത് മാധ്യമപ്രവര്‍ത്തകന്റെ ലാപ്‌ടോപ്’; വാട്‌സന്റെ പവര്‍ സിക്‌സര്‍ കാണം

സ്റ്റീവ് സ്മിത്തിനു കീഴില്‍ മടങ്ങിവരവിനൊരുങ്ങിയ ടീമിനു ടൂര്‍ണ്ണമെന്റാരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയായിരുന്നു ഓസീസ് നായകനായിരുന്ന സ്മിത്തിനെ നഷ്ടപ്പെട്ടത്. തുടര്‍ന്ന് നായകസ്ഥാനം ഏറ്റെടുത്ത രഹാനെയ്ക്ക് പരിക്കേറ്റ് പല വിദേശ താരങ്ങളും പുറത്തായതും തിരിച്ചടിയായിരുന്നു.

എന്നാലിപ്പോള്‍ രാജസ്ഥാന്‍ ആരാധകര്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ് ടീം ക്യാമ്പുകളില്‍ നിന്നും പുറത്തുവരുന്നത്. നേരത്തെ രാജസ്ഥാന്റെ വിദേശതാരങ്ങളായ ദുഷ്മന്ത ചമീരയും ജോഫ്ര ആര്‍ച്ചറും പരിക്കേറ്റ് പുറത്തായിരുന്നു. ഇതില്‍ ശ്രീലങ്കന്‍ താരം ചമീരയ്ക്ക് പകരക്കാരനായി രാജസ്ഥാന്‍ മാനേജ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ ജൂനിയര്‍ ഡാലയെയാണ്.

ടീമുമായി ചര്‍ച്ചകള്‍ ആരംഭിച്ചതിനു പിന്നാലെ ജൂനിയര്‍ ഡാല രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്‍സ്റ്റാഗ്രം അക്കൗണ്ട് ഫോളോ ചെയ്യാന്‍ തുടങ്ങിയതും ആരാധകര്‍ ആവേശത്തോടെയാണ് നോക്കികാണുന്നത്. 28 കാരനായ ഡാല 52 ടി – ട്വന്റി മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. 8.21 ഇക്കോണമിയില്‍ 49 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.