| Monday, 20th November 2023, 9:29 pm

ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡിലെ കെ-പോപ്പ് വിജയികളെ പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023ലെ ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ് (B.B.M.A) വിജയികളെ പ്രഖ്യാപിച്ചു. മറ്റ് മ്യൂസിക് അവാര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ആല്‍ബം, ഡിജിറ്റല്‍ സോങ്ങുകളുടെ വില്‍പന, സ്ട്രീമിങ്ങ്, റേഡിയോ എയര്‍പ്ലേ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡിലെ ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തിരുന്നത്.

ഈ വര്‍ഷം, ബില്‍ബോര്‍ഡ് നാല് കെ-പോപ്പ് വിഭാഗങ്ങളെയായിരുന്നു അവാര്‍ഡ് പരിഗണനയില്‍ പുതുതായി കൊണ്ടു വന്നിരുന്നത്. മികച്ച ഗ്ലോബല്‍ കെ-പോപ്പ് ആര്‍ട്ടിസ്റ്റ്, മികച്ച കെ-പോപ്പ് ആല്‍ബം, മികച്ച ഗ്ലോബല്‍ കെ-പോപ്പ് സോങ്ങ്, മികച്ച കെ-പോപ്പ് ടൂറിങ്ങ് ആര്‍ട്ടിസ്റ്റ് എന്നിവയൊക്കെയായിരുന്നു അത്.

അതില്‍ കെ-പോപ്പ് വിഭാഗങ്ങളിലെ അവാര്‍ഡുകളില്‍ വിജയികളായിരിക്കുന്നത് ജങ്കൂക്ക്, ന്യൂജീന്‍സ്, സ്ട്രേ കിഡ്സ്, ബ്ലാക്ക് പിങ്ക് എന്നിവരാണ്.

ജങ്കൂക്ക് മികച്ച ഗ്ലോബല്‍ കെ-പോപ്പ് സോങ്ങിനുള്ള അവാര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ജങ്കൂക്കിന്റെ ‘ഗോള്‍ഡന്‍’ ആല്‍ബത്തിലെ ‘സെവന്‍’ എന്ന സോങ്ങാണ് അവാര്‍ഡ് നേടിയത്. മികച്ച ഗ്ലോബല്‍ കെ-പോപ്പ് സോങ്ങിനുള്ള അവാര്‍ഡ് നേടിയതിലുള്ള സന്തോഷം ജങ്കൂക്ക് വീഡിയോയിലൂടെ പങ്കുവെച്ചു.

‘ഈ അവാര്‍ഡ് ലഭിച്ചതിലെ എന്റെ നന്ദി വാക്കുകളാല്‍ പ്രകടിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആര്‍മിക്കും ഈ സോങ്ങ് ഇഷ്ടപ്പെട്ട എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് ഈ അവാര്‍ഡ് ലഭിക്കുമായിരുന്നില്ല,’ ജങ്കൂക്ക് പറഞ്ഞു.

മികച്ച കെ-പോപ്പ് ടൂറിങ്ങ് ആര്‍ട്ടിസ്റ്റ് വിഭാഗത്തില്‍ ബ്ലാക്ക് പിങ്കാണ് അവാര്‍ഡ് നേടിയത്. അവരുടെ BORN PINK എന്ന വേള്‍ഡ് ടൂര്‍ ലോകമെമ്പാടുമുള്ള 22 രാജ്യങ്ങളിലെ 34 നഗരങ്ങളിലായി 66 കോണ്‍സേര്‍ട്ടുകളാണ് നടത്തിയിരുന്നത്.

1.8 മില്യണിലധികം ആളുകളാണ് ഇത് കണ്ടത്. ഒരു കെ-പോപ്പ് ഗേള്‍ ഗ്രൂപ്പിന്റെ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത കോണ്‍സേര്‍ട്ട് ടൂറായി ഇത് മാറിയിരുന്നു.

മികച്ച ഗ്ലോബല്‍ കെ-പോപ്പ് ആര്‍ട്ടിസ്റ്റ് വിഭാഗത്തില്‍ ന്യൂജീന്‍സ് എന്ന ഗേള്‍ ഗ്രൂപ്പ് തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ തങ്ങളുടെ ഹിറ്റ് സോങ്ങുകളായ ‘സൂപ്പര്‍ ഷൈ’, ‘ഒ.എം.ജി’ എന്നിവ ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ് ഷോയില്‍ അവര്‍ പെര്‍ഫോം ചെയ്തു.

‘ഒരുപാട് നല്ല ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ഈ വിഭാഗത്തില്‍ നോമിനേഷനില്‍ വന്നത് തന്നെ ഒരു ബഹുമതിയായിട്ടാണ് കാണുന്നത്. ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരവും ഞങ്ങള്‍ക്ക് ലഭിച്ചു.

അതില്‍ ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്. ഈ അവാര്‍ഡ് ഞങ്ങളുടെ ആരാധകരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സ്‌നേഹത്തിന്റെയും പിന്തുണയുടെയും ഓര്‍മപ്പെടുത്തലായിരിക്കും,’ ന്യൂജീന്‍സ് പറഞ്ഞു.

ബില്‍ബോര്‍ഡിന്റെ മികച്ച കെ-പോപ്പ് ആല്‍ബത്തിനുള്ള അവാര്‍ഡ് നേടിയത് സ്ട്രേ കിഡ്സ് എന്ന ബോയ് ബാന്‍ഡാണ്. അവരുടെ ‘ഫൈവ് സ്റ്റാര്‍’ എന്ന ആല്‍ബമാണ് അവാര്‍ഡ് സ്വന്തമാക്കിയത്. സ്ട്രേ കിഡ്സിന്റെ മൂന്നാമത്തെ സ്റ്റുഡിയോ ആല്‍ബമാണ് അത്.

Content Highlight: Jungkook, Black Pink, Newjeans And Stray Kids Are The Winners Of The Billboard Music Awards

We use cookies to give you the best possible experience. Learn more