| Thursday, 4th July 2024, 11:32 am

നിര്‍ത്തിയെന്ന് കരുതിയവര്‍ക്ക് തെറ്റി; ഏറ്റവും കൂടുതല്‍ കപ്പലുകള്‍ ഹൂത്തികളുടെ ആക്രമണത്തിനിരയായത് ജൂണില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഹൂത്തികള്‍ കടുപ്പിച്ചത് ജൂണില്‍. 2024 ജൂണില്‍ മാത്രമായി 16 ആക്രമണങ്ങളാണ് കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂത്തി വിമത സംഘം നടത്തിയത്. യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രഈലി സര്‍ക്കാരിന്റെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഹൂത്തികള്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ആരംഭിച്ചത്. ഇതിനോടകം നിരവധി കപ്പലുകള്‍ക്ക് നേരെയാണ് ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂത്തികള്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്.

ചെങ്കടല്‍, ഏഥന്‍ കടലിടുക്ക്, അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം തുടങ്ങിയ കടല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്ന കപ്പലുകള്‍ക്ക് നേരെയാണ് ഹൂത്തികള്‍ കൂടുതലായും ആക്രമണം നടത്തിയിരുന്നത്. ഇതുവരെ 60ല്‍ അധികം കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. സ്ഥിരീകരിക്കാത്ത നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

മാരിടൈം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ബാബ് അല്‍-മന്ദാബ് കടലിടുക്കില്‍ കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത്. ഇസ്രഈലുമായി ബന്ധമില്ലാത്ത വാണിജ്യ കപ്പലുകളും ഹൂത്തികളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. നവംബറില്‍ മൂന്ന് നാവികരെങ്കിലും ഹൂത്തികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 12ന് ഹൂത്തികളുടെ ആക്രമണത്തില്‍ ഗ്രീക്ക് ഉടമസ്ഥതയിലുള്ള രണ്ട് കപ്പലുകള്‍ കടലില്‍ പൂര്‍ണമായും മുങ്ങിയിരുന്നു. ഹൂത്തികളുടെ ആക്രമണത്തെ ചെറുക്കന്‍ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സൈന്യത്തിന്റെ പരാജയം കൂടിയാണ് ഈ കണക്ക്.

ഒക്ടോബര്‍ ഏഴിന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് പ്രത്യാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നത്. അതിനെ തുടര്‍ന്നാണ് ഇസ്രഈലുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്താന്‍ ആരംഭിച്ചത്. ഗസയിലെ അതിക്രമങ്ങള്‍ ഇസ്രഈല്‍ അവസാനിപ്പിക്കുമ്പോള്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ തങ്ങളും നിര്‍ത്തുമെന്നാണ് ഹൂത്തികള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കിയ സന്ദേശം.

Content Highlight: June sees most Houthi attacks on Red Sea shipping this year

We use cookies to give you the best possible experience. Learn more