രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് “അനുരാഗ കരിക്കിന്‍ വെള്ളം”എന്ന സിനിമ പുറത്തിറങ്ങിയത്. അന്ന് എലിസബത്ത് എന്ന എലിയായിട്ടാണ് രജീഷ വിജയന്‍ എന്ന താരം മലയാള വെള്ളിത്തിരയില്‍ എത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ജൂണായി രജീഷ വെള്ളിത്തിരയില്‍ എത്തി. ആദ്യ ചിത്രത്തില്‍ നിന്ന് ജൂണില്‍ എത്തുമ്പോള്‍ രജീഷ എന്ന പുതുമുഖം ഇരുത്തം വന്ന നടിയായി മാറിയിട്ടുണ്ട്.
ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഈ സിനിമ. ജൂണിന്റെ അപ്പന്‍ ഇടയ്ക്ക് ഇടയ്ക്ക് ഉപദേശം കൊടുക്കുന്ന പോലെ അവളുടെ ജീവിതത്തിലെ ചില നിര്‍ണായക വഴിത്തിരിവുകളാണ് ജൂണിലൂടെ പ്രേക്ഷകന് കാണിച്ചു തരുന്നത്.
അഹമ്മദ് കബീര്‍ എന്ന നവാഗതനായ സംവിധായകനാണ് ജൂണ്‍ ഒരുക്കിയിരിക്കുന്നത്. വിജയ് ബാബു എന്ന നിര്‍മ്മാതാവ് എന്നുമൊരു അത്ഭുതമാണ്. നവാഗതരായ സംവിധായകരുടെ കൂടെയാണ് ഫ്രൈഡെ ഫിലിംസ് ചെയ്തിട്ടുള്ള സിനിമകളില്‍ അധികവും എങ്കിലും ആ സിനിമകള്‍ എല്ലാം തന്നെ പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നതാണ്.
അത്തരത്തില്‍ ഒരു സിനിമയാണ് ജൂണ്‍. ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയം ഏതാണ് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? പലര്‍ക്കും പലതായിരിക്കും പക്ഷേ അവരുടെ എല്ലാം സ്‌കൂള്‍ കാലഘട്ടം മറക്കാന്‍ കഴിയാത്ത ഒന്നായിരിക്കും ജീവിതത്തില്‍ നേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ആ സ്‌ക്കൂള്‍ കാലഘട്ടം ഒന്ന് വേറെ തന്നെയാണ്.
വര്‍ക്കലയിലെ ഒരു ന്യൂയര്‍ ആഘോഷത്തില്‍ നിന്നാണ് സിനിമയാരംഭിക്കുന്നത്. അവിടെ നിന്ന് കഥ ഫ്‌ളാഷ് ബാക്കില്‍ ജൂണിന്റെ സ്‌ക്കൂള്‍ ജീവിതത്തിലേക്ക് എത്തുന്നു. ജൂണിന്റെയും കൂട്ടുകാരുടെയും പ്ലസ് വണ്‍ ജീവിതത്തിലെ ആദ്യ ദിനത്തില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. ആദ്യ പകുതിയില്‍ ജൂണിന്റെ സ്‌ക്കൂള്‍ കാലഘട്ടമാണ് പ്രധാനമായും വരുന്നത്.
പ്ലസ് വണിന് ഒരു പ്രത്യേകതയുണ്ട്. പണ്ട് പ്രീ ഡിഗ്രി എന്നറിയപ്പെട്ടിരുന്ന പ്ലസ് വണ്‍ പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ സ്‌ക്കൂള്‍ കുട്ടികളാണെന്ന് പറയാന്‍ കഴിയില്ല. അതേ സമയം അവരെ കോളേജ് പിള്ളേര്‍ എന്നും പറയാന്‍ കഴിയില്ല. ഇതിന് രണ്ടിനുമിടയ്ക്കുള്ള ഒരു കാലഘട്ടം. പലര്‍ക്കും പ്രണയം ആരംഭിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്.
നമ്മുടെ ജൂണിനും ഒരു പ്രണയം ഉണ്ടായിരുന്നു, നോയല്‍. എന്തോ അവനുമായി ഒരടുപ്പം ജൂണിന് വളരെ പെട്ടന്ന് തന്നെയുണ്ടായി. ജൂണിന്റെയും നോയലിന്റെയും പ്രണയം രണ്ട് കാലഘട്ടങ്ങളിലായി ചിത്രത്തില്‍ എത്തുന്നുണ്ട്. ഒട്ടും അമിതമാകാതെ അതി മനോഹരമായി ഇവരുടെ പ്രണയം കാണിച്ചു തരാന്‍ സംവിധായകനായിട്ടുണ്ട്.
സ്‌ക്കൂളില്‍ നിന്ന് കോളെജിലേക്കും അവിടെ നിന്ന് ജോലിക്കായും ജൂണ്‍ പോകുമ്പോള്‍ അവള്‍ക്ക് മാറ്റങ്ങള്‍ വരുന്നുണ്ട്. പ്രത്യേകിച്ച് ഒരു കഴിവുമില്ലെന്ന് കരുതുന്ന ഒരു കുട്ടിയാണ് ജൂണ്‍. അവളുടെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നയാളാണ് അവളുടെ പപ്പ. അമ്മയാകട്ടെ അവളുടെ നല്ലതിന് വേണ്ടി സ്ഥിരമായി ജൂണുമായി അടിയുണ്ടാക്കുമെങ്കിലും സ്‌നേഹമുള്ള ഒരാള്‍. ജോജു ജോര്‍ജും അശ്വതി മേനോനുമാണ് ഈ വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
സത്യം ശിവം സുന്ദരം എന്ന സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന അശ്വതി ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയ നല്ലൊരു റോളാണ് ജൂണിലെ അമ്മയുടെ വേഷം. സിനിമയില്‍ അഭിനയിച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. പക്ഷേ അതിന്റെ പോരായ്മകള്‍ ഒന്നും തന്നെ വെള്ളിത്തിരയില്‍ കണ്ടില്ല.
അസുര എന്ന ത്രിമൂര്‍ത്തി ഗ്യാംങ് ഉണ്ട് സിനിമയില്‍,ഓര്‍മകള്‍ വകഞ്ഞുമാറ്റുകയാണെങ്കില്‍ നമ്മളില്‍ പലര്‍ക്കുമുണ്ടാകും ഇത് പോലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ചില കൂട്ടുകാര്‍.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരുപാട് മുഹുര്‍ത്തങ്ങള്‍ സിനിമയിലുണ്ടായിരുന്നു. പഠിച്ചു കൊണ്ടിരുന്ന കാലത്ത് നമ്മളില്‍ പലര്‍ക്കും ഒരുപാട് ആഗ്രഹങ്ങളും ഒരുപാട് സുഹൃത്തുക്കളും ഉണ്ടാകും. എന്ത് വന്നാലും ഇവരെല്ലാം നമ്മുടെ കൂടെയുണ്ടാവുമെന്നും നമ്മുടെ ആഗ്രഹങ്ങള്‍ നടക്കുമെന്നും നമ്മല്‍ കരുതും. പക്ഷേ പലപ്പോഴും അതൊന്നും നടക്കില്ല. കൂട്ടുകാരില്‍ പലരും പലവഴിക്കാകും. വല്ലപ്പോഴും കാണുന്നവരായി മാറാനും സാധ്യതയുണ്ട്.
ചിത്രം പൂര്‍ണമായി രജീഷയുടെ കൈകളിലാണെന്ന് പറയാം. തന്റെ ബോഡി ലാംഗേജിലും സംസാരശൈലിയിലും ലുക്കിലും എല്ലാം മാറ്റം വരുത്തി വിവിധ കാലഘട്ടങ്ങളെ കല്ലുകടിയാവാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ രജീഷക്കായി. ഒരു പ്ലസ്ടുകാരിയുടെയും പിന്നീട് ജീവിത്തിലെ യാഥാര്‍ത്ഥ്യങ്ങളെ നേരിടുകയും ചെയ്യുന്ന ജൂണ്‍ രജീഷയില്‍ ഭദ്രമായിരുന്നു. തനിക്ക് പ്രത്യേകിച്ച് ഒരു കഴിവുമില്ലെന്ന് പറഞ്ഞിരുന്ന പ്ലസ് ടുകാരിയില്‍ നിന്ന് തന്റെ ജീവിതത്തില്‍ കൃത്യമായി നിലപാടുകള്‍ എടുക്കാന്‍ കഴിയുന്ന കല്ല്യാണം കഴിക്കാന്‍ പോകുന്നവന്റെ വീട്ടില്‍ പണിയെടുക്കാനാണെങ്കില്‍ കുക്കറി ക്ലാസിന് പോകുമായിരുന്നു ഡിഗ്രിക്കല്ല എന്ന് പറയാന്‍ കഴിയുന്ന ജൂണ്‍ എന്ന യുവതിയായും രജീഷയെ ചിത്രത്തില്‍ കാണാം
.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് അര്‍ജുന്‍ അശോകിന്റെത്. പക്ഷേ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ജൂണിലെ മറ്റൊരു പ്രധാന കഥാപാത്രമായ മൊട്ടച്ചിക്ക് കുറച്ചുകൂടെ സ്ക്രീന്‍ സ്പെയ്സ് കൊടുക്കാമായിരുന്നെന്നും തോന്നി.
ജൂണും അപ്പനുമായുള്ള ബന്ധം കാണിക്കുന്ന നിരവധി സീനുകള്‍ സിനിമയിലുണ്ട്. അയാള്‍ക്ക് അവള്‍ ഒരിക്കലും ഒരു ഭാരമല്ല. ജോജുവിന്റെ കഥാപാത്രം ജൂണിന്റെ കല്ല്യാണ ദിവസം തന്റെ ഭാരം ഒഴിഞ്ഞല്ലോ എന്ന് പറയുന്ന ഒരു “അമ്മാവനോട്” പറയുന്നുണ്ട് അത്. ആണ്‍കുട്ടികളെ നേട്ടമായും പെണ്‍കുട്ടികളെ ബാധ്യതയായും കാണുന്നവര്‍ക്ക് അയാളുടെ മറുപടി ഒരു അടി തന്നെയാണ്.
സംവിധായകന്‍ അഹമ്മദ് കബീറും ലിബിന്‍ വര്‍ഗീസും ജീവന്‍ ബേബി മാത്യുവുമാണ് ചിത്രത്തിന്റെ തിരക്കഥ. ജിതിന്റെ ക്യാമറയും എടുത്ത് പറയേണ്ടതാണ്. ചിത്രത്തിലെ പല ഷോട്ടുകളും പ്രത്യേകിച്ച് മഴക്കാലത്തെ സീനുകള്‍ മനോഹരമാക്കിയിട്ടുണ്ട്. ഇഫ്തിക്കര്‍ അലി അസീസ് എന്ന ഇഫ്തിയാണ് ചിത്രത്തിലെ സംഗീത സംവിധാനം. ഗാനങ്ങളും ബി.ജി.എമ്മും ഒരേപേലെ നല്ലതായിരുന്നു.
തുടക്കത്തില്‍ പറഞ്ഞപോലെ അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ നിന്ന് ജൂണിലെത്തി നില്‍ക്കുന്ന രജീഷ മലയാള സിനിമയ്ക്ക് നന്നായി ഉപയോഗിക്കാവുന്ന ഒരു നായികയാണ്. കോമഡി രംഗങ്ങളിലും ഇമോഷണല്‍ രംഗങ്ങളും രജീഷയ്ക്ക് ഒരേ പോലെ വഴങ്ങുന്നുണ്ട്. ജോജുവിന്റെ കൂടെയുള്ള വെള്ളമടി സീനും സിനിമയിലെ രണ്ടാം പകുതിയിലെ രംഗങ്ങളും ഇതിന് ഉദാഹരണമാണ്.
NB: ജൂണിലെ സ്‌ക്കൂള്‍ ലൈഫും പിള്ളാരെയും കണ്ടപ്പോഴാണ് കണ്ണിറുക്കി ക്ലാസില്‍ പോയ ചില പ്ലസുടൂക്കാരെ എടുത്ത് കിണറ്റിലിടാന്‍ തോന്നിയത്.