| Friday, 30th June 2023, 11:59 pm

ബ്രസീല്‍ ലോക ചാമ്പ്യന്മാരായതിന്റെ 21ാം വാര്‍ഷികം; 2002ന് ശേഷം ലോക കിരീടം ചൂടാനാകാതെ മഞ്ഞപ്പട

സ്പോര്‍ട്സ് ഡെസ്‌ക്

ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീല്‍ ലോകകപ്പ് കിരീടം നേടിയിട്ട് ജൂണ്‍ 30ന് 21 വര്‍ഷം. പതിനേഴാമത് ലോകകപ്പ് എഡിഷനിലായിരുന്നു ബ്രസീലിന്റെ അഞ്ചാം കിരീട നേട്ടം. 2002 മെയ് 31 മുതല്‍ ജൂണ്‍ 30 വരെ ജപ്പാനിലും ദക്ഷിണ കൊറിയയിലുമായിട്ടായിരുന്നു ടൂര്‍ണമെന്റ്.

ചരിത്രത്തിലാദ്യമായി ഇരു രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിച്ച ലോകകപ്പ്, ഏഷ്യയില്‍ അരങ്ങേറിയ ആദ്യ ലോകകപ്പ് എന്നീ പ്രത്യേകതകള്‍ ഈ ടൂര്‍ണമെന്റിനുണ്ടായിരുന്നു. ഫൈനലില്‍ ജര്‍മനിയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടമുയര്‍ത്തിയത്. പലതവണ കിരീടം ചൂടിയിട്ടുണ്ടെങ്കിലും ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ പോരാടിയ ആദ്യ ലോകകപ്പായിരുന്നു ഇത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനിയെ ഫൈനലില്‍ ബ്രസീല്‍ തകര്‍ത്തത്.

തുര്‍ക്കി, കോസ്റ്റാറിക്ക, ചൈന എന്നീ ടീമുകളുള്ള താരതമ്യേന കുഞ്ഞന്‍ ഗ്രൂപ്പിലായിരുന്നു ബ്രസീല്‍. ഗ്രൂപ്പ് ഗെയിമുകളിലെല്ലാം അനായാസം വിജയിച്ചുകയറാന്‍ ബ്രസീലിനായി.

അവസാന 16-ല്‍ ബെല്‍ജിയത്തെയും ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെയും സെമിയില്‍ തുര്‍ക്കിയെയും മറികടന്നാണ് ബ്രസീല്‍ ഫൈനല്‍ കളിക്കാനെത്തിയത്. ടൂര്‍ണമെന്റില്‍ എട്ട് ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ റൊണാള്‍ഡോ നൊസാരിയോയാണ് ടൂര്‍ണമെന്റില്‍ ബ്രസീലിന് വേണ്ടി തിളങ്ങിയത്.

അതേസമയം, അഞ്ച് തവണ ലോക ജേതാക്കളായ ബ്രസീലിന് 2002 ശേഷം ഒരു ലോകകപ്പ് നേടാന്‍ കഴിഞ്ഞിട്ടില്ല. 2022ല്‍ ഖത്തര്‍ ലോകപ്പില്‍ ക്രൊയേഷ്യയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടാണ് ടീം പുറത്തായത്.

Content Highlight:  June 30 marks 21 years since Brazil won the World Cup title

We use cookies to give you the best possible experience. Learn more