തിരുവനന്തപുരം: പാരിസ് കമ്യൂണിന്റെ 150 വാര്‍ഷികത്തിന്റെ ഭാഗമായി ഇടതു പ്രസാധകര്‍ ചേര്‍ന്ന് പുറത്തിറക്കുന്ന പുസ്തകത്തിന്റെ പിന്‍കവറായി തെരഞ്ഞെടുത്തത് മലയാളിയായ വിദ്യാര്‍ത്ഥിയുടെ ചിത്രം. പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ജുനൈന മുഹമ്മദിന്റെ ചിത്രമാണ് ‘പാരിസ് കമ്യൂണ്‍ 150’ എന്ന ചിത്രത്തിന്റെ പിന്‍കവറായി തെരഞ്ഞെടുത്തത്.
പോണ്ടിച്ചേരി സര്‍വകലാശാലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്ന ജുനൈന യങ് സോഷ്യലിസ്റ്റ് ആര്‍ടിസ്റ്റ് കൂട്ടായ്മയിലെ അംഗവുമാണ്.
പുസ്തകത്തിന്റെ കവര്‍ പേജും പിന്‍കവറും തെരഞ്ഞെടുക്കാന്‍ ആഗോളതലത്തില്‍ കലാകാരന്മാരില്‍ നിന്ന് സൃഷ്ടി ക്ഷണിച്ചിരുന്നു. ഇതില്‍ നിന്നാണ് ജുനൈനയുടെ ചിത്രം തെരഞ്ഞെടുത്തത്.
കവര്‍ ചിത്രമായി തെരഞ്ഞെടുത്തത് ക്യൂബന്‍ ആര്‍ട്ടിസ്റ്റ് ജോര്‍ജെ ലൂയിസ് അഗ്വിലറിന്റെ ചിത്രമാണ്.
മാര്‍ക്‌സിന്റെയും ലെനിന്റെയും ലേഖനങ്ങള്‍ക്ക് പുറമെ ടിംങ്‌സ് ചാക്കിന്റെ കുറിപ്പും, വിജയ് പ്രഷാദിന്റെ ലേഖനവും, ബ്രഹ്തിന്റെ കവിതയും വിവിധ ലിപികളില്‍ സാര്‍വദേശീയ ഗാനത്തിലെ വരികളുമെല്ലാം പുസ്തകത്തിന്റെ ഭാഗമാണ്.
ട്രൈക്കോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ നിന്നും പുസ്തകം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. മുന്‍പ് ഇതേ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരുപത് പ്രസാധകര്‍ ചേര്‍ന്ന് ‘ചെ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.
ബ്രസീല്‍, ക്യൂബ, ചിലി, അര്‍ജന്റീന, റൊമാനിയ, വെനസ്വേല, ഇന്തോനീഷ്യ, സ്ലൊവേനിയ, ഇറ്റലി, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ ഭാഷകളില്‍ തയ്യാറാക്കപ്പെട്ട പുസ്തകമാണ് പാരിസ് കമ്യൂണിന്റെ അവസാന ദിവസമായ മെയ് 28 ന് പ്രസിദ്ധീകരിച്ചത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പത്ത് പ്രസാധകര്‍ പുസ്തകത്തിന്റെ ഭാഗമാണ്. മലയാളത്തില്‍ ചിന്തയാണ് പ്രസാധകര്‍. ട്രൈക്കോണ്ടിനെന്റല്‍ സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ കൂട്ടായ്മ രൂപീകരിക്കാന്‍ നേതൃത്വം കൊടുത്തത്. 18 ഭാഷകളിലായി പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകം 15 രാജ്യങ്ങളില്‍ തയ്യാറാക്കപ്പെടും.