ന്യൂദല്‍ഹി: മകന് കൊല്ലപ്പെട്ട സഹോദരന്റെ പേരിട്ട് ബീഫിന്റെ പേരില്‍ ട്രെയിനില്‍വെച്ച് കൊല്ലപ്പെട്ട ജുനൈദിന്റെ സഹോദരി. പെരുന്നാള്‍ ,ഷോപ്പിങ് കഴിഞ്ഞ് മടങ്ങവേ ദല്‍ഹിയിലെ ലോക്കല്‍ ട്രെയിനില്‍വെച്ച് സംഘപരിവാര്‍ അക്രമികളാല്‍ കൊല്ലപ്പെട്ട ഹരിയാനയിലെ ഫരീദാബാദ് സ്വദേശി ജുനൈദിന്റെ സഹോദരി റാബിയയാണ് മകന് ജുനൈദിന്റെ പേരു നല്‍കിയത്.
“അവന്റെ അമ്മാവന്‍ ജുനൈദിനെപ്പോലെ തന്നെയാണ് അവനും. അവനെന്റെ പ്രിയ്യപ്പെട്ട സഹോദരനായിരുന്നു. അതുകൊണ്ടു എന്റെ മകന് അവന്റെ പേരു നല്‍കാന്‍ തീരുമാനിച്ചു” റാബിയയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
കഴിഞ്ഞവര്‍ഷം ജൂണ്‍ 22ന് ജുനൈദ് കൊല്ലപ്പെടുമ്പോള്‍ റാബിയ ഗര്‍ഭിണിയായിരുന്നു. ജുനൈദ് കൊല്ലപ്പെട്ട് മൂന്നുമാസത്തിനുശേഷമാണ് മകന് ജന്മം നല്‍കിയത്.
മകനെ നഷ്ടപ്പെട്ട വേദനയില്‍ നിന്നും ആ കുടുംബം ഇതുവരെ കരകയറിയിട്ടില്ല. ജുനൈദിനൊപ്പം ആക്രമിക്കപ്പെട്ട മറ്റുമക്കളെക്കൂടി നഷ്ടപ്പെടുമോയെന്ന ഭീതിയുമുണ്ട് കുടുംബത്തിന്.
നീതികിട്ടുമെന്ന വിശ്വാസം പോലും തങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് പിതാവ് ജലാലുദ്ദീന്‍ പറയുന്നത്. “വ്യവസ്ഥകളിലുള്ള വിശ്വാസം ദിവസംതോറും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു പ്രതിയൊഴിച്ച് മറ്റെല്ലാവരും ജാമ്യത്തിലിറങ്ങി പുറത്തു കഴിയുകയാണ്. മക്കളായ ഷാക്കിറും ഹാഷിമുമാണ് പ്രധാന സാക്ഷികളെന്നതുകൊണ്ട് അവര്‍ക്കെന്തെങ്കിലും സംഭവിക്കുമോയെന്ന കാര്യത്തിലും ഞങ്ങള്‍ക്ക് പേടിയുണ്ട്.”
ദല്‍ഹിയില്‍ നിന്നും ഈദ് ഷോപ്പിങ് കഴിഞ്ഞ് മടങ്ങവേ ലോക്കല്‍ ട്രെയിനില്‍വെച്ചാണ് ജുനൈദും സഹോദരങ്ങളും ആക്രമിക്കപ്പെട്ടത്.