ന്യൂദല്‍ഹി: ട്രെയിനില്‍ വച്ച് ജനക്കൂട്ടം ജുനൈദ് എന്ന പതിനാറുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയപ്പോള്‍ സഹയാത്രികരാരും തിരിഞ്ഞ് നോക്കിയിരുന്നില്ലെന്നും എല്ലാവരും മുസ്‌ലീങ്ങളായ ഇവരെ കൊലപ്പെടുത്തെന്ന് ആക്രോശിക്കുകയായിരുന്നെന്നും ജുനൈദിന്റെ സഹോദരന്‍ ഷാക്കിര്‍ ഖാന്‍. ട്രെയിനില്‍ വച്ച് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ഷാക്കീര്‍ സഹയാത്രികരുടെ മനോഭാവത്തെക്കുറിച്ച് വ്യക്തമാക്കിയത്.
“ഞങ്ങള്‍ ആദ്യം ഇന്ത്യക്കാരാണ്, പിന്നെയാണ് മുസ്‌ലീം ആകുന്നത്. ഞങ്ങള്‍ ജനിച്ചത് ഇന്ത്യയിലാണ്, ഇത് ഞങ്ങളുടെ രാജ്യമാണ് ഹരിയാനയിലെ ഫരീദാബാദിലെ കാഡോളി സ്വദേശിയായ 20 കാരന്‍ ഷാക്കീര്‍ പറയുന്നു. ബീഫ് കൈവശം വച്ചെന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടം യുവാക്കളെ അക്രമിച്ചതും 16 കാരനെ കൊലപ്പെടുത്തിയതും.
അക്രമണസമയത്ത് കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന ആരും തന്നെ തങ്ങളുടെ സുരക്ഷക്കായി എത്തിയിരുന്നില്ലെന്നാണ് ഷാക്കീര്‍ പറുന്നത്. ” കംപാര്‍ട്‌മെന്റില്‍ നിറയെ ആള്‍ക്കാരുണ്ടായിരുന്നു. പക്ഷേ എല്ലാവരും അക്രമികള്‍ക്കൊപ്പമായിരുന്നു. ആരും തന്നെ ഞങ്ങളുടെ ഭാഗം ചേര്‍ന്നില്ല.” ഷാക്കീര്‍ പറഞ്ഞു.
“ഒരാള്‍ പോലും ഞങ്ങള്‍ക്കായി സംസാരിച്ചിരുന്നില്ല, അവരെല്ലാം ഒരുപോലെ ആക്രോശിക്കുകയായിരുന്നു ഈ മുസ്ലീങ്ങളെ, സുന്നത്ത് ചെയ്ത എല്ലാറ്റിനേയും കൊല്ലെന്ന്” ഷാക്കീര്‍ വ്യക്തമാക്കി.
ദല്‍ഹിയിലെ സദാര്‍ ബസാറില്‍ നിന്നും സാധനം വാങ്ങി മടങ്ങവേയായിരുന്നു മതുര-ബൗണ്ട് പാസഞ്ചര്‍ ട്രെയിനില്‍ നിന്നും പതിനാറുകാരനായ ജുനൈദിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഷോപ്പിംങ്ങ് കഴിഞ്ഞ് മടങ്ങുന്ന സംഘത്തെയായിരുന്നു ജനക്കൂട്ടം അക്രമിച്ചത്. 17 കാരനായ സഹോദരന്‍ ഹാഷിം ഖാന്റെയും ഗ്രാമത്തിലെ മറ്റു രണ്ട് കൂട്ടുകാരോടപ്പവുമായിരുന്നു ജുനൈദ് ട്രെയിനില്‍ യാത്ര ചെയ്തിരുന്നത്.
അക്രമത്തില്‍ ഷാക്കീറിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ദല്‍ഹിയിലെ എംയിസിലായിരുന്നു ഷാക്കീര്‍ അടക്കമുള്ള യുവാക്കള്‍ ചികിത്സ തേടിയിരുന്നത്. ഒഖ്‌ല സ്റ്റേഷനും അസോതി സ്‌റ്റേഷനും ഇടയില്‍ വച്ചായിരുന്നു അക്രമണമെന്നാണ് ഷാക്കീര്‍ പറയുന്നത്. സഹോദരങ്ങളോടൊപ്പം ഇദ്ദേഹം ഷോപ്പിങ്ങിനായി പോയിരുന്നില്ല. വൈകീട്ട് 5.30 ഓടെയായിരുന്നു ട്രെയിനില്‍ വച്ച് ഷാക്കീറിന്റെ സഹോദരങ്ങള്‍ അക്രമിക്കപ്പെടുന്നത്.
Dont miss ഖത്തറിനെതിരെ കൂടുതല്‍ ഉപരോധ നടപടികള്‍ കൊണ്ടുവരുമെന്ന് യു.എ.ഇ അംബാസിഡറുടെ മുന്നറിയിപ്പ്
ഹാഷിമും ജുനൈദും ട്രെയിനില്‍ പ്രശ്‌നമുണ്ടായപ്പോള്‍ സഹോദരനെ വിളിച്ച് കാര്യം പറയുകയായിരുന്നു. ഒരു കൂട്ടം ആളുകള്‍ തങ്ങളെ വളഞ്ഞിരിക്കുകയാണെന്നും മര്‍ദ്ദിക്കുകയാണെന്നുമായിരുന്നു ഷാക്കീറിനോട് ഇരുവരും വിളിച്ച് പറഞ്ഞിരുന്നത്. വര്‍ഗീയപരമാര്‍ശങ്ങളുമായി തങ്ങളെ അക്രമിക്കുന്നു എന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. സുഹൃത്തുക്കളെയും കൂട്ടി ബല്ലാഗര്‍ഹ് സ്റ്റേഷനിലെത്താനും സഹോദരനോട് ഇരുവരും ആവശ്യപ്പെട്ടു.
ചെറിയ പ്രശ്‌നമെന്തെങ്കിലും ആകുമെന്ന കരുതിയാണ് താന്‍ ആവര്‍ ആവശ്യപ്പെട്ടത് പ്രകാരം 6.40 ഓടെ സ്‌റ്റേഷനിലെത്തിയതെന്ന് ഷാക്കീര്‍ പറയുന്നു. “രണ്ടു സുഹൃത്തുക്കളോടൊപ്പമാണ് താന്‍ സ്റ്റേഷനിലെത്തിയത്. ചെറിയ പ്രശ്‌നമാണെന്നാണ് കരുതിയതെങ്കിലും ട്രെയിന്‍ എത്തിയപ്പോള്‍ തന്നെ സഹോദരന്റെ നിലവിളിയാണ് കേട്ടത്. അപ്പോള്‍ തന്നെ എന്തോ കാര്യമായ പ്രശ്‌നമാണെന്ന് മനസിലായി” ഷാക്കീര്‍ പറഞ്ഞു.
ട്രെയിനില്‍ കയറിയപ്പോഴേക്കും തന്റെ സഹോദരനെയും തന്നെയും യാത്രക്കാരന്‍ കുത്തുകയായിരുന്നു. തങ്ങള്‍ മുസ്‌ലീങ്ങള്‍ ആണെന്ന് മനസിലായത് തന്നെയാകണം അക്രമണത്തിന് കാരണം എന്നാണ് തോന്നുന്നത്. അക്രമം നടക്കുന്ന സമയത്ത് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരാരും തന്നെ സ്‌റ്റേഷനുകളിലൊന്നും ഉണ്ടായില്ലെന്നും ഷാക്കീര്‍ പറഞ്ഞു.