ഹരിയാന: ജുനൈദ് വധക്കേസില്‍ പ്രതികള്‍ക്ക് നിയമസഹായം നല്‍കിയതിന് ജഡ്ജിയുടെ വിമര്‍ശനം നേരിട്ട ഹരിയാന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നവീന്‍ കൗശിക്ക് രാജിവെച്ചു. രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് സൂചന. അഭിഭാഷകന്റെ രാജി സര്‍ക്കാരിന് സമര്‍പ്പിച്ചതായി അഡ്വക്കേറ്റ് ജനറല്‍ ബല്‍ദേവ് രാജ് മഹാരാജന്‍ പറഞ്ഞു.
അഭിഭാഷകന്റെ നടപടി ജുനൈദിന്റെ കുടുംബത്തിന് നിയമനടപടികളില്‍ അവിശ്വാസമുണ്ടാക്കുന്നതാണെന്നും കൗശിക്കിനെതിരെ നടപടിയെടുക്കണമെന്നും ഫരീദാബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വൈ.എസ് റാത്തോഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കൗശിക്ക് ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ ഭാരതീയ ഭാഷ അഭിയാന്റെ നോര്‍ത്ത് റീജിയണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയാണെന്നും ഇത് കൂടാതെ ആര്‍.എസ്.എസ് അനുകൂല അഭിഭാഷക സംഘടനയായ അധിവക്ത പരിഷതിന്റെ ചണ്ഡീഗഢ് യൂണിറ്റുമായും കൗഷിക്കിന് ബന്ധമുണ്ടെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ജുനൈദ് വധക്കേസിലെ ഇടക്കാല ഉത്തരവിലാണ് ഫരീദാബാദ് അഡീഷണല്‍ സെഷന്‍ ജഡ്ജി വൈ.എസ് റാത്തോഡ് സര്‍ക്കാര്‍ അഭിഭാഷകനായ കൗശിക്ക് പ്രതിഭാഗത്തെ സഹായിച്ചതായി ആരോപണം ഉന്നയിച്ചത്. അഭിഭാഷകന്റെ നടപടി നീതിക്കും ധര്‍മ്മത്തിനും നിരക്കാത്തതാണെന്നും അഭിഭാഷകനെന്ന നിലയില്‍ അയോഗ്യനാകുകയാണെന്നും ജഡ്ജി പറഞ്ഞിരുന്നു.