ജുനൈദ് ഖാന്‍ വധക്കേസിലെ വിചാരണക്കോടതി നടപടികള്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്റെ പിതാവായ ജലാലുദ്ദീന്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഫരീദാബാദ് ജില്ലാകോടതിയിലാണ് ജുനൈദ് വധത്തില്‍ അന്വേഷണം നടക്കുന്നത്. മഹേഷ് ഗ്രോവര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
ജനുവരി 11 വരെ നിര്‍ത്തിവെക്കണമെന്നാണ് വിധിയെന്ന് ജലാലുദ്ദീന്റെ അഭിഭാഷകനായ അര്‍ഷ്ദീപ് സിങ് ചീമ പറഞ്ഞു. കേസിലെ സാക്ഷികളുടെയടക്കം മൊഴികള്‍ ദുര്‍ബലപ്പെടുത്തിയെന്ന് ജുനൈദിന്റെ പിതാവിന്റെ ഹരജിയില്‍ പറഞ്ഞിരുന്നു. നവംബര്‍ 27ന് കോടതിയുടെ സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം തള്ളിയിരുന്നു. അന്വേഷണത്തില്‍ അപാകതയില്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് രാജന്‍ ഗുപ്ത ഹരജി തള്ളിയിരുന്നത്.
ജുനൈദ് ഖാന്‍ വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന പൊലീസ് ഫരീദാബാദ് വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണെന്നും കേസ് നിര്‍ണായക ഘട്ടത്തിലാണെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ആരോപണം ഉയരുന്നതിനിടെയായിരുന്നു കേസ് ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ അറിയിച്ചിരുന്നത്.
കഴിഞ്ഞ ജൂണില്‍ ചെറിയ പെരുന്നാള്‍ വേളയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി ദല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് ജുനൈദും സഹോദരനും ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്. ബീഫ് കൈവശമുണ്ടെന്ന ആരോപിച്ച് പതിനഞ്ചുകാരനായ ജുനൈദിനെയും സഹോദരനെയും ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ജുനൈദ് കൊല്ലപ്പെടുന്നത്.