ന്യൂദല്‍ഹി: ഗോരക്ഷകര്‍ 15കാരനായ ജുനൈദ്ഖാനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹരജി പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയിരുന്നത്.
വിധിക്കെതിരെ ജുനൈദിന്റെ കുടുംബത്തിന് സുപ്രീംകോടതിയെ സമീപിക്കാന്‍ രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ അധികാര പരിധിയില്‍ വരുന്നതിനാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് സാധിക്കില്ലെന്ന് ഹരിയാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.
ജുനൈദ് ഖാന്‍ വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേ സമയം ജുനൈദ് ഖാന്‍ വധക്കേസിലെ ഫരീദാബാദ് വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്തത് തുടരും.
കഴിഞ്ഞ ജൂണില്‍ ചെറിയ പെരുന്നാള്‍ വേളയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി ദല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെയാണ് ജുനൈദും സഹോദരനും ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്. ബീഫ് കൈവശമുണ്ടെന്ന ആരോപിച്ച് പതിനഞ്ചുകാരനായ ജുനൈദിനെയും സഹോദരനെയും ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ജുനൈദ് കൊല്ലപ്പെടുന്നത്.