ഹരിയാന: ജുനൈദ് വധക്കേസില്‍ പ്രതികളെ സഹായിക്കുന്നുവെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി ആരോപണം ഉന്നയിച്ച ഹരിയാന അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നവീന്‍ കൗഷിക്കിന് ആര്‍.എസ്.എസ് ബന്ധമുള്ളതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്.
കൗഷിക്ക് കഴിഞ്ഞ രണ്ടര വര്‍ഷമായി ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ ഭാരതീയ ഭാഷ അഭിയാന്റെ നോര്‍ത്ത് റീജിയണ്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. ഇത് കൂടാതെ ആര്‍.എസ്.എസ് അനുകൂല അഭിഭാഷക സംഘടനയായ അധിവക്ത പരിഷതിന്റെ ചണ്ഡീഗഢ് യൂണിറ്റുമായും കൗഷിക്കിന് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം ഉയരുന്ന ആരോപണങ്ങളില്‍ തനിക്കെതിരായി ഒന്നുമില്ലെന്നും അഭിഭാഷകനായ സുഹൃത്തിനെ സഹായിച്ചതാണെന്നും വിശദീകരണം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും കൗഷിക്ക് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
2014ല്‍ ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ പാനലിലേക്ക് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കിയത് കൗഷിക്കിനായിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിക്ക് വേണ്ടി കൗഷിക്ക് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജുനൈദ് വധക്കേസിലെ ഇടക്കാല ഉത്തരവിലാണ് ഫരീദാബാദ് അഡീഷണല്‍ സെഷന്‍ ജഡ്ജി വൈ.എസ് റാത്തോഡ് സര്‍ക്കാര്‍ അഭിഭാഷകനായ കൗഷിക്ക് പ്രതിഭാഗത്തെ സഹായിച്ചതായി ആരോപണം ഉന്നയിച്ചത്. അഭിഭാഷകന്റെ നടപടി നീതിക്കും ധര്‍മ്മത്തിനും നിരക്കാത്തതാണെന്നും അഭിഭാഷകനെന്ന നിലയില്‍ അയോഗ്യനാകുകയാണെന്നും ജഡ്ജി പറഞ്ഞിരുന്നു.