| Friday, 22nd June 2018, 8:35 am

ജുനൈദിന്റെ സഹോദരങ്ങളും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ഓരോനിമിഷവും: വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ജൂനൈദിന്റെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഫിന്റെ പേരില്‍ ജുനൈദ് കൊല്ലപ്പെട്ട് ഒരുവര്‍ഷമാകുമ്പോഴും ജുനൈദിനെ നഷ്ടപ്പെട്ട ആഘാതത്തില്‍ നിന്നും കരകയറാനാവാതെ കുടുംബം. ജുനൈദിന്റെ മാതാവ് സൈറ ഇപ്പോഴും കണ്ണീരുമായി കിടക്കയില്‍ തന്നെയാണ്. ജുനൈദിനൊപ്പം ആക്രമിക്കപ്പെട്ട സഹോദരന്‍ ഷാക്കിറിന് ഇപ്പോഴും ഒരു കൈ ഉയര്‍ത്താനാവാത്ത നിലയിലാണ്.

സഹോദരങ്ങളായ ഫൈസലും അദിലും ഹാഷിമും ക്വാസിമും ഈ സംഭവത്തിനുശേഷം ജുനൈദ് കൊല്ലപ്പെട്ട ലോക്കല്‍ ട്രെയിനില്‍ കയറിയിട്ടില്ല. വീടിന് മുമ്പില്‍ എപ്പോഴും രണ്ട് പൊലീസുകാരുടെ കാവലുണ്ട്.

നീതികിട്ടുമെന്ന വിശ്വാസം പോലും തങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് പിതാവ് ജലാലുദ്ദീന്‍ പറയുന്നത്. “വ്യവസ്ഥകളിലുള്ള വിശ്വാസം ദിവസംതോറും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു പ്രതിയൊഴിച്ച് മറ്റെല്ലാവരും ജാമ്യത്തിലിറങ്ങി പുറത്തു കഴിയുകയാണ്. മക്കളായ ഷാക്കിറും ഹാഷിമുമാണ് പ്രധാന സാക്ഷികളെന്നതുകൊണ്ട് അവര്‍ക്കെന്തെങ്കിലും സംഭവിക്കുമോയെന്ന കാര്യത്തിലും ഞങ്ങള്‍ക്ക് പേടിയുണ്ട്.” അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.


Also Read:കശ്മീരില്‍ പുതിയ ഗവര്‍ണറായി കേന്ദ്രം കൊണ്ടുവരിക രാഷ്ട്രീയ രംഗത്തുനിന്നുള്ളയാളെയെന്ന് റിപ്പോര്‍ട്ട്


“മെട്രോയില്‍ മാത്രമേ യാത്ര ചെയ്യാവൂവെന്ന് ഞാന്‍ മക്കളോടും കൊച്ചുമക്കളോടും പറഞ്ഞിട്ടുണ്ട്. ആരോടും സംസാരിക്കാനോ വഴക്കുകൂടാനോ പോകരുതെന്നും. ഓരോ അരമണിക്കൂറിലും ഞാനവരെ വിളിക്കാറുണ്ട്. ജുനൈദിന് സംഭവിച്ചത് ആവര്‍ത്തിക്കുമോയെന്ന പേടിയുണ്ട് എനിക്ക്.” അദ്ദേഹം പറയുന്നു.

ഈ ഈദിന് തൊട്ടുമുമ്പുള്ള ദിവസമാണ് സൈറ തീര്‍ത്തും ക്ഷീണിതയായത്. “എനിക്ക് കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല. ജൂനൈദിന്റെ ഓര്‍മ്മ മാത്രമാണ്. കഴിഞ്ഞവര്‍ഷം ഈദിന് തൊട്ടുമുമ്പാണ് അവന്‍ മരിച്ചത്. ഇനിയെനിക്ക് പെരുന്നാള്‍ ആഘോഷിക്കാനാവില്ല.”

കഴിഞ്ഞ നവംബറില്‍ കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീര്‍പ്പിന് തയ്യാറാണോയെന്ന് ചോദിച്ചുകൊണ്ട് ഗ്രാമത്തിലെ സര്‍പഞ്ച് ഇവരെ സമീപിച്ചിരുന്നു. എന്നാല്‍ കുടുംബം അതിന് തയ്യാറായില്ല. പണവും ഭൂമിയും നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാമെന്നതായിരുന്നു അവരുടെ വാഗ്ദാനം.

We use cookies to give you the best possible experience. Learn more