ന്യൂദല്‍ഹി: പശുവിനെ കടത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയ യുവാക്കളെ തട്ടിക്കൊണ്ടുപോയത് ഹരിയാന സര്‍ക്കാരിന്റേതെന്ന് രേഖപ്പെടുത്തിയ കാറിലെന്ന് ദി വയര്‍ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഉടമസ്ഥാവകാശ വെബ്‌സൈറ്റുകളിലടക്കം വാഹനം സര്‍ക്കാരിന്റേതാണെന്നാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ജുനൈദിനെയും നാസിറിനെയും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചത് വെള്ള നിറത്തിലുള്ള സ്‌കോര്‍പിയോ കാറാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ കാര്‍ പ്രതികളിലൊരാളായ വികാസ് എന്ന വ്യക്തിയുടെ വസതിയില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു.
ഈ കാറിലാണ് യുവാക്കളെ രാജസ്ഥാനില്‍ നിന്നും ഭിവാനിയിലെത്തിച്ചത്. കാറിന്റെ സീറ്റില്‍ നിന്നും രക്തക്കറ കണ്ടെത്തിയതായി രാജസ്ഥാന്‍ പൊലീസ് സ്ഥിരീകരിച്ചു.
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും ഹരിയാന സര്‍ക്കാരിന്റെ പശു സംരക്ഷണ വിഭാഗത്തിലെ അംഗവുമായ മോനു മനേസറും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. മോനുവിനെതിരെ കേസെടുത്തതിന് പിന്നാലെ ഇയാള്‍ക്ക് പിന്തുണയറിയിച്ച് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്ന യുവാക്കളുടെ കുടുംബത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
നീതി ആവശ്യപ്പെട്ടുള്ള ബന്ധുക്കളുടെ പ്രതിഷേധം പ്രദേശത്തെ സമാധാനനില തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഭരത്പൂര്‍ ജില്ലാ ഭരണകൂടമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഫെബ്രുവരി 27ന് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്.
പൊലീസുമായി സഹകരിച്ച് പ്രദേശത്തെ ക്രമസമാധാനം നില നിര്‍ത്താനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നും എല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചെയ്യുന്നതെന്നും സബ് ഡിവിഷണല്‍ മാജിസ്‌ട്രേറ്റ് സുനിത യാദവ് പറഞ്ഞു.
‘എല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്. പൊലീസുമായി സഹകരിച്ച് പ്രദേശത്തെ ക്രമസമാധാനം നിലനിര്‍ത്താനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നോട്ടീസ് അയച്ചത്,’ സുനിത യാദവ് പറയുന്നു.
പശുവിനെ കടത്തിയെന്നാരോപിച്ച് ഫെബ്രുവരി 16നായിരുന്നു ജുനൈദ്-നാസിര്‍ എന്ന യുവാക്കളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നത്.
Content Highlight: Junaid and nasir was abducted in vehicle under government says the wire report