ഇന്ത്യയിലാദ്യമായി സ്ത്രീയുടെ നേതൃത്വത്തില്‍ ജുമുഅ നമസ്‌കാരം;ചരിത്രമെഴുതി ജാമിദ ടീച്ചര്‍
Gender Equity
ഇന്ത്യയിലാദ്യമായി സ്ത്രീയുടെ നേതൃത്വത്തില്‍ ജുമുഅ നമസ്‌കാരം;ചരിത്രമെഴുതി ജാമിദ ടീച്ചര്‍
നയീമ രഹ്ന
Sunday, 28th January 2018, 10:02 pm

ഇന്ത്യയിലാദ്യമായി വെള്ളിയാഴ്ചയിലെ പ്രത്യേക നമസ്‌കാരമായ ജുമുഅക്ക് നേതൃത്വം നല്‍കി ചരിത്രം കുറിച്ചിരിക്കുകയാണ് മലപ്പുറത്തെ ഒരു മുസ്‌ലിം സ്ത്രീ. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജാമിദ ടീച്ചറുടെ നേതൃത്വത്തില്‍ മലപ്പുറം വണ്ടൂരിന് അടുത്തുള്ള ചെറുകോട് എന്ന സ്ഥലത്തായിരുന്നു കഴിഞ്ഞ ദിവസം ഈ ചരിത്ര സംഭവം അരങ്ങേറിയത്.

മുസ്‌ലിംകളുടെ വെള്ളിയാഴ്ച ദിവസത്തെ പ്രത്യേക പ്രാര്‍ത്ഥനയായ ജുമുഅ നമസ്‌കാരത്തിന് സാധാരണയായി പുരുഷന്മാരാണ് നേതൃത്വം നല്‍കുന്നത്. എന്നാല്‍ നൂറ്റാണ്ടുകളായുള്ള ആ രീതി മാറ്റിമാറിച്ചാണ് ജാമിദ നമസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. ജുമുഅയോട് അനുബന്ധിച്ചു നടത്തുന്ന പ്രഭാഷണമായ ഖുതുബയ്ക്കും ഇവര്‍ തന്നെ നേതൃത്വം നല്‍കുകയുണ്ടായി.

ഇസ്‌ലാമില്‍ ഇല്ലാത്ത സ്ത്രീ- പുരുഷ വിവേചനം സൃഷ്ടിച്ച പൗരോഹിത്യത്തെ വെല്ലുവിളിച്ചുകൊണ്ട്, മുസ്‌ലിങ്ങളുടെ അടിസ്ഥാന പ്രാമാണിക ഗ്രന്ഥമായ ഖുര്‍ആനില്‍ പുരുഷന്മാര്‍ തന്നെ നേതൃത്വം നല്‍കണമെന്ന് പറഞ്ഞിട്ടില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ജാമിദ ടീച്ചറുടെ ജുമുഅ നമസ്‌കാരം.

 

ജാമിദ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന ജുമുഅ നമസ്‌കാരം

നിലനില്‍ക്കുന്ന അധീശത്വ വ്യവസ്ഥിതികള്‍ക്കെതിരെ പോരാടുന്ന ഈയൊരു മുന്നേറ്റത്തെ വളരെ നല്ലൊരു ചുവടുവയ്പായാണ് കേരളത്തിലെ പുരോഗമന സമൂഹം നോക്കിക്കാണുന്നത്. വെള്ളിയാഴ്ചകളിലെ മുസ്‌ലിങ്ങളുടെ പ്രത്യേക നമസ്‌കാരത്തിന് ഒരു സ്ത്രീ നേതൃത്വം നല്‍കുന്നത് ഇവിടുത്തെ പരമ്പരാഗത മുസ്‌ലിംകള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്ന് എഴുത്തുകാരനും ചിന്തകനുമായ എം.എന്‍ കാരശ്ശേരി പറയുന്നു.

സാധാരണയായി സ്ത്രീകള്‍ക്ക് വേണ്ടി മാത്രം നടത്തിവരുന്ന സ്വലാത്തിന് നേതൃത്വം നല്‍കാന്‍ മുസ്‌ലിം സ്ത്രീകളെ അനുവദിക്കാറുണ്ട്. ഇവിടെ സ്ത്രീകളും പുരുഷന്മാരുമൊക്കെ അവരെ പിന്തുടര്‍ന്ന് നമസ്‌കരിച്ചിരിക്കുകയാണ്. ഇതൊരു വലിയ മുന്നേറ്റം തന്നെയാണെന്ന് കാരശ്ശേരി ചൂണ്ടിക്കാട്ടുന്നു.

 

എം.എന്‍ കാരശ്ശേരി

“ഒരു സ്ത്രീ ജുമുഅക്കും ഖുതുബയ്ക്കും നേതൃത്വം നല്‍കുന്നത് കേരളത്തിലെ പരമ്പരാഗത മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ജാമിദ ടീച്ചര്‍ ഇവിടെ ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായുള്ള ഈ സംഭവം നടന്നത് മലപ്പുറം ജില്ലയില്‍ നിന്നുതന്നെ എന്നതില്‍ വളരെയധികം സന്തോഷമുണ്ട്.” മുസ്‌ലിം സമുദായത്തിനിടയിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഇത് കാരണമാകുമെന്നും അവരെ ലേഡി ചേകന്നൂര്‍ എന്ന് വിളിച്ച് ഞാന്‍ അവരോടൊപ്പം നില്‍ക്കുന്നുവെന്നും കാരശ്ശേരി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ ഇത് ആദ്യമാണെങ്കിലും വര്‍ഷങ്ങള്‍ക്കു മുമ്പേ ലോകത്തിന്റെ പല കോണുകളിലും സ്ത്രീകള്‍ ഇത്തരത്തില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. അമേരിക്ക, തുര്‍ക്കി, ആഫ്രിക്ക, ചൈന, ഡെന്മാര്‍ക്ക്, മൊറോക്കോ, ഇംഗ്ലണ്ട് തുടങ്ങി ഒട്ടനവധി രാജ്യങ്ങളില്‍ ഇത്തരം മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഖുര്‍ആനിന്റെ സ്ത്രീപക്ഷ വായന നടത്തുകയും സ്ത്രീയെയും പുരുഷനെയും ദൈവം ഒരേ വീക്ഷണകോണിലൂടെയാണ് കണ്ടതെന്ന് സ്ഥാപിച്ച് ആഗോളതലത്തില്‍ മുന്നേറ്റം ഉണ്ടാക്കിയ ആമിന വദൂദ് ഈ രംഗത്ത് കൂടുതല്‍ മുന്നോട്ട് പോവുകയുണ്ടായി.

 

ആമിന വദൂദ്

2005 ല്‍ ന്യൂയോര്‍ക്കു നഗരത്തില്‍ നടന്ന വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി അവര്‍ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയരുകയുണ്ടായി. ഇസ്‌ലാമിക ഗ്രന്ഥങ്ങളിലൊക്കെ “അവന്‍” എന്ന സര്‍വനാമത്തിലൂടെ മാത്രം പരാമര്‍ശിയ്ക്കപ്പെടാറുള്ള “അല്ലാഹു”വിനെ നിലവിലുള്ള പ്രയോഗത്തിന് വിരുദ്ധമായി “അവള്‍” എന്ന സര്‍വനാമം ബോധപൂര്‍വം ഉപയോഗിച്ച് മുന്നേറ്റമുണ്ടാക്കിയ സ്ത്രീ കൂടിയായിരുന്നു ആമിന വദൂദ്.

സമൂഹ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കാന്‍ പുരുഷന് മാത്രമേ അവകാശമുള്ളൂ എന്ന പരമ്പരാഗത ധാരണ വെല്ലുവിളിയ്ക്കപ്പെട്ട ഈ സംഭവം ലോകമെങ്ങുമുള്ള പുരുഷപണ്ഡിതരെ വിളറി പിടിപ്പിക്കുകയുണ്ടായി.

 

ആഗോളമല്ലെങ്കിലും അത്തരത്തിലൊരു വിളറി പിടിപ്പിക്കല്‍ തന്നെയാണ് ജാമിദ ടീച്ചറും നടത്തിയിരിക്കുന്നത്. കേരളത്തിലെ മുസ്‌ലിം പൗരോഹിത്യത്തിനേറ്റ കനത്ത പ്രഹരം തന്നെയാണ് ഇതെന്ന് വ്യക്തമാക്കുകയാണ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കുമെന്നറിയിച്ചപ്പോള്‍ മുതല്‍ ഇവര്‍ക്ക് തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരുന്ന വധഭീഷണികളും സോഷ്യല്‍ മീഡികളിലൂടെയുള്ള തെറിവിളികളും.

അത്രയധികം തെറിയഭിഷേകങ്ങളാണ് ഇസ്‌ലാമിന്റെ കാവല്‍ക്കാരെന്നവകാശപ്പെടുന്ന ഓണ്‍ലൈന്‍ മുഫ്തിമാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പൗരോഹിത്യം കൊടികുത്തി വാഴുന്ന ഒരു മതത്തില്‍ ഒരു സ്ത്രീ നടത്തിയ മുന്നേറ്റത്തേക്കാളുപരി അവര്‍ യഥാര്‍ത്ഥ മുസ്‌ലിമാണോ അല്ലയോ എന്ന കാര്യത്തിലായിരുന്നു ഇസ്‌ലാം വിഭാവനം ചെയ്യുന്ന യഥാര്‍ത്ഥ വിശ്വാസത്തിന്റെ അനുനായികള്‍ തങ്ങള്‍ മാത്രമാണെന്നവകാശപ്പെടുന്ന ഇവരുടെ തര്‍ക്കങ്ങളേറെയും.

ലോകത്തുള്ള ഏതൊരു മതം എടുത്തു നോക്കിയാലും പൂര്‍ണമായും പുരുഷാധിപത്യത്തിലധിഷ്ഠിതമായ പൗരോഹിത്യ വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നതെന്ന് കാണാം. ഒരു മതത്തിലും പൗരോഹിത്യത്തിന്റെ ഉന്നത ശ്രേണികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. അതുകൊണ്ടുതന്നെ മതവും മതാധികാരവും ചോദ്യംചെയ്യാന്‍ പാടില്ലാത്തതും വിമര്‍ശനങ്ങള്‍ക്കതീതവുമാണെന്ന് സ്ഥാപിക്കേണ്ടത് ഇവരുടെ ആവശ്യമാണ്.

അതുതന്നെയാണ് കേരളത്തിലെ മുസ്‌ലിം സംഘടനകളും ഈ വിഷയത്തില്‍ കൈക്കൊണ്ടത്. കേരളത്തിലെ ഒരൊറ്റ മുഖ്യധാരാ മുസ്‌ലിം സംഘടനകളോ പ്രസ്ഥാനങ്ങളോ ഈ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല എന്നു മാത്രമല്ല വിഷയത്തെ തീര്‍ത്തും അവഗണിക്കുകയാണ് ചെയ്തത്. സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരുന്നത് മുതല്‍ സംഗീതം, നബിദിന ആഘോഷം, സ്ത്രീകളുടെ പള്ളിയില്‍ പോക്ക് ഓണാഘോഷം, വിളക്കു കൊളുത്തല്‍ തുടങ്ങി നൂറായിരം വിഷയങ്ങളില്‍ പരസ്പരം വിഘടിച്ചു നില്‍ക്കുന്നവരെങ്കിലും ഈ വിഷയത്തില്‍ ഒന്നിച്ചു നില്‍ക്കുന്ന ഒരു സമീപനമാണ് കേരളത്തിലെ വിവിധ മതഗ്രൂപ്പുകളില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

മതത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നൊക്കെയും സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. സ്ത്രീകളുടെ പള്ളി പ്രവേശനം, സ്ത്രീകള്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കുന്നത്, മഹല്ല് കമ്മറ്റികളിലെ സ്ത്രീ പ്രാതിനിധ്യം എന്നിവയിലെല്ലാം വ്യക്തമായ ആണാധിപത്യം നിലനില്‍ക്കുന്നത് കാണാം. കേരളീയ മുസ്‌ലിംകളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു സംവിധാനമാണ് മഹല്ലുകള്‍.

 

ആത്മീയ-കുടുംബ-സാമൂഹിക രംഗങ്ങളിലെ ഇസ്‌ലാമിക മര്യാദകളും നിയമങ്ങളും നടപ്പാക്കാന്‍ നേതൃത്വം നല്‍കുകയാണ് മഹല്ലിന്റെ ഉത്തരവാദിത്തം. കുടുംബ തര്‍ക്കങ്ങള്‍, അനന്തരാവകാശ പ്രശ്നങ്ങള്‍, ത്വലാഖ് വിഷയങ്ങള്‍ എന്നിവകളിലെല്ലാം തന്നെ പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും തുല്യമായ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന ഒരു മഹല്ലു പോലും കേരളത്തിലില്ല എന്നതാണ് വാസ്തവം.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് അറബിരാജ്യത്ത് നിലനിന്ന സാമൂഹ്യ-രാഷ്ട്രീയാവസ്ഥയുടെ പശ്ചാത്തലത്തില്‍ രൂപം നല്‍കിയ നിയമങ്ങളില്‍ മാറ്റംവരുത്തരുതെന്ന നിര്‍ബന്ധബുദ്ധിയാണ് കേരളത്തിലെ ഇത്തരം യാഥാസ്ഥിതിക മതവിഭാഗങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഇതുതന്നെയാണ് ജാമിദ ടീച്ചറുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

അതേസമയം കാലഘട്ടത്തിനനുസരിച്ച് പുനര്‍വായനയും പുനര്‍വ്യാഖ്യാനവും നടത്താത്ത ഏതൊരു ആശയധാരയും വളരെ എളുപ്പത്തില്‍ കാലഹരണപ്പെട്ടുപോവുമെന്ന പൂര്‍ണ്ണ ബോധ്യമുള്ളതുകൊണ്ടു തന്നെ ജാമിദ ടീച്ചറുടെ വിപ്ലവ നീക്കത്തെ അംഗീകരിക്കുമ്പോഴും ഈ വിഷയത്തില്‍ പതിയിരിക്കുന്ന ചില വര്‍ഗ്ഗീയ ശക്തികളുടെ മുതലെടുപ്പിനെ വളരെ വ്യക്തമായി തുറന്നു കാട്ടുന്നുന്നുമുണ്ട് മറ്റു ചിലര്‍.

ഇസ്‌ലാമിക രീതിശാസ്ത്രമനുസരിച്ചുള്ള പുനര്‍വായനകള്‍ സജീവമാവേണ്ടതുണ്ടെങ്കിലും ഇസ്‌ലാമിനെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന വര്‍ഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ചല്ല ഈ നവോത്ഥാനം സാധ്യമാക്കേണ്ടതെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു. “ഖുര്‍ആന്റെ ലോകവീക്ഷണത്തോട് യോജിക്കുന്ന ലിംഗസമവാക്യം രൂപപ്പെടുത്തിയെടുക്കാന്‍ സമുദായത്തിന് സാധിക്കണം. ആണും പെണ്ണും അല്ലാത്തവരുമായ വിശ്വാസികളാണിതിന് നേതൃത്വം നല്‍കേണ്ടത്. അതില്‍ സംഘപരിവാറിനോ ഇസ്‌ലാമോഫോബിക്കായ മറ്റു രക്ഷാകര്‍ത്താക്കള്‍ക്കോ ഒരു റോളുമുണ്ടാവേണ്ടതില്ല.” നസ്‌റുദ്ദീന്‍ ചേന്ദമംഗല്ലൂര്‍ അഭിപ്രായപ്പെടുന്നു.

ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും ഉന്‍മൂലനം ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസൃതമായല്ല മുസ്‌ലിം സമുദായത്തിനകത്തെ നവോത്ഥാനവും പരിഷ്‌കരണവും നടക്കേണ്ടത്. നിര്‍ണായകമായ ഈ ഘടകം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിലാണ് ആമിനാ വദൂദിനെ പോലുള്ളവര്‍ വലിയൊരു വിജയമാവുന്നതും ജാമിദയെ പോലുള്ളവര്‍ ഒരു പരാജയമാവുന്നതെന്നും നസ്‌റുദ്ദീന്‍ ചേന്ദമംഗല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.

 

ശ്രീജ നെയ്യാറ്റിന്‍കര

ജാമിദ ടീച്ചര്‍ ജുമുഅക്ക് നേതൃത്വം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും വിവേചനങ്ങള്‍ തകര്‍ന്നുടയുക തന്നെ വേണമെന്ന് പറയുമ്പോഴും ഈ വിഷയത്തില്‍ ഹിന്ദു ഐക്യവേദി നല്‍കുന്ന പിന്തുണയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ശ്രീജ നെയ്യാറ്റിന്‍കരയും പറയുന്നു. “ഒരു വനിതാ പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ജാമിദയുടെ നിലപാടിനെ വ്യക്തിപരമായി പിന്തുണയ്ക്കുന്നു. കാരണം ജാമിദയ്ക്കു വിവേചനത്തിനെതിരെ നിലപാടെടുക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നല്‍കുന്ന ഒന്നാണ്. പക്ഷേ പ്രസ്തുത വിഷയത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്.” ശ്രീജ പറയുന്നു.

കേരളത്തില്‍ വര്‍ഗീയകലാപം ഉണ്ടാക്കിയെടുക്കാനുള്ള ഉപകരണമായാണ് സംഘപരിവാര്‍ ഇതിനെ കാണുന്നതെന്നും അത്യന്തം അപകടവും കാപട്യവും നിറഞ്ഞതാണ് ഈ ഇടപെടലെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടെന്നും അവര്‍ പറയുന്നു.” ജാമിദ മുസ്‌ലിം സ്ത്രീയാണ്. ജാമിദയ്ക്കു നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാന്‍ ആഗ്രഹമുണ്ട്.”

പക്ഷേ നിലനില്‍ക്കുന്ന ആണ്‍-പെണ്‍ വിവേചനം ജാമിദയെ അതിനനുവദിക്കുന്നില്ല. ജാമിദ ആ വിവേചനത്തെ ചോദ്യം ചെയ്തു കൊണ്ട് രംഗത്ത് വരുന്നു. വിവേചനത്തിനെതിരെയുള്ള ജാമിദയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. ജാമിദയ്ക്ക് നമസ്‌കരിക്കാന്‍ അറിയാമോ ഇല്ലയോ എന്നതൊന്നും ഇവിടെ വിഷയമല്ല. ഭരണഘടന ഉറപ്പു നല്‍കുന്ന ലിംഗനീതിക്കു വേണ്ടി പോരാടാന്‍ ഒരു സ്ത്രീ തീരുമാനിച്ചാല്‍ പ്രാഥമികമായി അതിനെ പിന്തുണയ്ക്കുക തന്നെ ചെയ്യും. ശ്രീജ വിശദീകരിക്കുന്നു.

മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യം അവള്‍ തന്നെ തീരുമാനിക്കട്ടെ. പര്‍ദ്ദയിടാനും ഇടാതിരിക്കാനും ഇമാം നില്‍ക്കാനും നില്‍ക്കാതിരിക്കാനും ഒക്കെ അവള്‍ക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ പര മതവിദ്വേഷവും പേറി ഹിന്ദു ഐക്യ വേദിക്കാര്‍ രക്ഷകരുടെ റോളില്‍ വന്നാല്‍ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല അത്രമാത്രം” എന്നും ശ്രീജ നെയ്യാറ്റിന്‍കര കൂട്ടിച്ചേര്‍ത്തു.