ആര്‍ക്കും കയറാം; സഹോദര മതസ്ഥരെ മസ്ജിദിലേക്ക് സ്വാഗതം ചെയ്ത് കുഞ്ഞിമംഗലത്തെ ജുമാ മസ്ജിദ്
Kerala News
ആര്‍ക്കും കയറാം; സഹോദര മതസ്ഥരെ മസ്ജിദിലേക്ക് സ്വാഗതം ചെയ്ത് കുഞ്ഞിമംഗലത്തെ ജുമാ മസ്ജിദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th April 2022, 5:52 pm

കണ്ണൂര്‍: സഹോദര മതസ്ഥരെ മസ്ജിദിലേക്ക് സ്വാഗതം ചെയ്ത് കുഞ്ഞിമംഗലത്തെ ജുമാ മസ്ജിദ്. ഇഫ്ത്താര്‍ മീറ്റിന്റെ ഭാഗമായിട്ടാണ് കുഞ്ഞിമംഗലത്തെ ഒരു ജുമാ മസ്ജിദ് എല്ലാ മതവിഭാഗങ്ങളിലുള്ള ആളുകളെയും മസ്ജിദിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ബോര്‍ഡ് വെച്ചിരിക്കുന്നത്.

‘കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാ മസ്ജിദിലേക്ക് മുഴുവന്‍ സഹോദര മതസ്ഥര്‍ക്കും സ്വാഗതം,’ എന്നാണ് മസ്ജിദിന് മുന്നില്‍വെച്ചിട്ടുള്ള ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

നേരത്തെ കുഞ്ഞിമംഗലത്തെ ഉത്സവത്തിന് ഇസ്‌ലാം മതത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡ് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ജുമാ മസ്ജിദ് ഇങ്ങനെയൊരു ബോര്‍ഡ് വെച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ക്ഷേത്ര വളപ്പില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡിനെതിരെ പ്രതിഷേധമറിയിച്ച് ഡി.വൈ.എഫ്.ഐ. അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു.

‘നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതിമത ചിന്തയെ വീണ്ടും എഴുന്നള്ളിക്കാനുള്ള ശ്രമത്തെ എതിര്‍ത്തു തോല്‍പിക്കേണ്ടതുണ്ട്. വിശ്വാസത്തെയും കൂട്ടുപിടിച്ച് അപരിഷ്‌കൃതമായ ദുരാചാരത്തെ തിരിച്ചു കൊണ്ടുവരുന്നത് നാടിന്റെ നന്മയോടുള്ള ഭീഷണിയാണ്.

കഴിഞ്ഞ വര്‍ഷവും ക്ഷേത്ര അധികൃതര്‍ ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും അതില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.

നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ സമൂഹം ഉയര്‍ന്ന് പ്രവര്‍ത്തിക്കണം, ഇതിനെതിരെ മുഴുവന്‍ മതനിരപേക്ഷ വാദികളും രംഗത്ത് വരണം,’ ഡി.വൈ.എഫ്.ഐ പ്രസ്ഥവനയില്‍ പറഞ്ഞിരുന്നു.