ഖത്തര്‍ ലോകകപ്പിലെ അന്തിമ പോരാട്ടത്തിന് ഇനി ഒരു നാള്‍ മാത്രമാണ് ബാക്കി. വാശിയേറിയ ഫൈനല്‍ ഏറ്റുമുട്ടലിനൊടുവില്‍ ആര് ലോകചാമ്പ്യന്മാരാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്ന ഫ്രാന്‍സിനെയും അര്‍ജന്റീനയെയും പിന്തുണച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. ഇപ്പോള്‍ നിലവിലെ ചാമ്പ്യന്മാരും കിരീട ഫേവറിറ്റുകളുമായ ഫ്രാന്‍സിന് പിന്തുണയറിയിച്ചെത്തിയിരിക്കുകയാണ് മുന്‍ ബ്രസീല്‍ ഗോള്‍കീപ്പര്‍ ജൂലിയോ സീസര്‍.
തനിക്ക് മെസിയെ ഇഷ്ടമാണെന്നും എന്നാല്‍ ഒരു ബ്രസീലിയനെന്ന നിലയില്‍ മുഴുവന്‍ പിന്തുണയും ഫ്രാന്‍സിനാണെന്നുമാണ് സീസര്‍ പറഞ്ഞത്. ഫൈനലിലേക്ക് ബ്രസീലായിരുന്നു യോഗ്യത നേടിയിരുന്നതെങ്കില്‍ തീര്‍ച്ചയായും അര്‍ജന്റീന തങ്ങളെ പിന്തുണക്കുമായിരുന്നില്ലെന്നും അവരും ഫ്രാന്‍സിനൊപ്പം നില്‍ക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് മെസിയെ ഇഷ്ടമാണ്, അദ്ദേഹം അസാധ്യ കളിക്കാരനാണ്. പക്ഷെ ഒരു ബ്രസീലിയനെന്ന നിലക്ക് എനിക്ക് ഫ്രാന്‍സിനെ പിന്തുണച്ചേ മതിയാകൂ. ഇനി ഫൈനല്‍ കളിക്കാന്‍ ബ്രസീലായിരുന്നു യോഗ്യത നേടിയിരുന്നതെങ്കിലും അര്‍ജന്റീന ഫ്രാന്‍സിനെ പിന്തുണക്കുമായിരുന്നു,’ സീസര്‍ വ്യക്തമാക്കി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയായിരുന്നു ബ്രസീലിന്റെ പരാജയം. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2നായിരുന്നു കാനറികളുടെ പരാജയം.
അതേസമയം, ഖത്തറില്‍ ഇതുവരെ ഗോള്‍ വേട്ടയില്‍ ഒപ്പത്തിനൊപ്പമാണ് മെസിയും എംബാപ്പെയും. ഖത്തര്‍ ലോകകപ്പില്‍ അഞ്ച് ഗോള്‍ വീതമാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്.
അര്‍ജന്റൈന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസും ഫ്രഞ്ച് സൂപ്പര്‍താരം ജിറൂഡും നാല് ഗോള്‍ വീതം നേടി തൊട്ടുപുറകിലുണ്ട്.
ഡിസംബര്‍ 18ന് നടക്കുന്ന അന്തിമ പോരാട്ടത്തില്‍ ആര് വിജയികളാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 23കാരനായ എംബാപ്പെ ഫ്രാന്‍സിന്റെ ഏറ്റവും വേഗത കൂടിയ താരമായി കളത്തില്‍ പേരെടുക്കുമ്പോള്‍ 35കാരനായ അര്‍ജന്റൈന്‍ നായകന്‍ മെസി എക്കാലത്തെയും പോലെ മികച്ച ഫോമിലാണ് ഖത്തറില്‍ തുടരുന്നത്.
Content Highlights: Julio Cesar supports France National team