| Wednesday, 15th February 2023, 1:41 pm

'ഇത് നടപടിയാകുമെന്ന് തോന്നുന്നില്ല, സൂപ്പര്‍ ത്രയം പി.എസ്.ജിയില്‍ ഇനി ഒരുമിച്ച് കളിച്ചേക്കില്ല'; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് പി.എസ്.ജി.

മത്സരത്തിന്റെ ആദ്യ പാദത്തില്‍ മെസിയും നെയ്മറും ഉണ്ടായിരുന്നിട്ടും പി.എസ്.ജിക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. മത്സരത്തിന് ശേഷം രൂക്ഷ വി മര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പി.എസ്.ജിക്കെതിരെ ഉയരുന്നത്.

തുടര്‍ന്നുള്ള മത്സരങ്ങളില്‍ മെസി, നെയ്മര്‍, എംബാപ്പെ എന്നിവരെ ഒരേ നിരയില്‍ ഇറക്കില്ലെന്നാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജൂലിയന്‍ ലോറന്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാരീസിയന്‍സിന് ചാമ്പ്യന്‍സ് ലീഗില്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണെന്നും അതുകൊണ്ട് ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മെസിയും നെയ്മറും എംബാപ്പെയും ഒരുമിച്ച് കളിക്കുന്നത് ഗുണകരമാകുമെന്ന് തോന്നുന്നില്ല. അത് അസാധ്യമാണ്. കിലിയന്‍ ഒറ്റക്കാണെങ്കില്‍ ഓക്കേയാണ്. മൂന്നില്‍ രണ്ടുപേര്‍ മാത്രമാണെങ്കിലും തരക്കേടില്ല. എന്നാല്‍ മൂവരും ഒരുമിച്ച് കളിക്കാനിറങ്ങുന്നത് ശുഭകരമല്ല,’ ലോറന്‍സ് പറഞ്ഞു.

മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയെ കീഴ്പ്പെടുത്തിയത്. ആദ്യ പാദത്തില്‍ മെസിയും നെയ്മറും ഉണ്ടായിട്ടും പി.എസ്.ജിക്ക് ജയം നേടാനായില്ല. കോമന്‍ ആണ് ബയേണിനായി ഗോള്‍ നേടിയത്.

മത്സരത്തിന്റെ 53ാം മിനിട്ടിലാണ് കോമന്റെ ഗോള്‍ പിറന്നത്. അല്‍ഫോണ്‍സോ ഡേവിസിന്റെ ക്രോസ് കോമന്‍ ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നല്‍കാന്‍ പി.എസ്.ജിക്ക് കഴിഞ്ഞില്ല. 82ാം മിനിട്ടില്‍ എംബാപ്പേ ഒരു ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡ് ആവുകയായിരുന്നു.

ഫ്രഞ്ച് കപ്പില്‍ തോല്‍വിയെ തുടര്‍ന്ന് പി.എസ്.ജിക്ക് ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. കഴിഞ്ഞ തവണ ലീഗ് വണ്ണില്‍ നടന്ന മത്സരത്തിലും മൊണാക്കോക്കെതിരെ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. തൊട്ടുപിന്നാലെയാണ് ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പ്രഹരമേല്‍ക്കുന്നത്.

അതേസമയം ചാമ്പ്യന്‍ ലീഗിലെ രണ്ടാം പാദ മത്സരം ബയേണിന്റെ മൈതാനത്ത് വെച്ചാണ് നടക്കുക. പി.എസ്.ജിക്ക് മുന്നോട്ട് പോകണമെങ്കില്‍ യു.സി.എല്ലില്‍ വലിയ വിജയം അനിവാര്യമാണ്.

Content Highlights: Julien Laurence reports Messi, Neymar and Mbappe will not play together in PSG

We use cookies to give you the best possible experience. Learn more