| Tuesday, 25th June 2024, 11:06 am

അഞ്ച് വര്‍ഷത്തെ ജയില്‍വാസം; വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ : വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് യു.കെയിലെ ബെൽമാർഷ്‌ ജയിലിൽ നിന്നും അഞ്ച് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങി. യു.എസ് ചാരവൃത്തി നിയമം ലംഘിച്ചതായി കുറ്റസമ്മതം നടത്താമെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് മോചനം. അഞ്ച് വർഷക്കാലം അദ്ദേഹം ജയിലിലായിരുന്നു. അസാൻജ് യു.കെയിൽ നിന്ന് ജന്മനാടായ ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചെന്ന് വിക്കിലീക്സ് അറിയിച്ചു.

ലണ്ടനിലെ ഹൈക്കോടതിയിൽ നിന്നും അസാൻജിന് ജാമ്യം ലഭിച്ചതായും ഉച്ചകഴിഞ്ഞ് യു.കെയിലേക്ക് പുറപ്പെട്ടതായും വിക്കിലീക്സ് പറഞ്ഞു. അതോടൊപ്പം ലോകമെമ്പാടുമുള്ള തങ്ങളെ പിന്തുണക്കുന്ന ജനങ്ങൾക്ക് അഗാധമായ നന്ദിയും വിക്കിലീക്സ് അറിയിച്ചു.

മകന്റെ നീണ്ട പോരാട്ടം അവസാനിച്ചതിൽ അസാൻജിന്റെ മാതാപിതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. കേസിൽ ഇടപെട്ടതിന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസിന് അസാൻജിന്റെ പിതാവ് ജോൺ ഷിപ്റ്റൻ നന്ദി പറഞ്ഞു.

Also Read: രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നു; കോടികള്‍ മുടക്കിയ നിര്‍മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യ പുരോഹിതന്‍

2019 മുതൽ അദ്ദേഹം ലണ്ടനിലെ ബെൽമാർഷ്‌ ജയിലിലായിരുന്നു. യു.എസ് സർക്കാരിന്റെ ആയിരക്കണക്കിന് രഹസ്യ രേഖകൾ ചോർത്തി തന്റെ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു എന്നതാണ് അസാൻജിനെതിരെയുള്ള കേസ്. ഈ നടപടി ആഭ്യന്തര സുരക്ഷക്ക് ഭീഷണിയുണ്ടാക്കിയെന്നാണ് അമേരിക്കയുടെ ആരോപണം.

2010ൽ അഫ്‌ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങളെക്കുറിച്ചുള്ള ആയിരക്കണക്കിന് രഹസ്യ രേഖകൾ വീക്കിലീസ് പുറത്ത് വിട്ടു. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നിരവധി വിവരങ്ങൾ ഇതോടെ പുറത്ത് വന്നു.

2010ൽ അദ്ദേഹം ഒരു യു.എസ് സൈനിക ഹെലികോപ്റ്ററിൽ നിന്നുള്ള വീഡിയോ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ രണ്ട് റോയിട്ടേഴ്‌സ് ന്യൂസ് റിപ്പോർട്ടേഴ്‌സ് ഉൾപ്പടെ നിരവധി ഇറാഖി പൗരന്മാരും കൊല്ലപ്പെട്ടതായി കാണിച്ചിരുന്നു.

അമേരിക്ക പലരാജ്യങ്ങളിലും തങ്ങളുടെ എംബസികൾ വഴി ചാരപ്രവർത്തനം നടത്തിയിരുന്നു എന്നതും സഖ്യ രാജ്യങ്ങളിലെ നേതാക്കളെക്കുറിച്ച് തരംതാണ രീതിയിൽ അമേരിക്കൻ നേതാക്കൾ പരാമർശങ്ങൾ നടത്തിയതുമായ വിവരങ്ങൾ അസാൻജ് വഴി പുറത്ത് വന്നിരുന്നു.

ഇതെല്ലാം അമേരിക്കൻ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിരോധത്തിലാക്കി. അമേരിക്കയുൾപ്പടെ നിരവധി രാജ്യങ്ങളിലെ നേതാക്കളുടെ പരാമർശങ്ങളും വിക്കിലീക്സ് വെബ്‌സൈറ്റിൽ വന്നിരുന്നു.

എന്നാൽ പല ഭരണകൂടങ്ങളും വീക്കിലിക്സിനെ നിരോധിക്കാൻ തീരുമാനിച്ചു. ചൈന,അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങൾ വിക്കിലീക്സ് നിരോധിക്കുകയും ചെയ്തു.

ഇതിനിടെ അസാൻജിനെ നേരെ ലൈംഗികാതിക്രമ ആരോപണവും ഉയർന്നിരുന്നു. എന്നാൽ അദ്ദേഹം അത് നിഷേധിച്ചു. ലൈംഗികാതിക്രമം ആരോപിച്ച് അദ്ദേഹത്തെ ജയിലിലടക്കാൻ സ്വീഡൻ ശ്രമിച്ചു. അമേരിക്കയുടെ സമ്മർദഫലമായാണ് ഈ ആരോപണം ഉയർന്നതെന്ന വാർത്തകൾ പിന്നീട് പുറത്ത് വന്നിരുന്നു.

Content Highlight: wikileaks ,julien assanj freed in us plea deal

We use cookies to give you the best possible experience. Learn more