അര്‍ജന്റീനയുടെ ആരാധകനായിരുന്നു, ലോകകപ്പിനുശേഷം മെസിയെ ഇഷ്ടമല്ലാതായി; വെളിപ്പെടുത്തലുമായി ഫ്രഞ്ച് ക്ലബ്ബ് മുന്‍താരം
Football
അര്‍ജന്റീനയുടെ ആരാധകനായിരുന്നു, ലോകകപ്പിനുശേഷം മെസിയെ ഇഷ്ടമല്ലാതായി; വെളിപ്പെടുത്തലുമായി ഫ്രഞ്ച് ക്ലബ്ബ് മുന്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th November 2023, 1:49 pm

അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയെകുറിച്ചും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെകുറിച്ചും സംസാരിച്ചിരിക്കുകയാണ് ഫ്രഞ്ച് ക്ലബ്ബ് ലില്ലെയുടെ മുന്‍ താരം ജൂലിയന്‍ പാല്‍മിയേരി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് തനിക്ക് ഇപ്പോള്‍ ഇഷ്ടമെന്നും ലോകകപ്പ് കഴിഞ്ഞതിനുശേഷം ശേഷം ലയണല്‍ മെസിയെ ഇഷ്ടമല്ലെന്നുമാണ് ജൂലിയന്‍ പാല്‍മിയേരി പറഞ്ഞത്.

‘റൊണാള്‍ഡോ-മെസി ഇവരില്‍ ഏറ്റവും മികച്ച താരം ആരാണെന്ന് പറയാന്‍ ഞാന്‍ വര്‍ഷങ്ങളോളം മടിച്ചുനിന്നു. കഴിഞ്ഞ ലോകകപ്പിനു ശേഷം ലയണല്‍ മെസി ഒരു തോല്‍വിയായി മാറി. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയേക്കാള്‍ വലിയ പരാജിതന്‍ ആണ് അവന്‍. ഞാന്‍ മെസിയെ വളരെയധികം സ്‌നേഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മെസിയെ ഞാന്‍ വളരെയധികം വെറുക്കുന്നു,’ പാല്‍മിയേരി ആര്‍.എം.സി സ്‌പോര്‍ട്ടിന്റെ ബി.എഫ്.എം. ടി.യില്‍ പറഞ്ഞു.

2022ലെ ലോകകപ്പില്‍ ലയണല്‍ മെസി അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ചിരുന്നു. ലോകകപ്പില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും ഗോള്‍ഡന്‍ ബൗള്‍ അവാര്‍ഡ് നേടാനും അര്‍ജന്റീനന്‍ സൂപ്പര്‍ താരത്തിന് സാധിച്ചിരുന്നു.

ഈ സമ്മറിലാണ് മെസി ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ എത്തുന്നത്. താരത്തിന്റെ വരവോടെ മികച്ച മുന്നേറ്റം ആയിരുന്നു മയാമി കാഴ്ചവെച്ചത്.

അരങ്ങേറ്റ സീസണ്‍ തന്നെ മായാമിക്കൊപ്പം ഗംഭീരമാക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി മികച്ച പ്രകടനം നടത്താന്‍ മെസിക്ക് സാധിച്ചു. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് മെസിയുടെ നേതൃത്വത്തില്‍ നേടാനും മയാമിക്ക് കഴിഞ്ഞു.

കഴിഞ്ഞ സീസണില്‍ പി.എസ്.ജിക്കൊപ്പം ലീഗ് വണ്‍ കിരീടനേട്ടത്തിലും മെസി പങ്കാളിയായി. ഈ നേട്ടങ്ങളെല്ലാം മെസിയെ എട്ടാം ബാലണ്‍ ഡി ഓര്‍ നേട്ടത്തില്‍ എത്തിച്ചു.

Content Highlight: Julian Palmieri talks he didn’t like Lionel messi.