| Saturday, 23rd September 2023, 12:32 pm

ജർമൻ ഫുട്ബോളിന് വെളിച്ചമേകാൻ ഇനി പുതിയ പരിശീലകൻ

സ്പോര്‍ട്സ് ഡെസ്‌ക്

ജർമനി ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി ജൂലിയൻ നഗെൽസ്മാനെ നിയമിച്ചു. അടുത്ത വർഷം സ്വന്തം തട്ടകത്തിൽ വെച്ച് നടക്കുന്ന യൂറോകപ്പ്‌ വരെയാണ് പുതിയ പരിശീലകന്റെ കരാർ. ഹാൻസി ഫ്ലിക്കിന്റെ പകരകാരനായാണ് നഗെൽസ്മാൻ ജർമൻ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്.

സമീപകാലങ്ങളിൽ ജർമൻ ഫുട്ബോൾ നിരാശാജനകമായ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഖത്തർ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായതിന് ശേഷം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ടീമിന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ജർമൻ ഫുട്ബോൾ അസോസിയേഷൻ ഹാൻസി ഫ്ലിക്കിനെ പരിശീലകസ്ഥാനത്ത് നിന്നും നീക്കം ചെയ്തത്.

തുടർന്ന് റൂഡി വോളർ ടീമിന്റെ താൽക്കാലിക പരിശീലക സ്ഥാനം ഏറ്റെടുക്കുകയും ഫ്രാൻസിനെതിരായ മത്സരം വിജയിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് പരിശീലകനായി ജൂലിയൻ നഗെൽസ്മാനെ നിയമിക്കുന്നത്.

2021ൽ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ കോച്ച് ആയിരുന്നു നഗെൽസ്മാൻ. എന്നാൽ ക്ലബ്ബിന്റെ ഉള്ളിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ മൂലം നഗെൽസ്മാനെ ബയേൺ പുറത്താക്കുകയായിരുന്നു.

നഗെൽസ്മാന് പകരക്കാരനായി ബയേൺ മ്യൂണിക്കിന്റെ പരിശീലക സ്ഥാനം ഫാൻസി ഫ്ലിക്ക് ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹം ഒറ്റ സീസണിൽ ഏഴ് കിരീടങ്ങൾ ബയേൺ മ്യൂണിക്കിന് നേടിക്കൊടുത്തിരുന്നു. എന്നാൽ ക്ലബ്ബിന് ഒപ്പമുള്ള ഈ മികച്ച പ്രകടനങ്ങൾ ദേശീയ ടീമിനൊപ്പം പുറത്തെടുക്കാൻ സാധിക്കാതെ പോയതാണ് ഫ്ലിക്കിന് തിരിച്ചടിയായത്.

ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്കൊപ്പം നഗെൽസ്മാൻ ഉണ്ടായിരുന്നു. ചെൽസിയുടെ അടുത്ത പരിശീലകനായി നഗെൽസ്മാൻ ചുമതലയേൽക്കും എന്ന വാർത്തകൾ നിലനിന്നിരുന്നു. എന്നാൽ പോച്ചറ്റീനോ ചെൽസിയുടെ പരിശീലകനാവുകയായിരുന്നു. ഇതിനെയെല്ലാം മറികടന്ന് കൊണ്ടായിരുന്നു അദ്ദേഹം ജർമനി ടീമിന്റെ പരിശീലനം ഏറ്റെടുത്തത്.

അടുത്ത വർഷം സ്വന്തം തട്ടകത്തിൽ നടക്കാൻ പോവുന്ന യൂറോ കപ്പിന് മുന്നോടിയായി ടീമിനെ ശക്തമാക്കുക എന്ന വലിയ ലക്ഷ്യമാണ് ജൂലിയൻ നഗെൽസ്മാന്റെ മുന്നിലുള്ളത്. ആതിഥേയരായതിനാൽ ജർമനി നേരിട്ട് യൂറോ കപ്പിലേക്ക് യോഗ്യത നേടിയിരുന്നു.

ഒക്ടോബർ 15ന് അമേരിക്കയ്ക്കെതിരെയും 18ന് മെക്സിക്കോക്കെതിരെയുമാണ് ജർമനിയുടെ ഇനിയുള്ള മത്സരങ്ങൾ.

Content Highlight: Julian Nagelsmann has been appointed as the new coach of the German national football team.

We use cookies to give you the best possible experience. Learn more